Loading ...

Home National

അസമിന് പിന്നാലെ ഹരിയാനയിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍

അസമിന് പിന്നാലെ ഹരിയാനയിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിട്ടയേര്‍ഡ് ജസ്റ്റിസ് എച്ച്‌.എസ് ഭല്ല, മുന്‍ നേവി മേധാവി സുനില്‍ ലാംബ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മനോഹര്‍ലാല്‍ ഖട്ടാര്‍. പാര്‍ട്ടി പരിപാടിയായ മഹാ സമ്ബര്‍ക്ക് അഭിയാന്റെ ഭാഗമായാണ് ഇരുവരുമായും ഖട്ടാര്‍ കൂടിക്കാഴ്ച നടത്തിയത്. രാജ്യ പുരോഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുവരുമായും ചര്‍ച്ച ചെയ്തതെന്ന് ഖട്ടാര്‍ പറഞ്ഞു. റിട്ടയര്‍മെന്റിന് ശേഷവും വിവിധ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തയാളാണ് ജസ്റ്റിസ് ഭല്ല. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഭല്ല. അദ്ദേഹം ഉടന്‍ തന്നെ അസമിലേക്ക് പോകുമെന്നും ഖട്ടാര്‍ വ്യക്തമാക്കി. ഹരിയാനയിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി ഖട്ടാര്‍ വെളിപ്പെടുത്തി. ഇതിന് ഭല്ലയുടെ പിന്തുണയുണ്ടാകുമെന്നും ഖട്ടാര്‍ കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 31നാണ് അസമിലെ ദേശീയ പൗരത്വ പട്ടിക പുറത്തിറക്കിയത്. പട്ടികയില്‍ നിന്ന് 19 ലക്ഷം പേരാണ് പുറത്തായത്. ബി.ജെ.പിയുടെ ജനപ്രതിനിധികളും സൈനികരും അടക്കം പട്ടികയില്‍ നിന്ന് പുറത്തായവരില്‍ ഉള്‍പ്പെടുന്നു.

Related News