Loading ...

Home youth

'ഇന്ത്യയില്‍ നിന്നല്ല, ഇന്ത്യയിലാണ് സ്വാതന്ത്ര്യം വേണ്ടത്'

കനയ്യ കുമാർ ജെ.എൻ.യുവിൽ നടത്തിയ പ്രസംഗത്തിന്‍റെ പൂർണരൂപം


ജെഎന്‍യുവില്‍ ഇന്നിവിടെ  ഒത്തുകൂടിയിരിക്കുന്ന എല്ലാവര്‍ക്കും, അവര്‍ വിദ്യാര്‍ഥിയോ തൊഴിലാളിയോ അധ്യാപകരോ കച്ചവടക്കാരോ കടകളില്‍ തൊഴിലെടുക്കുന്നവരോ ആവട്ടെ, അവര്‍ക്കെല്ലാവര്‍ക്കും ഞാന്‍ എന്റെ വിപ്ലവാഭിവാദ്യങ്ങള്‍ നേരുന്നു. ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന മാധ്യമങ്ങള്‍  വഴി  à´ˆ ദേശത്തുള്ള എല്ലാവര്‍ക്കും,ലോകത്തെമ്പാടുനിന്നും ജെഎന്‍യുവിനോടൊപ്പം നിലകൊണ്ട എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ജെഎന്‍യുവിനൊപ്പം നിന്ന് രോഹിത് വെമുലയ്ക്ക് നീതി ലഭിക്കാന്‍  വേണ്ടി പോരാടിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിന്റെ ഭാഗമായവര്‍ക്കും  രാഷ്ട്രീയ അരാഷ്ട്രീയവാദികള്‍ക്കും  ഞാനീ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ പാര്‍ലമെന്റില്‍ ഇരുന്നു ശരിതെറ്റുകള്‍ നിര്‍ണയിച്ച മഹാനുഭാവന്മാര്‍ക്കും അവരുടെ പൊലീസിനും  അവരുടെ  ചാനലുകള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ആരോടും ഞങ്ങള്‍ക്ക് വെറുപ്പില്ല.എബിവിപിയോടു പോലും. ജെഎന്‍യുവിലെ എബിവിപി പുറത്തുള്ള  എബിവിപിയെക്കാളും യുക്തിയുള്ളവരാണ്. ഇവിടെ  രാഷ്ട്രീയവിചക്ഷണരെന്നു  സ്വയം  നടിക്കുന്നവരോട് ഞാന്‍  കഴിഞ്ഞ  വര്‍ഷത്തെ എബിവിപി സ്ഥാനാര്‍ഥി പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ നടത്തിയ  പ്രസംഗം  ഒന്ന് പോയി കേള്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, എങ്ങനെയാണ്  ഞങ്ങള്‍  à´† പ്രസംഗത്തെ വാദിച്ചു തറ പറ്റിച്ചതെന്നും. ഞങ്ങള്‍  എബിവിപിയെ ശത്രുക്കളായല്ല, മറിച്ച് പ്രതിപക്ഷമായാണ്  കാണുന്നത്. ഇതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ ജനാധിപത്യവാദികളാകുന്നതും.
ശരിയെ  ശരിയായും  തെറ്റിനെ  തെറ്റായും  കാണാന്‍  നമ്മളെ  പഠിപ്പിച്ച ജെഎന്‍യുവിനെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഞാനീ ചെയ്യുന്ന  അഭിവാദ്യം  പോലും എന്റെയുള്ളില്‍  നിന്ന് വരുന്നതാണ്. ഇതാണ് നമ്മളും എല്ലാം  പ്ലാന്‍  ചെയ്തു ചെയ്യുന്ന എബിവിപിയും തമ്മിലുള്ള വ്യത്യാസം. à´ˆ രാജ്യത്തിന്റെ വ്യവസ്ഥിതിയിലും നിയമങ്ങളിലും ഇവിടുത്തെ  നീതിന്യായവ്യവസ്ഥിതിയിലും  എനിക്ക് ഉറച്ച  വിശ്വാസമുണ്ട്. à´ˆ  രാജ്യവും ഇവിടുത്തെ ഭരണഘടനയും ഉറപ്പു തരുന്ന  എല്ലാത്തിനോടും, ജനാധിപത്യം, മതനിരപേക്ഷത, സമത്വം എല്ലാത്തിലും  ഞാന്‍  അടിയുറച്ചു  വിശ്വസിക്കുന്നു.ഞാന്‍  ഇവിടെയിന്നു  ഒരു  പ്രസംഗം  നടത്താന്‍  അല്ല, മറിച്ച് എന്റെ  അനുഭവങ്ങള്‍  നിങ്ങളുമായി  പങ്കുവെയ്ക്കാനാണ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നു സത്യമേവ ജയതേ എന്ന്. എനിക്ക് അങ്ങയോടു പറയാനുള്ളതും  അതു തന്നെയാണ്.' സത്യമേവ ജയതേ'. അതെ, സത്യം  മാത്രമേ  ജയിക്കുകയുള്ളൂ… ഇവിടെയിന്ന് ഒരു വിദ്യാര്‍ഥിയെ  ആണ് ദേശദ്രോഹക്കുറ്റം ചുമത്തി നിങ്ങളൊരു രാഷ്ട്രീയ ഉപകരണമാക്കിയിരിക്കുന്നത്.
à´ˆ സര്‍ക്കാറിന്റെ സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുന്ന  രീതി വളരെ മനോഹരമാണ്. അവര്‍ നിങ്ങള്‍ക്കെതിരെ  വ്യാജവീഡിയോകള്‍ നിര്‍മിക്കും, നിങ്ങള്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തും, മാത്രമല്ല, നിങ്ങളുടെ ചവറ്റുകുട്ടയില്‍  എത്ര കോണ്ടമുണ്ടെന്നു വരെ അവര്‍ എണ്ണിത്തിട്ടപ്പെടുത്തും. പക്ഷെ, ഇപ്പോള്‍ നല്ല സമയമാണ്. ജെഎന്‍യുവിനെതിരെ നടക്കുന്ന à´ˆ അധിനിവേശം ഒക്കുപൈ യുജിസി സമരത്തെ താറടിച്ചു കാണിക്കാനും രോഹിത് വെമുലയ്ക്ക് നീതി തേടിയുള്ള സമരത്തെ വഴിതിരിച്ചുവിടാനുമുള്ള ആസൂത്രിതമായ ഒരു പദ്ധതിയാണോ എന്ന് നാം ഈയവസരത്തില്‍ തന്നെ ആലോചിക്കേണ്ടതുണ്ട്.à´ˆ  പ്രശ്‌നത്തെ  ആദ്യമായി പ്രൈംടൈമില്‍ അവതരിപ്പിച്ച എന്റെ  പ്രിയപ്പെട്ട മുന്‍ ആര്‍എസ്എസ് സുഹൃത്തേ,  നിങ്ങള്‍ക്ക് വേണ്ടിയിരുന്നത് ഒരു കാര്യമാണ്. കള്ളപ്പണം തിരിച്ചുപിടിക്കുക വഴി ഓരോ  ഇന്ത്യക്കാരനും ലഭിക്കേണ്ടിയിരുന്ന പതിനഞ്ചു ലക്ഷം രൂപയുടെ കാര്യം അവരുടെ ഓര്‍മയില്‍ നിന്ന് മായ്ച്ചു കളയുക. പക്ഷെ ഒരു കാര്യം എനിക്ക്  നിങ്ങളോട് പറയാനുണ്ട്. ജെഎന്‍യുവില്‍ അഡ്മിഷന്‍ കിട്ടുക അത്രയെളുപ്പമല്ല, ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നടക്കുന്നതെല്ലാം മറക്കുക  എന്നതും. ഞങ്ങളിതൊക്കെ മറന്നുപോകണമെന്നാണ്‌നിങ്ങള്‍  ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങള്‍ വീണ്ടും വീണ്ടും നിങ്ങളെ അതോര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. കാരണം എപ്പോഴൊക്കെ à´ˆ രാജ്യത്തിന്റെ ആത്മാവിനു നേരെ ആക്രമണം നടന്നിട്ടുണ്ടോ, അപ്പോഴൊക്കെ ജെഎന്‍യുവും പ്രകമ്പനം  കൊണ്ടിട്ടുണ്ട്. ഞങ്ങളുടെ പോരാട്ടത്തിന്റെ വീര്യം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല.
രാജ്യത്തിന്റെ  അതിര്‍ത്തികളില്‍ യുവാക്കള്‍ മരിച്ചുവീഴുന്നു എന്ന് ഒരു ബിജെപി നേതാവ് ലോക്‌സഭയില്‍ പറഞ്ഞു. എല്ലാ ബഹുമാനത്തോടും കൂടി ഞാന്‍ അവരെ സല്യൂട്ട് ചെയ്യുന്നു. എന്നാല്‍ à´† നേതാവിനോട്  ഒരു  കാര്യം  ചോദിക്കാന്‍  ഞാന്‍  ആഗ്രഹിക്കുകയാണ്. à´ˆ രാജ്യത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുന്ന, നമുക്കും à´ˆ സൈനികര്‍ക്കും ഭക്ഷണം  നല്‍കുന്ന, പല സൈനികരുടെയും  പിതാക്കള്‍  തന്നെയായ  കര്‍ഷകരെക്കുറിച്ചു നിങ്ങളെന്തേ ഒന്നും പറയുന്നില്ല? അവരും  à´ˆ  രാജ്യത്തിന്റെ  രക്തസാക്ഷികള്‍ തന്നെയാണ്.എന്റെ അച്ഛന്‍ ഒരു കര്‍ഷകനാണ്, എന്റെ സഹോദരന്‍ ഒരു സൈനികനും. ദയവു ചെയ്ത് നിങ്ങളിത്തരം ദേശസ്‌നേഹികള്‍, ദേശദ്രോഹികള്‍ എന്നിങ്ങനെയുള്ള സ്വത്വങ്ങള്‍ ഉണ്ടാക്കി ഒരു പൊള്ളയായ സംവാദം തുടങ്ങി വെയ്ക്കരുത്. പാര്‍ലമെന്റിലിരുന്നു കൊണ്ട് നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്? മരിച്ചു വീഴുന്ന സൈനികരുടെ  ഉത്തരവാദിത്തം ആര്‍ക്കാണ്? ഞാന്‍ പറയുന്നു, യുദ്ധം ചെയ്യുന്നവരല്ല, അവരെക്കൊണ്ട് യുദ്ധം ചെയ്യിപ്പിക്കുന്നവരാണ് ഇതിനുത്തരവാദികള്‍. ദേശത്തിനുള്ളില്‍ തന്നെയുണ്ടാകുന്ന  പ്രശ്‌നങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് പറയുന്നതാണോ തെറ്റ്? ആരുടെ  അടുത്ത് നിന്നാണ് സ്വാതന്ത്ര്യം  വേണമെന്നാവശ്യപ്പെടുന്നത്? ഭാരതം ആരെയെങ്കിലും അടിമയാക്കി വെച്ചിട്ടുണ്ടോ? എന്നാല്‍ ഞാന്‍ പറയട്ടെ സുഹൃത്തേ, ഇന്ത്യയില്‍ നിന്നല്ല, ഇന്ത്യക്കകത്താണ് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണ്ടത്. ആരാണ് പോലീസ് കോണ്‍സ്റ്റബിളിന്റെ ജോലി ചെയ്യുന്നത്? ദരിദ്ര കുടുംബങ്ങളില്‍ നിന്ന് വരുന്ന, കൃഷിക്കാരുടെയും തൊഴിലാളികളുടെയും മക്കളായ  ചെറുപ്പക്കാര്‍. ഞാനും അവരെപ്പോലെയാണ്. à´ˆ  രാജ്യത്തെ  ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബീഹാറില്‍ നിന്നാണ്  ഞാന്‍  വരുന്നത്. ഞാനും അവരെപ്പോലെ തന്നെ ദരിദ്രകര്‍ഷക കുടുംബാംഗമാണ്.  à´œà´¯à´¿à´²à´¿à´²àµâ€ വെച്ച് അങ്ങനെയുള്ള  ഒരു  പോലീസുകാരന്‍ എന്നോട് ചോദിച്ചു. ' നിങ്ങളെന്തിനാണ്  എപ്പോഴും ലാല്‍സലാമെന്നും ഇന്‍ക്വിലാബ് സിന്ദാബാദ് എന്നുമൊക്കെ പറയുന്നത്'? ഞാന്‍ അദ്ദേഹത്തിന് മറുപടി നല്‍കി ' ലാല്‍ എന്നാല്‍ വിപ്ലവം , വിപ്ലവത്തിന് സലാം എന്നാണുദ്ദേശിക്കുന്നത്. ഇങ്ക്വിലാബ്  എന്നാല്‍  ഉര്‍ദുവില്‍ വിപ്ലവം  എന്നാണര്‍ത്ഥം. ആരില്‍ നിന്നാണ്  സ്വാതന്ത്ര്യം വേണ്ടത്? സംഘടിച്ചേക്കാമെന്ന  നിങ്ങള്‍ ഭയക്കുന്ന à´† ശബ്ദങ്ങളെ, അതിര്‍ത്തിയില്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ ശബ്ദങ്ങളെ, വയലുകളില്‍ ജീവന്‍ തന്നെ മറന്നധ്വാനിക്കുന്നവരുടെ ശബ്ദങ്ങളെ, അല്ലെങ്കില്‍ ജെഎന്‍യുവില്‍ നിന്നുകൊണ്ട് സ്വാതന്ത്ര്യത്തിനു വേണ്ടി ഉയര്‍ത്തുന്ന ശബ്ദങ്ങളെ മൂടിക്കെട്ടാന്‍ നിങ്ങളാഗ്രഹിക്കുന്നു. ഞാന്‍  നിങ്ങളോട് പറയുന്നു, ലെനിന്‍ പറഞ്ഞു, 'ജനാധിപത്യം സോഷ്യലിസത്തിന്  ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്' ഇതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത്, അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് ഒരു പ്യൂണിന്റെ മകനും രാഷ്ട്രത്തലവന്റെ മകനും  ഒരുമിച്ച് ഒരു സ്‌കൂളില്‍ പഠിക്കാന്‍ കഴിയണമെന്ന് ഞങ്ങള്‍ പറയുന്നത്.ഞങ്ങളാവശ്യപ്പെടുന്ന സ്വാതന്ത്ര്യം പട്ടിണിമരണങ്ങളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നുമുള്ള  സ്വാതന്ത്ര്യമാണ്. ചൂഷണത്തില്‍ നിന്നും അക്രമത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ്. à´ˆ രാജ്യത്തുള്ള ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും മറ്റെല്ലാവര്‍ക്കും വേണ്ടി ഞങ്ങളാ സ്വാതന്ത്ര്യം നേടിയെടുക്കും. ഇതേ വ്യവസ്ഥിതി വഴി, ഇതേ പാര്‍ലമെന്റ് വഴി, ഇതേ നീതിന്യായവ്യവസ്ഥിതി വഴി! ഇതായിരുന്നു ബാബസാഹെബ് അംബേദ്കറിന്റെ സ്വപ്നം. ഇത് തന്നെയായിരുന്നു രോഹിത് വെമുലയും കണ്ട സ്വപ്നം. അതെ, നിങ്ങള്‍ കൊന്ന രോഹിത്, നിങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ച à´† പ്രക്ഷോഭവും. അതിപ്പോള്‍ എത്രത്തോളം വലുതായെന്നു നോക്കൂ.…ജയിലിലായിരുന്നപ്പോള്‍ ഒരു സ്വയം വിമര്‍ശനം  നടത്താന്‍ എനിക്ക് സാധിച്ചു. നമ്മള്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍  കടുകട്ടിപ്രയോഗങ്ങള്‍ മാത്രം നിറഞ്ഞ ഭാഷയിലൂടെ സംവദിക്കുന്നവരാണ്. എന്നാല്‍ നമ്മളീ പറയുന്നത് സാധാരണക്കാര്‍ക്ക് മനസിലാവില്ല, അതവര്‍ക്ക് ബുദ്ധിയില്ലാത്തതുകൊണ്ടല്ല. à´ˆ വാചാടോപം അവര്‍ക്ക് പരിചയമില്ലാഞ്ഞിട്ടാണ്. പക്ഷെ ഇതിനുപകരം അവരുടെ കയ്യില്‍ എത്തുന്നതെന്താണ് ? ഒരു ആധികാരികതയുമില്ലാത്ത ഒരു കൂട്ടം വാട്‌സാപ്പ് ഫോര്‍വേഡുകള്‍. ജയിലില്‍ നിന്ന് എനിക്ക് രണ്ടു പാത്രങ്ങള്‍ ലഭിച്ചു. ഒന്ന് നീല നിറത്തില്‍, രണ്ടാമത്തേത് ചുമന്ന നിറത്തിലും. ഞാന്‍ ഇരുത്തി ചിന്തിച്ചു. എനിക്ക് വിധിയില്‍ വിശ്വാസമില്ല. ദൈവത്തെ എനിക്കറിയുക പോലുമില്ല. പക്ഷെ à´ˆ രാജ്യത്ത് നല്ലതെന്തോ നടക്കാന്‍ പോകുന്നു എന്നെനിക്ക് തോന്നിത്തുടങ്ങി. à´† നീലനിറമുള്ള പാത്രത്തില്‍ ഞാന്‍ അംബേദ്കറുടെ പ്രസ്ഥാനത്തെയാണ് കണ്ടത്. ചുവന്ന  പാത്രത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും.ആദരണീയ പ്രധാനമന്ത്രിജി, ഇന്ന് അങ്ങ് സ്റ്റാലിനെക്കുറിച്ചും ക്രൂഷ്‌ചെവിനെക്കുറിച്ചും സംസാരിക്കുന്നത് കേട്ടു. à´† ടിവിയുടെ ഉള്ളിലേക്ക് കയറിച്ചെന്നു അങ്ങയോട് 'ഹിറ്റ്‌ലെറിനെക്കുറിച്ചു കൂടി ഒന്ന് സംസാരിക്കണേ' എന്ന് പറയാന്‍ ഞാന്‍ ഒത്തിരി ആഗ്രഹിച്ചു. നിങ്ങളുടെ ഗുരുവായ ഗോള്‍വാള്‍ക്കര്‍ നേരില്‍ ചെന്ന് കണ്ട മുസ്സോളിനിയെക്കുറിച്ചുകൂടി നിങ്ങളെന്തെങ്കിലും പറയണേ എന്ന് ഞാന്‍ ആഗ്രഹിച്ചു. നിങ്ങള്‍ 'മന്‍ à´•à´¿ ബാത്' നടത്താറല്ലേയുള്ളൂ, കേള്‍ക്കാറില്ലല്ലോ. ജയിലില്‍ നിന്ന് വന്ന ശേഷം ഞാന്‍ എന്റെ അമ്മയോട് സംസാരിച്ചു, ഏകദേശം മൂന്നു മാസങ്ങള്‍ക്ക്  ശേഷം. അമ്മ പറഞ്ഞു. മോദിജിയും ഒരമ്മയുടെ മകനാണ്. എന്റെ മകനെയോ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുകയും. 'മന്‍ à´•à´¿ ബാത്'നടത്തുന്ന അദ്ദേഹത്തിന് ഇടയ്ക്ക് 'മാ à´•à´¿ ബാത്' കൂടി നടത്തിക്കൂടെ. ഇതിനു  മറുപടി പറയാന്‍ എന്റെ കയ്യില്‍ വാക്കുകളില്ലായിരുന്നു. à´ˆ രാജ്യത്തിനുള്ളില്‍ ഇപ്പോള്‍ കാണുന്നത് വളരെയധികം ആപല്‍കരമായ പ്രവണതകളാണ്. ഇതുകൊണ്ടാണ് ഞാന്‍ ഒരു പാര്‍ട്ടിയെക്കുറിച്ച് മാത്രം സംസാരിക്കാത്തത്. ഒരു പ്രത്യേക ടിവി ചാനലിനെക്കുറിച്ചു മാത്രം സംസാരിക്കാത്തത്. ഞാന്‍ മുഴുവന്‍ രാജ്യത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. അവിടുത്തെ എല്ലാ ജനങ്ങളെക്കുറിച്ചും. à´ˆ പ്രശ്‌നത്തില്‍ ജെ എന്‍ യുവിനോടൊപ്പം നിന്ന എല്ലാവരെയും വീണ്ടും വീണ്ടും നമ്മള്‍ സല്യൂട്ട് ചെയ്യണം. ജെഎന്‍യു എന്ന് പറയുന്നത് സംവരണനയം നടപ്പിലാക്കുന്ന , ഇനി അതിലെന്തെങ്കിലും പിഴവുകള്‍ ഉണ്ടെങ്കില്‍ത്തന്നെ അതു നേടിയെടുക്കാന്‍ സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ഒരു മാതൃകാ വിദ്യാഭ്യാസകേന്ദ്രമാണ്.ഇവിടെ വരുന്ന പല വിദ്യാര്‍ത്ഥികളും സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്നവരാണ്. ഞാന്‍ à´ˆ കാര്യം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല, നിങ്ങള്‍ അറിയാന്‍ വഴിയില്ല, എന്റെ കുടുംബം മുഴുവന്‍ ഒരുമാസം ജീവിക്കുന്നത് 3000 രൂപ കൊണ്ടാണ്. എനിക്ക് മറ്റുള്ള വലിയ സര്‍വകലാശാലകളില്‍ പിഎച്ച്ഡി ചെയ്യാന്‍ പറ്റുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. ഇങ്ങനെയുള്ള  ഒരു സര്‍വകലാശാലക്ക് നേരെ ആക്രമണം വന്നപ്പോള്‍ അതോടൊപ്പം നിന്ന എല്ലാവര്‍ക്കുമെതിരെയും ദേശദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പക്ഷം പിടിച്ചല്ല ഞാനിതു പറയുന്നത്. എനിക്ക് എന്റേതായ പ്രത്യയശാസ്ത്രമുണ്ട്. സീതാറാം യെച്ചൂരിക്കെതിരെ ദേശദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നു. രാഹുല്‍ ഗാന്ധിക്കും à´¡à´¿ രാജയ്ക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരെ കേസ് എടുത്തിരിക്കുന്നു. ഇവരൊന്നും ജെഎന്‍യുവിന്റെ പക്ഷം പിടിച്ചവരല്ല, മറിച്ച് ശരിയെ ശരി എന്നും തെറ്റിനെ തെറ്റെന്നുതന്നെയും വിവേചിച്ചറിഞ്ഞവരാണ്. ഇവര്‍ക്കെതിരെ പുലഭ്യം പറച്ചിലുകള്‍ തുടരുന്നു. വധഭീഷണികള്‍ കൂടിവരുന്നു. ഇതെന്തുതരം സ്വയംപ്രഖ്യാപിത ദേശീയതയാണ് സുഹൃത്തുക്കളെ? à´ˆ രാജ്യത്തെ 69 ശതമാനം ആള്‍ക്കാരും നിങ്ങള്‍ക്കെതിരെയാണ് വോട്ട് ചെയ്തിരിക്കുന്നത്. എപ്പോഴും നിങ്ങളുടെ ഭാഗത്താവും ജയമെന്നു കരുതരുത്. ഒരു നുണ തന്നെ നൂറുവട്ടം പറഞ്ഞാല്‍ സത്യമാകുമെന്നും കരുതരുത്. സൂര്യനെ നൂറുവട്ടം ചന്ദ്രന്‍ എന്ന് ആവര്‍ത്തിച്ചു പറഞ്ഞതുകൊണ്ടോന്നും അതോരിക്കലും ചന്ദ്രനാവില്ല. നിങ്ങള്‍ക്ക് സത്യത്തെ കള്ളമാക്കാനും കഴിയില്ല.  à´ªàµà´¤à´¿à´¯ പുതിയ അജണ്ടകളാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. യുജിസിക്കെതിരായ പ്രക്ഷോഭം നടക്കുമ്പോള്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ രോഹിത് വെമുലയെ നിങ്ങള്‍ കൊല്ലാക്കൊല ചെയ്തു കൊന്നു. അതിനെതിരായ പ്രക്ഷോഭം ശക്തിപ്പെട്ടപ്പോഴേക്കും ഇതാ വരുന്നു അടുത്തത്. 'ജെഎന്‍യു!! ദേശദ്രോഹികളുടെ താവളം'. പക്ഷെ ഇതും അധിക കാലം ഓടില്ല.. അടുത്തതായി ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ നിങ്ങള്‍ രാം മന്ദിര്‍ നിര്‍മിക്കാനുള്ള ഒച്ചപ്പാട് തുടങ്ങും. ആര്‍എസ്എസിന്റെ മുഖപത്രം ജെഎന്‍യുവിനെ അവഹേളിച്ചു ഒരുപാട് എഴുതുകയുണ്ടായി. ഇവിടെയുള്ള എബിവിപി പ്രവര്‍ത്തകരോട് എന്റെ വിനീതമായ അപേക്ഷയാണ്, ദയവു ചെയ്ത് ഇത്രയുമൊക്കെ എഴുതിയ à´† സ്വാമിജിയെ ജെഎന്‍യുവിലെക്ക് കൊണ്ട് വരിക. എനിക്ക് ജനാധിപത്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. നമുക്ക് ഇവിടെയിരുന്നു മുഖാമുഖം നോക്കി ചര്‍ച്ച നടത്താം. തികച്ചും ആരോഗ്യപരമായ ചര്‍ച്ച. അതിന്റെ അവസാനം എന്തുകൊണ്ട് 4 മാസത്തേക്ക് ജെഎന്‍യു അടച്ചുപൂട്ടണം എന്ന് നിങ്ങള്‍ക്ക് യുക്തിയുക്തം തെളിയിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ഞാന്‍ അതിനോട് യോജിക്കാം. മറിച്ചാണെങ്കില്‍, നിങ്ങളീ ദേശത്തില്‍ നിന്ന് പുറത്തുപോകണം. ഇവരൊക്കെ ഒന്നും ആലോചിക്കാതെയാണ് ഓരോന്ന് ചെയ്തുകൂട്ടുന്നത്. ഇവരുടെ പരിപാടികള്‍ക്കൊക്കെ ഒരൊറ്റ പോസ്റ്റര്‍ ആയിരിക്കും. അതിന്റെ ഡിസൈനിലോ ഉള്ളടക്കത്തിലോ ഒന്നും ഒരു മാറ്റവും വരുത്താതെ ഹിന്ദു ക്രാന്തി സേനയും എബിവിപിയും എക്‌സ് ആര്‍മിമെന്‍ അസോസിയേഷനും ഉപയോഗിക്കും. ഇതിന്റെയൊക്കെ ബുദ്ധികേന്ദ്രം നാഗ്പൂരില്‍ നിന്നാണെന്ന് ഏതൊരു സാധാരണക്കാരനും മനസിലാക്കാം. à´šà´¿à´² കാര്യങ്ങളുണ്ട്. അസ്വസ്ഥതയുണര്‍ത്തുന്ന à´šà´¿à´² സത്യങ്ങള്‍. à´šà´¿à´² ശ്രമങ്ങള്‍. à´ˆ രാജ്യത്തിനകത്തു നിന്നുയരുന്ന പ്രതിഷേധത്തിന്റെ സ്വരങ്ങളെ അടിച്ചമര്‍ത്താന്‍, ഈരാജ്യത്തെ സാധാരണക്കാരന്റെ ജീവിതപ്രശ്‌നങ്ങളെ ജനശ്രദ്ധയില്‍ നിന്നകറ്റാന്‍, നമ്മുടെ കാമ്പസിനുള്ളില്‍ പോരാടുന്ന ഉമറിനെയും അനിര്‍ബനെയും അശുതോഷിനെയും ആനന്ദിനെയും കനയ്യയെയും ഇവിടെയുള്ള മറ്റെല്ലാവരെയും ദേശദ്രോഹിയെന്നു ചാപ്പകുത്തി അടിച്ചമര്‍ത്താന്‍, ജെഎന്‍യുവിനെ താറടിച്ചു കാണിക്കാന്‍, à´ˆ സമരത്തെ ഇല്ലായ്മ ചെയ്യാന്‍. പക്ഷെ ഞാന്‍ നിങ്ങളോട് പറയുന്നു, à´ˆ സമരത്തെ നിങ്ങള്‍ക്കൊരിക്കലും തകര്‍ക്കാന്‍ കഴിയില്ല.നിങ്ങളെത്രത്തോളം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ഞങ്ങള്‍ വീണ്ടും വീണ്ടും à´ˆ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതൊരു നീണ്ട പോരാട്ടമാണ് സഖാക്കളെ. ഒരിക്കല്‍പോലും നില്‍ക്കാതെ, തല കുനിക്കാതെ, ശ്വാസം കഴിക്കാതെ à´ˆ പോരാട്ടത്തെ നമുക്ക് മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. പുറത്തു à´ˆ രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന എബിവിപിക്കും ആര്‍എസ്എസിനും ബിജെപിക്കുമെതിരെ നമ്മള്‍ നില കൊള്ളും. ജെഎന്‍യു നില കൊള്ളും. ചരിത്രം നില കൊള്ളും. ഒക്കുപൈ യുജിസി സമരം തുടങ്ങി വെച്ച, രോഹിത് വെമുല തുടങ്ങി വെച്ച, നമ്മളെല്ലാവരും à´ˆ രാജ്യത്തിനകത്തെ സാധാരണക്കാര്‍ ഒന്നടങ്കവും തുടങ്ങി വെച്ച à´ˆ പോരാട്ടം നമ്മള്‍ തുടരുക തന്നെ ചെയ്യും. എനിക്കതില്‍ പൂര്‍ണവിശ്വാസമുണ്ട്.
ഇന്നിവിടെ  ഒത്തു ചേര്‍ന്നിരിക്കുന്ന എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു നന്ദി,
ഇങ്ക്വിലാബ് സിന്ദാബാദ്..!!
വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്..!!
സാമൂഹ്യനീതി സിന്ദാബാദ്…!!
നമ്മള്‍ പോരാടും, നമ്മള്‍ വിജയിക്കും

Related News