Loading ...

Home National

ദേശീയ കായിക ദിനത്തില്‍ ഫിറ്റ് ഇന്ത്യ മൂവ്മെന്റുമായി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ദേശീയ കായിക ദിനമായ ഇന്ന് പുതിയൊരു പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാ പൗരന്‍മാരേയും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി ആരംഭിക്കുന്ന 'ഫിറ്റ് ഇന്ത്യ മൂവ്മെന്റ്' ആണ് ഇന്ന് തുടക്കം കുറിക്കുന്ന പദ്ധതി. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ശാരീരികക്ഷമതാ പ്രതിജ്ഞയെടുക്കും. അതേസമയം രാജ്യത്തെ എല്ലാ പൗരന്‍മാരേയും പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെ ഓഗസ്റ്റ് 25-നാണ് പദ്ധതിയുടെ പ്രചാരണം തുടങ്ങിയത്. ലോക ബാഡ്മിന്റണ്‍ ജേതാവ് പി.വി.സിന്ധു, സ്പ്രിന്റര്‍ ഹിമാദാസ്, ഗുസ്തി താരങ്ങളായ ബജ്റങ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങള്‍ പദ്ധതിയുടെ പ്രചാരണത്തില്‍ പങ്കാളികളായിരുന്നു. ദൈനംദിന ജീവിതത്തിനിടയില്‍ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ട നുറുങ്ങുകള്‍ പ്രധാനമന്ത്രി പരിപാടിയില്‍ നല്‍കുമെന്ന് കേന്ദ്ര കായിക സെക്രട്ടറി ആര്‍.എസ്.ജുലാനിയ പറഞ്ഞു. ഇതൊരു പ്രചാരണമല്ല ഒരു മുന്നേറ്റമാണ്. ദൈനംദിന പ്രവൃത്തികള്‍ക്കിടയില്‍ ചെയ്യാന്‍ കഴിയുന്ന ലളിതമായ ആശയങ്ങളാണ് മുന്നോട്ട് വെക്കുന്നത്. സ്വയം ആരോഗ്യത്തോടെയിരിക്കാന്‍ നിങ്ങള്‍ക്ക് ജിമ്മിന്റെ ആവശ്യമൊന്നും ഇല്ല. പടികള്‍ കയറുക, കളിക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങള്‍ ചെയ്താല്‍ മതി. പരമാവധി ആളുകള്‍ ഇതിനോട് സഹകരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെയടക്കം രാജ്യത്തെ നിരവധി സ്‌കൂളുകളിലും കോളേജുകളും പരിപാടിയുടെ ലൈവ് ടെലികാസ്റ്റിംഗ് നടക്കും

Related News