Loading ...

Home National

ബാഹ്യഇടപെടല്‍ വേണ്ടെന്ന് മോദി; ഇടപെടാനില്ലെന്ന് ട്രംപ്

ബിയാറിറ്റ്സ് (ഫ്രാന്‍സ്): കശ്മീര്‍ ഉഭയകക്ഷി പ്രശ്നമാണെന്നും ഇന്ത്യക്കും പാകിസ്ഥാനും തന്നെ ഇത് പരിഹരിക്കാന്‍ സാധിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്‍റും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ട്രംപിന്‍റെ പ്രസ്താവന. കശ്മീര്‍ പ്രശ്നത്തില്‍ ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ധരിപ്പിച്ചു. കശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മോദി തന്നോട് പറഞ്ഞു.അമേരിക്ക ഇന്ത്യയുടെയും പാകിസ്താന്‍റെയും നല്ല സുഹൃത്താണ്. കശ്മീര്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അഭിപ്രായ ഭിന്നതകള്‍ക്ക് ഇന്ത്യയും പാകിസ്താനും ഉടന്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. പാകിസ്ഥാനും ഇന്ത്യയ്ക്കുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും ഞങ്ങള്‍ക്കിടയില്‍ തന്നെയുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ മറ്റൊരു രാജ്യത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. - ട്രംപിനൊപ്പം മാധ്യമങ്ങളെ കണ്ട മോദി പറ‍ഞ്ഞു. 1947-ന് മുന്‍പ് ഇന്ത്യയും പാകിസ്ഥാനും ഒന്നായിരുന്നു. ഞങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അതു ഒന്നിച്ചു നിന്ന് പരിഹരിക്കാനും ഞങ്ങള്‍ക്കാവും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്നമാണ് മറ്റ് രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ട - മോദി കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ വിഷയം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ട്രംപ് ഒന്നിലേറെ തവണ നേരത്തെ വ്യക്തമാക്കിയിരുന്നു. മോദിയും പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനും കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തന്നോട് അഭ്യര്‍ഥിച്ചുവെന്നും ട്രംപ് പറഞ്ഞിരുന്നു. ജി7 പ്രത്യേക ക്ഷണിതാവായി എത്തിയാണ് മോദി യു.എസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയത്.

Related News