Loading ...

Home National

ജമ്മു കശ്മീര്‍ വിഷയത്തില്‍ സംസാരിക്കുമ്ബോള്‍ മാന്യത പുലര്‍ത്തണം; ഇമ്രാന്‍ ഖാന് ട്രംപിന്റെ മുന്നറിയിപ്പ്; മോഡിയുമായി യു എസ് പ്രസിഡന്റ് സംസാരിച്ചത് 30 മിനിറ്റ്

ന്യൂഡല്‍ഹി:  ജമ്മു കശ്മീര്‍ വിഷയത്തില്‍ സംസാരിക്കുമ്ബോള്‍ മാന്യത പുലര്‍ത്തണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ട്രംപ് ഫോണില്‍ സംസാരിച്ചു.

തിങ്കളാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്രംപുമായി ഫോണില്‍ സംഭാഷണം നടത്തിയത്. അരമണിക്കൂറോളം ടെലിഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷമാണ് ട്രംപ് ഇമ്രാന്‍ ഖാനെ ഫോണില്‍ വിളിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ട്രംപ് ഇമ്രാന്‍ ഖാനുമായി ചര്‍ച്ച നടത്തുന്നത്. കശ്മീര്‍ വിഷയം യുഎന്‍ രക്ഷാ സമിതിയില്‍ ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുമ്ബായിരുന്നു ആദ്യ ചര്‍ച്ച. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ നേതാക്കള്‍ മാന്യതയില്ലാത്തതും ഇന്ത്യാവിരുദ്ധവുമായ പ്രസ്താവനകള്‍ തുടരുന്നുവെന്ന് മോഡി ട്രംപിനോട് പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ട്രംപിന്റെ നിര്‍ണായക നീക്കം. ഇന്ത്യയുമായുള്ള സാമ്ബത്തിക സഹകരണം വര്‍ധിപ്പിക്കാമെന്ന് ട്രംപ് മോഡിക്ക് ഉറപ്പുനല്‍കുകയും ചെയ്തു.

കശ്മീര്‍ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും നിലവിലെ പ്രശ്നങ്ങള്‍ വഷളാക്കരുതെന്നും ട്രംപ് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കശ്മീരില്‍ നിലവില്‍ സങ്കീര്‍ണമായ പ്രശ്നങ്ങളാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇത് പരിഹരിച്ച്‌ സമാധാനത്തോടെ മുന്നോട്ട് പോകണമെന്ന് ഇരുനേതാക്കളോടും ആവശ്യപ്പെട്ടതായും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

അതേസമയം, അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഇന്ത്യയില്‍ എന്തൊക്കെ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മോഡി ട്രംപുമായി സംസാരിച്ചത്. മേഖലയിലെ സമാധാനം തകര്‍ക്കുന്നതിന് ചില മാധ്യമങ്ങളും നേതാക്കളും പ്രവര്‍ത്തിക്കുന്നതായും മോഡി ചൂണ്ടിക്കാണിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിവന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. ആഭ്യന്തരമന്ത്രി അമിത് ഷായാണ് വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് അമിത് ഷാ വിഷയം അവതരിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ലോക്‌സഭയിലും പ്രമേയം പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞു.

ഇതിന് പിന്നാലെ സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമടക്കം നിയന്ത്രിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവ അടച്ചിടുകയും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു.

എന്നാല്‍ കശ്മീരിന്റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കിയെങ്കിലും ഇപ്പോഴും താഴ്വര സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ആഗസ്റ്റ് അഞ്ചു മുതല്‍ സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നാലായിരം പേരെ അറസ്റ്റ് ചെയ്തതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കുറ്റം ചുമത്താതെയും വിചാരണ ഇല്ലാതെയും ആരെയും രണ്ട് വര്‍ഷം വരെ തടവിലാക്കാവുന്ന വിവാദ നിയമമായ പബ്ലിക് സേഫ്റ്റി ആക്‌ട് പ്രകാരമാണ് അറസ്റ്റ്.

ശ്രീനഗര്‍ സെന്‍ട്രല്‍ ജയില്‍ ഉള്‍പ്പെടെയുള്ള ജയിലുകള്‍ നിറഞ്ഞതിനാല്‍ ഇവരില്‍ അധികം പേരെയും മിലിട്ടറി വിമാനങ്ങളില്‍ കശ്മീരിന് പുറത്തേക്ക് മാറ്റിയതായും വിവരമുണ്ട്. എന്നാല്‍ കശ്മീര്‍ സമാധാനപരമാണെന്നും തീരുമാനത്തില്‍ ജനങ്ങളെല്ലാം തൃപ്തരാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

Related News