Loading ...

Home National

കര്‍ണാടകയില്‍ യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു ; മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ അടക്കം 17 മന്ത്രിമാര്‍

ബംഗലൂരു : കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ വികസിപ്പിച്ചു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ 17 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പുതിയ മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. യെദ്യൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റ് 25 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍ അശോക്, കെ എസ് ഈശ്വരപ്പ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു. മുന്‍മന്ത്രി ബി ശ്രീരാമുലു, മുതിര്‍ന്ന നേതാക്കളായ സിടി രവി, ബസവരാജ ബൊമ്മെ, അശ്വന്ത് നാരായണ്‍, സ്വതന്ത്ര എംഎല്‍എയായ എച്ച്‌ നാഗേഷ് എന്നിവര്‍ മന്ത്രിമാരായിട്ടുണ്ട്. ഗോവിന്ദ് മുഖ്തപ്പ കരജോള്‍, ലക്ഷ്മണ്‍ സംഗപ്പ സാവഡി, എസ് സുരേഷ്‌കുമാര്‍, വി സോമണ്ണ, കോട്ട ശ്രീനിവാസ് പൂജാരി, ജെ സി മധുസ്വാമി, ചന്ദ്രകാന്തഗൗഡ ചിന്നപ്പഗൗഡപാട്ടീല്‍, പ്രഭു ചൗഹാന്‍, ശ്രീമതി ജോലെ ശശികല അണ്ണാസാഹിബ് എന്നിവരാണ് മറ്റുമന്ത്രിമാര്‍.
സംസ്ഥാനത്ത് ഒറ്റയാള്‍ ഭരണമാണെന്ന് ആരോപിച്ച്‌ പ്രതിപക്ഷം രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭാവികസനം. ജൂലായ് 26നാണ് ബി എസ് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റത്. നിയമസഭയുടെ അംഗബലം അനുസരിച്ച്‌ മുഖ്യമന്ത്രി അടക്കം 34 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. മൂന്നുതവണ തുടര്‍ച്ചയായി വിജയിച്ച 56 ഓളം മുതിര്‍ന്ന നേതാക്കള്‍ മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. അതിനിടെ, സഖ്യസര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കി എംഎല്‍എ.സ്ഥാനം രാജിവെച്ച 17 പേര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കര്‍ അയോഗ്യരാക്കിയതിനെതിരേ ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് യെദ്യൂരപ്പ ഇവര്‍ക്ക് ഉറപ്പുനല്‍കി. ഇവര്‍ക്കായി പത്ത് മന്ത്രിസ്ഥാനം ഒഴിച്ചിടാന്‍ ബി ജെ പി തീരുമാനിച്ചിട്ടുണ്ട്. 17 എംഎല്‍എമാരെ അയോഗ്യരാക്കിയതിനാല്‍ ആറുമാസത്തിനകം ഇവരുടെ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. ഇതില്‍ പത്തെണ്ണത്തില്‍ വിജയിക്കാനായില്ലെങ്കില്‍ ബിജെപിക്ക് സര്‍ക്കാരിനെ നിലനിര്‍ത്താനാവില്ല. സുരക്ഷിതമായ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ജെഡിഎസില്‍നിന്നും കൂടുതല്‍ എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. ജെഡിഎസിലുള്ള 12 എംഎല്‍എമാരുമായി ബിജെപി ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Related News