Loading ...

Home Kerala

ശ്രീറാം വെങ്കിട്ടരാമനെ ട്രോമ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം

തിരുവനന്തപുരം: വാഹനമിടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ റിമാന്‍റിലായ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമ ഐസിയുവില്‍ തുടര്‍ന്നിരുന്ന ശ്രീറാം വെങ്കിട്ടരാമനെ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനം. മെഡിക്കല്‍ ബോര്‍ഡാണ് തീരുമാനം എടുത്തത്. ആരോഗ്യ നില മെച്ചപ്പെട്ടെന്ന് വിലയിരുത്തിയാണ് വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നാണ് വിവരം. കെഎം ബഷീറിനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍റിലായിട്ടും ശ്രാറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ന്നതും, വിവാദങ്ങള്‍ക്ക് ഒടുവില്‍ പൂജപ്പുര ജയിലിലേക്ക് അയച്ച ശ്രീറാമിനെ അതേ രാത്രി തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും എല്ലാം വലിയ വാര്‍ത്തയായിരുന്നു. സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് ശ്രീറാമിനെ വീണ്ടും ട്രോമാ ഐസിയുവില്‍ ആക്കിയിരുന്നത്. കേസില്‍ ശ്രീറാം വെങ്കിട്ടരാമന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തരമായി ജാമ്യം റദ്ദാക്കാന്‍ പറ്റില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. മാത്രമല്ല അപകടമുണ്ടാക്കി മണിക്കൂറുകള്‍ക്ക് ശേഷവും രക്തപരിശോധന പോലും നടത്താന്‍ തയ്യാറാകാതെ തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നതിന് പൊലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനവും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി.

Related News