Loading ...

Home National

കാശ്മീര്‍: നേതാക്കള്‍ തടങ്കലില്‍ തന്നെ; ഒറ്റപ്പെട്ട സംഘര്‍ഷമെന്ന് റിപ്പോര്‍ട്ട്; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം നടന്ന മാര്‍ച്ച്‌ 27നാണ് അവസാനമായി മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ജമ്മു കാശ്മീരിന്റെ സ്വയംഭരണ പദവി നീക്കം ചെയ്തതിനു പിന്നാലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇനിയും നീക്കിയില്ല. ഇന്റര്‍നെറ്റ്, മറ്റ് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവയൊന്നും പുനസ്ഥാപിച്ചിട്ടുമില്ല. ജനങ്ങള്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. അധികമാരും പുറത്തിറങ്ങാതെ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെല്ലാം കരുതല്‍ തടങ്കലില്‍ തുടരുകയാണ്. ഇതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരിലെത്തുകയും ജനങ്ങളുമായി സംസാരിക്കാന്‍ ശ്രമിക്കുകയും ഉന്നതതല യോഗം ചേരുകയും ചെയ്തു. കശ്മീരിലെ ജനങ്ങളില്‍ ചിലരുമായും സൈനികരുമായും അദ്ദേഹം സംസാരിച്ചു. അതെസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇന്ന് കശ്മീരിലെത്തും. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം സംവദിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തെ ശ്രീനഗറില്‍ നിന്നും തിരിച്ചയയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പിഡിപി എംപിമാരോട് രാജിവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വീട്ടുതടങ്കലില്‍നിന്ന് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുന്നതിനിടെയാണ് എം പിമാര്‍ക്ക് രാജിവെയ്ക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. പിഡിപിയ്ക്ക് രണ്ട് രാജ്യസഭ എംപിമാരാണുള്ളത്. കാശ്മീര്‍ വിഭജനത്തിനായുള്ള ബില്ല് അവതരിപ്പിച്ചപ്പോള്‍ എം പിമാരായ മിര്‍ ഫായസും നാസിര്‍ അഹമ്മദ് ലാവെയും ഭരണഘടന കീറി കളയാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ രണ്ടുപേരെയും രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സഭയില്‍നിന്ന് വാച്ച്‌ ആന്റ് വാര്‍ഡ് നീക്കം ചെയ്യുകയായിരുന്നു. രാജ്യത്തിന്റെ നേതൃത്വം എല്ലാം സൈനികരുടെ കൈകളില്‍ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് അജിത് ഡോവല്‍ സൈനികരോട് സംസാരിക്കവെ വ്യക്തമാക്കി. സൈന്യത്തിന്റെ ശേഷിയിലും മൂല്യബോധത്തിലും രാജ്യം പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷോപിയാന്‍ ജില്ലയിലാണ് അജിത് ഡോവല്‍ സന്ദര്‍ശനം നടത്തിയത്. കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഇടമാണിത്. അതിനിടെ നാനൂറോളം പേരെ ഇന്നലെ സുരക്ഷ സൈന്യം കസ്റ്റഡിയിലെടുത്തതായി പിടിഐ റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ കോളെജ് അധ്യാപകനും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളിലും വിഘടന വാദ സംഘടനകളിലും പെട്ട ആളുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ സൈന്യം പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ 17 കാരന്‍ ഝലം നദിയില്‍ ചാടി മരിച്ചു. അതെസമയം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കശ്മീരുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണിത്. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം നടന്ന മാര്‍ച്ച്‌ 27നാണ് അവസാനമായി മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. സ്വാതന്ത്ര്യദിനത്തിലെ അഭിസംബോധനയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത് എന്നിരിക്കെ അതിനു മുമ്ബായി നടക്കുന്ന ഈ പ്രസംഗം കശ്മീര്‍ സംബന്ധിയാണെന്നത് ഏതാണ്ട് ഉറപ്പാണ്. കാശ്മീര്‍ വിഭജനത്തെയും ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിനെയും എതിര്‍ത്ത് പാകിസ്താനും ചൈനയും രംഗത്തു വന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നതും പ്രധാനമാണ്.

Related News