Loading ...

Home youth

അരങ്ങിലേക്കു നടന്ന പെണ്‍ദൂരങ്ങള്‍ by വി കെ ജോബിഷ്

നാടകത്തിന്റെ ഇന്നോളമുള്ള പെണ്‍ചരിത്രത്തിന്റെ ഭൂതവും ഭാവിയും നിര്‍ണയിച്ച സമകാലികമുഖങ്ങളിലൊന്നാണ് സജിത മഠത്തിലിന്റേത്. തന്നിലെയും അരങ്ങിലെയും സ്ത്രീശക്തിയുടെ മുഴുവന്‍ വീര്യം വീണ്ടെടുത്തവള്‍. മലയാള മുഖ്യധാരാ നാടകചരിത്രം പുരുഷന്റെ നിഴല്‍വെട്ടങ്ങളായിപ്പോലും രേഖപ്പെടുത്താതെ വിജനമായ ഇരുട്ടിലുപേക്ഷിച്ച പെണ്ണനുഭവങ്ങളെ വാമൊഴിപ്പാഠത്തിന്റെ സാധ്യതകളുപയോഗിച്ച് ബദല്‍ ചരിത്രം നിര്‍മിച്ചവള്‍. അരങ്ങിലെ സ്ത്രീ സജിതയോട് കടപ്പെട്ടിരിക്കുന്നു. മാത്രമല്ല, സ്വന്തം ഇച്ഛക്കനുസരിച്ച് ജീവിതത്തെ രൂപപ്പെടുത്തുന്നതാണ് വ്യവസ്ഥക്കെതിരെ ഒരാള്‍ നടത്തുന്ന ഏറ്റവും സര്‍ഗാത്മകമായ കലാപം. അത് പെണ്ണിന്റേതുകൂടിയാവുമ്പോള്‍ തീവ്രം, സുന്ദരം. അതുകൊണ്ടുതന്നെ ഈ പെണ്ണനുഭവത്തിന്റെ പരിച്ഛേദം മലയാളസ്ത്രീ നാടകത്തിന്റെ ജീവചരിത്രം കൂടിയാണ്. ഒരേസമയം നാടകവും യാത്രയും സിനിമയും ആക്ടിവിസവും എഴുത്തും ഗവേഷണവും ഒക്കെ സമന്വയിപ്പിച്ച പെണ്‍ജീവിതം. അടങ്ങിയിരിക്കുന്ന പെണ്ണിന് ഒരു താക്കീതാണ് സജിതയുടെ ഈ ജീവിതം. ജീവിതത്തില്‍ ഒരിക്കല്‍ വീണപ്പോള്‍ തോറ്റു എന്ന് ഏറ്റുപാടിയവര്‍ക്ക് മുന്നില്‍ പ്രതിഭയുടെ വീര്യംകൊണ്ടും അവിരാമമായ ആത്മാവിഷ്കരണങ്ങള്‍ കൊണ്ടും അനന്യമായ ജീവിതം സാധ്യമാക്കി പകവീട്ടിയവള്‍.

സ്ത്രീ, സ്ത്രീയെ ലംഘിക്കുകയും അതിജീവിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം ഇത്രമേല്‍ സുന്ദരമാകുന്നത്. ലോകം പ്രലോഭനമായി നല്‍കിയ സുരക്ഷിതത്വത്തില്‍ രമിച്ചിരുന്നെങ്കില്‍ ഇവളും നമുക്കപരിചിതയായേനെ. വിലക്കപ്പെട്ടതെല്ലാം സ്വാതന്ത്യ്രംകൊടുത്ത് സ്വായത്തമാക്കിയപ്പോള്‍ അവള്‍ ക്രമേണ അനാവൃതയാവുകയായിരുന്നു. അവളോടൊപ്പം മലയാളത്തിന്റെ പെണ്ണരങ്ങ് കൂടുതല്‍ തീക്ഷ്ണവും ചൈതന്യവുമാര്‍ന്നു. സ്വാതന്ത്യ്രംകൊണ്ട് നെയ്തെടുത്ത ഈ സൌന്ദര്യം അരങ്ങിന്റേത് കൂടിയാവുന്നു. ഒന്നിനും ധൈര്യം കാണിക്കാത്തവരുടെ ദുരവസ്ഥകളാണ് എപ്പോഴും സജിതയെ പ്രചോദിപ്പിച്ചത്. അവയോട് നമുക്കും കടപ്പെടാം. അതുകൊണ്ടാണ് കല്ലായിയിലെ കോലായമുതല്‍ ആഫ്രിക്കയുടെ അരങ്ങുകളില്‍വരെ സജിതക്ക് സ്വയം പ്രകാശിപ്പിക്കാനായത്.
ചന്ദ്രശേഖരമേനോന്റെയും സാവിത്രിയുടെയും മകളായി കോഴിക്കോട് ജനിച്ച സജിത കൊല്‍ക്കത്തയിലെ രബീന്ദ്രഭാരതി സര്‍വകലാശാലയില്‍നിന്ന് നാടകത്തില്‍ എംഎയും സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍നിന്ന് എംഫിലും നേടി. ഇപ്പോള്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് മലയാളനാടകത്തിലെ സ്ത്രീശരീരത്തിന്റെ പരിണാമങ്ങള്‍ എന്ന വിഷയത്തില്‍ വിഷ്ണുപ്രിയദത്തിന്റെ കീഴില്‍ ഗവേഷണം നടത്തുന്നു. മുടിത്തെയ്യം, ആഷാഡ് ക ഏക് ദിന്‍, ഭരതവാക്യം, ചിറകടിയൊച്ചകള്‍, ബ്യൂട്ടി പാര്‍ലര്‍, മത്സ്യഗന്ധി, ഗാര്‍ഡിയന്‍സ് ഓഫ് ദ ഡീപ്, വാട്ടര്‍ പ്ളേ, മതിലുകള്‍, സ്പൈനല്‍ കോഡ് എന്നിവയാണ് പ്രധാന രംഗാവതരണങ്ങള്‍. നിഴല്‍ക്കുത്ത്, വീരപുത്രന്‍, ജാനകി, ഷട്ടര്‍, ഞാന്‍, വര്‍ഷം, ഒറ്റമന്താരം, ഇടുക്കി ഗോള്‍ഡ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മത്സ്യഗന്ധി, ചക്കീചങ്കരന്‍ ഒരു ഫാമിലി റിയാലിറ്റി ഷോ, മദേഴ്സ് ഡേ എന്നീ നാടകങ്ങളും അരങ്ങിന്റെ വകഭേദങ്ങള്‍, മലയാള നാടകസ്ത്രീ ചരിത്രം, ആദ്യകാലനടി എം കെ കമലത്തെക്കുറിച്ച് ജീവചരിത്രം എന്നിവയും രചിച്ചിട്ടുണ്ട്. പിആര്‍ഡിക്കുവേണ്ടി പി കെ മേദിനിയെക്കുറിച്ച് 'മാറ്റത്തിന്റെ പാട്ടുകാരി' എന്ന ജീവചരിത്ര ഡോക്യുമെന്ററി തയ്യാറാക്കി. കേരള ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായും കേന്ദ്ര സംഗീതനാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ച സജിത ഇപ്പോള്‍ കേരളത്തില്‍ മുഴുവന്‍സമയ കലാസാംസ്കാരിക പ്രവര്‍ത്തനം നടത്തുന്നു.

? ആക്ടിവിസ്റ്റ്, നാടകപ്രവര്‍ത്തക, ഗവേഷക, എഴുത്തുകാരി, സിനിമാനടി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സജിത ഇടം കണ്ടെത്തിയിട്ടുണ്ട്. സ്വാഭാവികമായ ഒരു പെണ്‍ജീവിതംകൊണ്ട് എളുപ്പം സാധ്യമാകുന്നതല്ല ഇതൊന്നും. എവിടെവച്ചാണ് ഈ വഴിപിരിയല്‍.
= എനിക്ക് മൂന്നുവയസുള്ളപ്പോള്‍ അച്ഛനെ നഷ്ടപ്പെട്ടു. പിന്നെ അമ്മയായിരുന്നു എന്നെ വളര്‍ത്തിയത്. അതെന്നെ മറ്റ് കുട്ടികളില്‍നിന്ന് വ്യത്യസ്തതയുള്ള ഒരാളാക്കി. ഞങ്ങളുടേത് കൂട്ടുകുടുംബമായിരുന്നു. അനിയത്തിയെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അച്ഛന്‍ മരിച്ചത്. അമ്മ ടീച്ചറായിരുന്നു, ആക്ടിവിസ്റ്റും. അമ്മ വീട്ടിലുണ്ടാവുന്ന സമയം കുറവാണ്. അതുകൊണ്ട് എനിക്ക് ധാരാളം സ്വപ്നം കാണാനും കളിക്കാനുമുള്ള അവസരം കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ താമസിച്ചിരുന്നത് ടൌണിലും ഗ്രാമത്തി ലുമല്ലാത്ത കോഴിക്കോട്ടെ കല്ലായി എന്ന സ്ഥലത്തായിരുന്നു.
 
? പിതൃഅധികാരത്തിന്റെ അഭാവത്തില്‍ വളര്‍ന്നതുകൊണ്ടാണോ ഇത്തരമൊരു സ്വാതന്ത്യ്രത്തില്‍ എളുപ്പം പ്രവേശിച്ചത്. അല്ലെങ്കില്‍ ഒരു സാധാരണ സ്ത്രീജീവിതം ആയിപ്പോയേനെ എന്നാണോ.
= അതറിയില്ല. പക്ഷേ, അച്ഛന്റെ അഭാവം അമ്മ അറിയിച്ചിരുന്നില്ല. അച്ഛനില്ലാത്തതിന്റെ വിഷമം അനുഭവിച്ചത് മുതിര്‍ന്നശേഷമാണ്; ചില സമയത്ത് എന്റെ കൂടെയുള്ള കുട്ടികളുടെ ജീവിതത്തില്‍ രക്ഷിതാക്കള്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍! എന്റെ കാര്യത്തില്‍ അമ്മയെക്കാള്‍ ഉപരി ഞാന്‍ തന്നെയായിരുന്നു തീരുമാനം എടുത്തിരുന്നത്. ആ സ്വാതന്ത്യ്രം പിന്നീട് ഞാന്‍ വലിയ രീതിയില്‍ ആസ്വദിച്ചു എന്നാല്‍ ആ സ്വാതന്ത്യ്രം നല്‍കിയ ഉത്തരവാദിത്തം ചെറുതായിരുന്നില്ല.
 
? ഈ സ്വാതന്ത്യ്രമാണോ ഇന്നത്തെ സജിതയെ സാധ്യമാക്കിയത്.
 
= ആയിരിക്കാം, ചെറുപ്പത്തില്‍ ഡാന്‍സിലായിരുന്നു താല്‍പ്പര്യം. പത്തിരുപത് വര്‍ഷക്കാലം ഞാന്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്. ഡിഗ്രിവരെ ഡാന്‍സിനുതന്നെയായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. കോഴിക്കോടുണ്ടായിരുന്ന നാടകനടിയായിരുന്ന സാവിത്രി ശ്രീധര്‍ ആയിരുന്നു ആദ്യത്തെ ഡാന്‍സ് ടീച്ചര്‍. പിന്നീട് കലാമണ്ഡലം ചന്ദ്രിക ടീച്ചര്‍. അവരൊക്കെ പ്രതീക്ഷിച്ചിരുന്നത് ഞാന്‍ ഡാന്‍സില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നായിരുന്നു. പക്ഷേ, ജീവിതം മറ്റൊരു രീതിയിലാണ് എന്നെ നയിച്ചത്. അമ്മ നേരത്തെതന്നെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവപ്രവര്‍ത്തകയായിരുന്നു. അമ്മയ്ക്ക് പൊതുപ്രവര്‍ത്തനത്തില്‍ വലിയ താല്‍പ്പര്യമായിരുന്നു. വീടിന്റെ അകത്തെമാത്രം സ്ത്രീകളുടെ ഇടമായി അമ്മ ഒരിക്കലും പരിഗണിച്ചിരുന്നേയില്ല. വീടിന്റെ പുറത്തായിരുന്നു ജീവിതമെന്നാണ് അമ്മ എപ്പോഴും വിചാരിച്ചിരുന്നത്. അമ്മയെപ്പോലുള്ള സ്ത്രീകളുടെ എനര്‍ജിയെ ഗൌരവപൂര്‍വം നയിക്കാനുള്ള രാഷ്ട്രീയ നേതൃത്വമോ സംഘടനകളോ കേരളത്തില്‍ അന്നും ഇന്നും കുറവാണ്.ഈ സ്ത്രീകളുടെ കഴിവുകളെ യഥാര്‍ഥത്തില്‍ ഒരു സംഘടനയും ആവശ്യപ്പെടുന്നില്ല. എങ്കിലും അച്ഛന്‍ മരിച്ചതു കൊണ്ടുള്ള ഏകാന്തത അമ്മ പരിഹരിച്ചിരുന്നത് പുറത്തുള്ള ആക്ടിവിസത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഒരു ഐഡിയല്‍ മദറിന്റെ പ്രൊട്ടക്ഷനൊന്നും ഞങ്ങള്‍ക്കു ലഭിച്ചിരുന്നില്ല, അന്നതില്‍ വിഷമിച്ചിരുന്നുവെങ്കിലും പിന്നീട് അതായിരുന്നു ശരിയെന്നുതോന്നി. അങ്ങനെ വളര്‍ന്നതു കൊണ്ടായിരിക്കാം ഇന്നത്തെ എന്നെ സാധ്യമാക്കിയത്. ആ ഘട്ടത്തില്‍ അമ്മയോടൊപ്പം പരിഷത്തിന്റെ ക്ളാസ് കേള്‍ക്കാന്‍ ഞാന്‍ പോകുമായിരുന്നു. ആയിടയ്ക്കാണ് വലപ്പാട് വെച്ച് പരിഷത്തിന്റെ നേതൃത്വത്തില്‍ പത്തുദിവസത്തെ വനിതാശിബിരം നടന്നത്. അന്ന് ഞാന്‍ ഡിഗ്രിക്കും അനിയത്തി പ്രീഡിഗ്രിക്കും പഠിക്കുകയായിരുന്നു. അമ്മക്ക് അതില്‍ പങ്കെടുക്കണമായിരുന്നു. എന്നാല്‍ അവധിക്കാലത്ത് പെണ്‍കുട്ടികളെ ഒറ്റക്കാക്കി പോകരുതെന്ന് അമ്മൂമ്മ പറഞ്ഞതുകൊണ്ട് അമ്മ ഞങ്ങളെയും കൂടെ കൊണ്ടുപോയി.സ്ത്രീകളുടെ വലിയൊരു ക്യാമ്പായിരുന്നു അത്. അവിടെ ജെ ദേവിക, ജ്യോതി നാരായണന്‍, വനിത മുഖര്‍ജി, ഡോ. ജയശ്രീ, നടാ ദുവരി, രാധാമണിചേച്ചി, സരസ്വതിചേച്ചി തുടങ്ങിയ ഇന്ന് കേരളത്തില്‍ ചരിത്രത്തിലും ശാസ്ത്രത്തിലും സാമൂഹികരംഗങ്ങളിലും സക്രിയമായി ഇടപെടലുകള്‍ നടത്തുന്ന പലരും അതില്‍ പങ്കാളികളായിരുന്നു. ഞാനാദ്യമായിട്ടായിരുന്നു ഇത്തരമൊരു ഡിസ്കഷനിലൂടെ കടന്നുപോകുന്നത്. എന്റെ മക്കളെ കല്യാണം കഴിപ്പിച്ചിട്ട് കുറച്ചുകൂടി ആക്ടിവിസത്തിലേക്ക് ഇറങ്ങണമെന്ന് അമ്മ ഒരു ഗ്രൂപ്പ് ചര്‍ച്ചയില്‍ പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. അപ്പോള്‍ ഒരു പ്രവര്‍ത്തക എഴുന്നേറ്റ് നിന്നുചോദിച്ചു എന്തുകൊണ്ട് അവരെയും ആക്ടിവിസത്തിലേക്ക് കൊണ്ടു വന്നുകൂടാ? ഞാനിത് കേട്ടുകൊണ്ടിരിക്കയായിരുന്നു.പെണ്‍കുട്ടി എന്നാല്‍ മാലയും വളയും പൊട്ടും കുത്തി സുന്ദരിയായി നടക്കുക എന്ന തോന്നലില്‍നിന്ന് എന്നെ മോചിപ്പിച്ചത് ആ ക്യാമ്പായിരുന്നു, അവിടെ നടന്ന ഡിസ്കഷനായിരുന്നു. സ്ത്രീപുരുഷ സമത്വമായിരുന്നു അന്നത്തെ പ്രധാനചര്‍ച്ചാവിഷയം. കുടുംബത്തിനകത്തും പുറത്തും ജോലിചെയ്യുന്ന സ്ത്രീ എന്തിനാണ് അധികഭാരം ചുമക്കുന്നത്, മീഡിയക്കകത്ത് എങ്ങനെയാണ് സ്ത്രീ പരിചരിക്കപ്പെടുന്നത് തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട കുറേ ചോദ്യങ്ങള്‍ എന്റെ പഴയ ചിന്തകള്‍ക്ക് നല്‍കിയ പ്രഹരമായിരുന്നു.
 
? ആ ക്യാമ്പാണോ പൂര്‍ണമായും വഴിമാറി നടക്കാന്‍ പ്രേരിപ്പിച്ചത്.
= തീര്‍ച്ചയായും. ഒരു ക്യാമ്പ് ഇത്രമാത്രം സ്വാധീനിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. പക്ഷേ, ഞാന്‍ മാറി. എന്റെയുള്ളില്‍ വിപ്ളവകരമായ പല തോന്നലുകളുമുണ്ടായി. ഞാന്‍ തീര്‍ത്തും മാറി. പ്രതീക്ഷിക്കാന്‍ പറ്റുന്നതിലപ്പുറം. അതുവരെ ഒരു മാലപോലുമിടാതെ പുറത്തിറങ്ങാന്‍ ധൈര്യപ്പെടാത്ത ഞാന്‍ പിന്നീട് അതൊക്കെ ഉപേക്ഷിക്കാന്‍ തയ്യാറായി. പൊട്ടു തൊടാതെ, കണ്ണെഴുതാതെ, സ്വര്‍ണാഭരണങ്ങള്‍ ഉപേക്ഷിച്ച് അങ്ങനെ നിറമില്ലാത്തൊരാളി ഞാന്‍ മാറി. ആ നിറമില്ലായ്മയില്‍ ഞാന്‍ സൌന്ദര്യം കണ്ടു. 27 വയസ്സുവരെ അങ്ങനെ തന്നെയായിരുന്നു. എന്റെ ഈ മാറ്റത്തോട് കുടുംബത്തിലുള്ളവരും പഴയ കൂട്ടുകാരികളും വലിയ അസഹിഷ്ണുത കാണിച്ചു. പക്ഷേ, അമ്മ അല്‍പ്പം പരിഹാസത്തോടെ, ആശ്ചര്യത്തോടെ ഇതൊക്കെ നോക്കിക്കണ്ടു. ആ ഘട്ടത്തില്‍ പുതിയ കുറേ ആണ്‍പെണ്‍ സുഹൃത്തുക്കളെ കിട്ടി. അവരൊക്കെ വീട്ടില്‍ വരുമായിരുന്നു. കുടുംബക്കാര്‍ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. രാഷ്ട്രീയം, ഫെമിനിസം തുടങ്ങിയവയെക്കുറിച്ചൊക്കെ രാപ്പകലില്ലാതെ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

? പെണ്ണ് എന്നത് മാത്രമല്ല, മതം, ജാതി തുടങ്ങിയവയൊക്കെ പൊതുഇടത്തിലേക്ക് വരുന്നതില്‍ തടസ്സമായിരുന്നില്ലേ.
 = അമ്മ ദൈവവിശ്വാസി അല്ലായിരുന്നു. പ്രത്യേകിച്ച് അച്ഛന്‍ മരിച്ചശേഷം. അതിനാല്‍ മതപരമായ ചിട്ടകള്‍ ഒട്ടും ഉണ്ടായിരുന്നില്ല. അമ്പലങ്ങള്‍ക്കും കാവുകള്‍ക്കും ഇടയില്‍ തന്നെയാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. നിസ്സഹായാവസ്ഥയില്‍ ആളുകള്‍ ദൈവമേ, കൃഷ്ണാ എന്നൊക്കെ വിളിക്കില്ലേ അതുപോലെ ഞാന്‍ ട്രെയിന്‍ ചെയ്യപ്പെട്ടിരുന്നില്ല. ജീവിതത്തിലെ ഏറ്റവും ക്രൈസിസ് പിരീഡില്‍ ഒരു വിശ്വാസമുണ്ടായിരുന്നെ ങ്കിലെന്ന് ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ ചിലപ്പോഴൊക്കെ ക്ഷേത്രത്തിലൊക്കെ പോയിരുന്നു. എന്നാല്‍ അത് ഭക്തിയുടെ ഭാഗമായിരുന്നില്ല. അതൊരിക്കലും എന്റെ ജീവിതത്തിന്റെ റുട്ടീനില്‍പ്പെട്ടിരുന്നില്ല, അന്നും ഇന്നും. അതുകൊണ്ടാവും ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് റൂബിന്‍ ഡിക്രൂസും ശുഹൈബ് മുഹമ്മദും എന്റെയും അനുജത്തി സബിതയുടെയും ജീവിതത്തിലേക്ക് വലിയ കൊട്ടിഘോഷമൊന്നുമില്ലാതെ കടന്നുവന്ന് ഞങ്ങളെ മതമില്ലാത്ത മനുഷ്യരാക്കിയത്!
 
? നാടകത്തിലെ ആദ്യാനുഭവം.
 
= സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു നാടകം ചെയ്തിരുന്നു. വീട്ടിലൊരാളുടെ പ്രൊട്ടക്ഷനോടു കൂടെയായിരുന്നു റിഹേഴ്സലിനൊക്കെ പോയിരുന്നത്. ഡാന്‍സിന്റെ കാര്യത്തില്‍ ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ചില കലാസമിതിയുടെ അമേച്വര്‍ നാടകത്തില്‍ നൃത്തം ചെയ്തിരുന്നു. ഒരു നാടകം എങ്ങനെയാണ് ഡിസൈന്‍ ചെയ്യുന്നത് എന്ന് മനസ്സിലാക്കാനുള്ള അവസരം അന്ന് കിട്ടിയിരുന്നു. നാടകത്തിന്റെ എനര്‍ജി എന്തെന്ന് മനസ്സിലാക്കാനും കഴിഞ്ഞിരുന്നു. പക്ഷേ, നാടകാഭിനയം സ്ത്രീകളെ സംബന്ധിച്ചിടത്തോളം എന്തോ മോശപ്പെട്ട കാര്യമായാണ് അന്നു ധരിച്ചിരുന്നത്!
 
? നാടകത്തില്‍ അഭിനയിക്കുന്നവള്‍ ചന്തപ്പെണ്ണും നൃത്തം ചെയ്യുന്നവള്‍ കുലസ്ത്രീയുമായിത്തീരുന്ന ഒരു സാമൂഹികബോധം എങ്ങനെയാണ് ഇവിടെ രൂപപ്പെട്ടത്.
 
= തുടക്കത്തില്‍ എല്ലാ കലാകാരികളും ഇതിനു തുല്യമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. തിരുവിതാംകൂറില്‍ മോഹിനിയാട്ടം റീജന്റ് റാണി പാര്‍വതിഭായി നിരോധിക്കുകപോലും ചെയ്തിട്ടുണ്ടല്ലോ. തേവിടിച്ചിയാട്ടക്കാരികളായ നര്‍ത്തകിമാര്‍ മോഹിനിയാട്ടക്കാരികളാകുന്നതും ആ കലാരൂപം അംഗീകരിക്കപ്പെടുന്നതും പിന്നീടുവന്ന ചരിത്രമാണ്. ഇതിനുസമാനമായ അവസ്ഥയാണ് 1930 കളുടെ തുടക്കത്തില്‍ നാടകരംഗത്തേക്കു വന്ന സ്ത്രീകള്‍ക്ക് നേരിടേണ്ടിവന്നത്. ഒരു സെക്കുലര്‍ ആയ പൊതുഇടത്തില്‍, സ്ത്രീ മറകളൊന്നുമില്ലാതെ പ്രത്യക്ഷപ്പെടുകയും കുലീനയായ സ്ത്രീക്ക് നിഷേധ്യമായ രീതിയില്‍ അന്യപുരുഷനോട് ഒപ്പം ഒട്ടിച്ചേര്‍ന്നുനിന്ന് അഭിനയിക്കുകയും രാത്രികാലങ്ങളില്‍ വീടുവിട്ട് യാത്ര ചെയ്യുകയും ചെയ്യുന്നത് നാടകാഭിനയത്തെ പൊതുധാരയുടെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി. നാടകനടിയുടെ സര്‍ഗാത്മകത ചോദ്യം ചെയ്തു. സിനിമയിലും ഈ പ്രശ്നമുണ്ട;് പക്ഷേ, അതിനെ ഗ്ളാമര്‍ കൊണ്ടാണ് മറികടക്കുന്നത്. ഇടയ്ക്കുണ്ടായ ഒരു സോഷ്യല്‍ മീഡിയ അനുഭവം ഒരു നടികൂടി ആയിരിക്കുന്നതിന്റെ പ്രശ്നങ്ങള്‍ എന്നെ ഓര്‍മിപ്പിക്കുന്നതായിരുന്നു. ഒരു സാമൂഹികബോധത്തെ ചോദ്യം ചെയ്യാന്‍ ഒരു നടിക്ക് എന്തവകാശം എന്ന് ഇന്‍ബോക്സിലും ടൈംലൈനിലും വന്ന ഓരോ തെറിയും എന്നോട് ചോദിച്ചു.
 
? തന്റെ ഉള്ള് നാടകത്തിന് സമര്‍പ്പിക്കേണ്ടതാണ് എന്ന തോന്നല്‍ പിന്നീടെപ്പോഴാണുണ്ടായത്.
= പരിഷത്തിന്റെ ഒട്ടേറെ ഗൌരവപ്പെട്ട വര്‍ക്ക്ഷോപ്പിലൂടെ ഞാന്‍ കടന്നുപോയി. പങ്കെടുത്ത സ്ത്രീകളുടെ പെര്‍സ്പെക്ടീവ് മാറ്റാന്‍ നടത്തിയ ഈ ശില്‍പ്പശാലകള്‍ പക്ഷേ, പുരുഷന്മാരുടെ ചര്‍ച്ചാവിഷയങ്ങള്‍ മാത്രമായി എന്നതാണ് രസകരം. അതിന്റെ ഭാഗമായി ഞങ്ങള്‍ ഞങ്ങളുടെ കുടുംബത്തെ, ജീവിതത്തെ റീസ്ട്രക്ച്ചര്‍ ചെയ്തു തുടങ്ങി. ആ സമയത്ത് പരിഷത്തിന്റെ കലാജാഥയില്‍ ഒന്നോ രണ്ടോ പെണ്‍കുട്ടികളാണ് ഉണ്ടാവുക. ബാക്കിയൊക്കെ ആണുങ്ങളാണ്. കോഴിക്കോട് ജില്ലാതലത്തില്‍ സ്ത്രീകളുടെ ഒരു കലാജാഥ സംഘടിപ്പിക്കണമെന്ന് തീരുമാനിച്ചു. അപ്പോള്‍ ഞാന്‍ പരിഷത്തിന്റെ മേഖലാ കമ്മിറ്റിയിലായിരുന്നു. എന്തിനാണ് സ്ത്രീകള്‍ക്ക് മാത്രം ഒരു കലാജാഥ എന്ന ചിന്ത ചിലരിലെങ്കിലും ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ കുറേ നാടകങ്ങള്‍ പഠിച്ചെടുത്തു. വേങ്ങേരിയിലെ പരിഷത്ത് യൂണിറ്റ് നടത്തിയ ക്യാമ്പായിരുന്നു അത്. നാടകത്തിന്റെ ക്യാമ്പില്‍നിന്നും വളരെ പാട്രിയാര്‍ക്കലായ എനര്‍ജിയാണ് അവിടെ എത്തിയ പല മുതിര്‍ന്ന പ്രവര്‍ത്തകരും പ്രകടിപ്പിച്ചത്. ഞാന്‍ എപ്പോഴും പലതിനെയും ചോദ്യം ചെയ്യുന്നൊരാളായി വളര്‍ന്നു. ഇതിന്റെയൊക്കെ തുടര്‍ച്ചയായി സംസ്ഥാനതലത്തില്‍ 1989ല്‍ സ്ത്രീകളുടെ ഒരു കലാജാഥ ചെയ്യാന്‍ പരിഷത്ത് തീരുമാനിച്ചു. സ്ത്രീപുരുഷ സമത്വമായിരുന്നു പ്രധാന പ്രമേയം. അത് കേരളം മുഴുവന്‍ കളിച്ചു. ആ സമയത്ത് ആഴ്ചവട്ടം സ്കൂളില്‍ ക്ളാര്‍ക്കായി ജോലികിട്ടി. തുടര്‍ന്ന് ഞാന്‍ സാക്ഷരതാപ്രവര്‍ത്തനത്തില്‍ സജീവമായി.

അപ്പോഴേക്കും കേരളത്തിലെ സ്ത്രീ വിമോചന പ്രവര്‍ത്തകരുമായി ഞാന്‍ വലിയൊരു നെറ്റ്വര്‍ക്ക് ഉണ്ടാക്കിയിരുന്നു. ആ ഘട്ടത്തിലാണ് 1990 കളുടെ ആദ്യം കോട്ടയത്ത് സ്ത്രീപഠനകേന്ദ്രം ആരംഭിച്ചത്. അതിന്റെ നേതൃത്വത്തില്‍ സ്ത്രീ നാടകക്യാമ്പ് സംഘടിപ്പിച്ചു. അതില്‍ പങ്കെടുത്തതോടുകൂടിയാണ് അഭിനയം എനിക്കിഷ്ടമാണെന്നു തോന്നുന്നത്. അവിടെവെച്ച് ഞാന്‍ ചെയ്ത നാടകങ്ങള്‍ എനിക്ക് ആത്മവിശ്വാസം നല്‍കി. അങ്ങനെയാണ് നാടകം അക്കാദമിക്കായി പഠിക്കണമെന്ന ആഗ്രഹം ഉണ്ടായത്. കൂത്താട്ടുകുളത്തെ ക്യാമ്പിനുശേഷം
   ബ്യൂട്ടി പാര്‍ലര്‍ നാടകത്തില്‍ നിന്ന്
ആകാശവാണിക്കു വേണ്ടി 'മുടിത്തെയ്യമുറയുന്നു' എന്ന സാറാ ജോസഫിന്റെ കഥ നാടകമായി ചെയ്തു. ശ്രീനാഥ് നായരായിരുന്നു അതിന്റെ സംവിധായകന്‍. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലാണ് അവതരിപ്പിച്ചത്. ആ നാടകത്തിലാണ് ഞാന്‍ ആദ്യമായി പ്രധാന വേഷം ചെയ്യുന്നത്. റിഹേഴ്സലിനിടയില്‍ ആളുകള്‍ വരുന്നതുപോലും എന്നില്‍ വലിയ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. പക്ഷേ, സ്റ്റേജില്‍ എത്തിയപ്പോഴേക്കും വലിയ ട്രാന്‍സ് സംഭവിച്ചു. അതെനിക്കിഷ്ടപ്പെട്ടു. അപ്പോള്‍ ആ മൊമന്റില്‍ ഞാന്‍ തീരുമാനിച്ചു വെറും ആക്ടിവിസമല്ല എന്റെ വഴി, മറിച്ച് കള്‍ച്ചറല്‍ ആക്ടിവിസമാണെന്ന്.
 ? അങ്ങനെയാണോ കൊല്‍ക്കത്തയിലെ രബീന്ദ്രഭാരതി സര്‍വകലാശാലയില്‍ നാടകം പഠിക്കാന്‍ പോയത.്
 
= അതെ, സര്‍ക്കാര്‍ ജോലിയില്‍നിന്ന് ലീവെടുത്തു. നാടകത്തിന്റെ പ്രാഥമിക പാഠങ്ങള്‍ എനിക്കതിനുമുമ്പ് പഠിപ്പിച്ചു തന്നത് തൃശൂരിലെ കോലഴിയില്‍ ഉഷാകുമാരി ടീച്ചര്‍ സംഘടിപ്പിച്ച സമതയുടെ നാടകക്യാമ്പില്‍ വെച്ച് ക്ളാസെടുത്ത ഗംഗാധരന്‍ മാഷും ഗീതടീച്ചറുമാണ്. തിരുവനന്തപുരത്തുവെച്ചാണ് എന്റെ ഭര്‍ത്താവ് റൂബിന്‍ ഡിക്രൂസിനെ പരിചയപ്പെടുന്നത.് കൊല്‍ ക്കത്തയിലേക്ക് പോകാന്‍ റൂബിന്‍ വലിയ സപ്പോര്‍ട്ട് ചെയ്തു. അഭിനയിക്കാന്‍ അറിയാം എന്ന കോണ്‍ഫിഡന്‍സ് മാത്രമേ എനിക്കുണ്ടായുള്ളൂ.‘കൊല്‍ക്കത്തയില്‍ ഒരു സ്ത്രീയുടെ കൂടെ പെയിങ് ഗസ്റ്റായി പഴയൊരു വീടിന്റെ പുറകുവശത്ത് താമസിച്ചുതുടങ്ങി, ഫിലോമിന ആന്റി. അവര്‍ പിന്നീടെന്നെ വല്ലാതെ സപ്പോര്‍ട്ട് ചെയ്തു. ഭാഷയറിയില്ല, നഗരമറിയില്ല. മെട്രോസിറ്റിയുടെ ഒരു സോഫിസ്റ്റിക്കേഷന്‍ ഇല്ലാത്ത നഗരമായിരുന്നു കൊല്‍ക്കത്ത. ആ കാലം ഭീകരമായിരുന്നു. ചില തീരുമാനങ്ങള്‍ എടുത്താല്‍ പിന്തിരിയാന്‍ കഴിയില്ലല്ലോ. വെള്ളത്തില്‍ വീണാല്‍ നീന്തുകയല്ലേ രക്ഷയുള്ളൂ. എന്റെ വിഷയം നന്നായി വായിക്കുവാനും പഠിക്കാനും ആരംഭിച്ചു; ഒരുതരം ആര്‍ത്തിയോടെ. അങ്ങനെ രണ്ടു വര്‍ഷം കടന്നുപോയി. നാടകവിദ്യാര്‍ഥിയായിരുന്ന ശ്രീനാഥ് നായരുടെ സഹായം വിസ്മരിക്കാന്‍ ആവില്ല.
? കോഴ്സ് പുര്‍ത്തിയാക്കിയതിനുശേഷം.
= ഇതിനിടയില്‍ റൂബിനുമായുള്ള വിവാഹം നടന്നു. പത്ത് പതിനഞ്ച് ആളുകള്‍ പങ്കെടുത്ത ചെറിയൊരു ചടങ്ങ്. അതില്‍ പങ്കെടുത്ത
ആര്‍ വി ജി മേനോന്‍ ജോനാഥന്‍ ലിവിങ്സ്റ്റണ്‍ ഈഗിള്‍ എന്ന പുസ്തകം തന്നതുമോര്‍മയുണ്ട്. അതിനിടക്ക് റൂബിന് എന്‍ബിടിയില്‍ എഡിറ്ററായി ജോലികിട്ടി, ഞാന്‍ റൂബിനുമൊത്ത് ഡല്‍ഹിക്ക് പോയി. പിന്നെ ഒരു വര്‍ഷം കഴിഞ്ഞ് സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എംഫില്‍ പഠിക്കാനായി കേരളത്തിലേക്ക് വന്നു. അവിടെ പി ബാലചന്ദ്രനായിരുന്നു എന്റെ ഗൈഡ്. കേരളത്തിലെ ഇടതുപക്ഷ നാടകങ്ങളിലെ സ്ത്രീകഥാപാത്രങ്ങളായിരുന്നു എന്റെ വിഷയം. അന്ന് തുടങ്ങിയ വായനയുടെ ഫലങ്ങളില്‍ ഒന്നാണ് മലയാള നാടക സ്ത്രീ ചരിത്രം. പിന്നീട് സംഗീത നാടക അക്കാദമിക്ക് വേണ്ടി പ്രൊഫഷണല്‍ നാടകത്തിലെ സ്ത്രീകളെക്കുറിച്ച് ഗവേഷണം നടത്തി. കള്‍ച്ചറല്‍ മിനിസ്ട്രിയുടെ ജൂനിയര്‍, സീനിയര്‍ ഫെലോഷിപ്പുകളും ഐഎഫ്എ യുടെ ഫെലോഷിപ്പും എനിക്ക് ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം കേരളത്തിലെ കലാരൂപങ്ങളിലെ സ്ത്രീയുടെ പങ്കിനെക്കുറിച്ച് പഠിക്കാനുള്ള അവസരമായി.
 
? ബ്യൂട്ടിപാര്‍ലര്‍ എന്ന നാടകം.= കേരള സംഗീതനാടക അക്കാദമിയുടെ സ്ത്രീനാടക പണിപ്പുരയില്‍ പങ്കെടുക്കാനായിരുന്നു 'ബ്യൂട്ടിപാര്‍ലര്‍' ചെയ്തത്. ഡല്‍ഹിയിലെ കേരള ക്ളബ്ബില്‍ ഇടം ഒരുക്കിത്തന്നത് ഓംചേരി സാറാണ്. റിഹേഴ്സലിലൂടെ ഒരു സ്ക്രിപ്റ്റ് ശ്രീനാഥ് നായര്‍ തയ്യാറാക്കി, ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് സംവിധാനം ചെയ്ത് ഞാനത് ഒറ്റക്ക് അഭിനയിച്ചു. ആദ്യത്തെ റണ്‍ത്രൂ നടക്കുമ്പോള്‍ രണ്ടുപേര്‍ അതു കാണാനായി ഞങ്ങളുടെ മുമ്പിലുണ്ടായിരുന്നു, ഓംചേരി എന്‍എന്‍പിള്ള സാറും അയ്യപ്പപ്പണിക്കര്‍ സാറും. അവര്‍ രണ്ടുപേരും എനിക്ക് നാടകപ്രവര്‍ത്തനത്തിന് നല്‍കിയ സപ്പോര്‍ട്ടും എന്റെ കഴിവില്‍ കാണിച്ച വിശ്വാസവും വിലമതിക്കാനാവാത്തതാണ്. കേരളത്തിലും ഡല്‍ഹിയിലും ഹൈദരാബാദിലുമായി പന്ത്രണ്ടോളം സ്ഥലത്ത് ഈ നാടകം ചെയ്തു. അപ്പോഴേക്കും മകന്‍ ആരോമലും ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നു.

? ആ ഘട്ടത്തിലാണോ കൈരളി ചാനലില്‍ സ്ത്രീപക്ഷ വിഷയം കൈകാര്യം ചെയ്തിരുന്ന പെണ്‍മലയാളം ചെയ്തത്.= അതെ, അത് എഴുപത്തഞ്ചോളം എപ്പിസോഡ് ചെയ്തിരുന്നു. തുടക്കത്തില്‍ കൈരളിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രോഗ്രാമുകളില്‍ ഒന്നായി അത് മാറി, കേവലം ഒരു വീക്കിലി പരിപാടിയുടെ സ്വഭാവമായിരുന്നില്ല അതിന്. ഡോക്യുമെന്ററി സ്വഭാവമായിരുന്നു. അങ്ങനെ കേരളത്തിലെ വ്യത്യസ്തങ്ങളായ സ്ത്രീ ജീവിതങ്ങളെക്കുറിച്ച് മനസ്സിലാക്കാനുള്ള അവസരമായി ആ പ്രോഗ്രാം. പിന്നെ 'തട്ടകം' എന്ന ടോക് ഷോയും ചെയ്തു. ടി എന്‍ സീമയായിരുന്നു അന്ന് അതിന്റെ അവതാരക. അതും സ്ത്രീ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ഈ കാലത്ത് പെണ്‍മലയാളത്തിന് മൂന്ന് സ്റ്റേറ്റ് അവാര്‍ഡുകളും കിട്ടിയിരുന്നു.? സൌത്ത് ആഫ്രിക്കയില്‍ നടന്ന ഭൌമ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നല്ലോ.= 2002ലാണ് സൌത്താഫ്രിക്കയില്‍ വെച്ച് ഭൌമ ഉച്ചകോടി നടക്കുന്നത്. അതിന്റെ ഭാഗമായുള്ള നാടകത്തിലേക്ക് ആര്‍ട്ടിസ്റ്റുകളെ സെലക്ട് ചെയ്യാനായി തിയേറ്റര്‍ ഫോര്‍ ആഫ്രിക്ക എന്ന സംഘം ഇന്ത്യയിലേക്ക് വന്നു. അതില്‍ ഇന്ത്യയില്‍നിന്ന് എനിക്ക് സെലക്ഷന്‍ കിട്ടി. അങ്ങനെ അവര്‍ക്കുവേണ്ടിയാണ് ഞാന്‍ മത്സ്യഗന്ധിയെന്ന നാടകം എഴുതി ചെയ്യുന്നത്. അതെനിക്ക് വലിയ ഊര്‍ജം നല്‍കി. മത്സ്യത്തൊഴിലാളി മേഖലയെക്കുറിച്ച് നാടകമെഴുതാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് ഞാനൊരു ശ്രമം നടത്തുന്നത്. അതുവരെ ഞാന്‍ ഫിക്ഷന്‍ എഴുതിയിരുന്നില്ല. കുറെ മത്സ്യത്തൊഴിലാളികളെ ഇന്റര്‍വ്യൂ ചെയ്ത് ധാരാളം വിവരങ്ങള്‍ ശേഖരിച്ചു. അതിനെ മത്സ്യഗന്ധിയുടെ കഥയുമായി ചേര്‍ത്തുവെച്ചു. അങ്ങനെയാണ് മത്സ്യഗന്ധി നാടകം സംഭവിക്കുന്നത്. ഇന്ന് കേരളത്തിലെ പല യൂണിവേഴ്സിറ്റിയിലും സിലബസിന്റെ ഭാഗമാണ് മത്സ്യഗന്ധി. സൌത്താഫ്രിക്കയിലെ കേപ്ടൌണിലെ ഒരു കഫെയിലായിരുന്നു ആ നാടകം ആദ്യമായി കളിച്ചത്. ആദ്യദിവസം മലയാളത്തിലും രണ്ടാംദിവസം ഇംഗ്ളീഷിലും കളിച്ചു. പിന്നെ, ഇംഗ്ളണ്ടിലെ നാടക സംവിധായകനായ ജോണ്‍ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും വന്ന ആര്‍ട്ടിസ്റ്റുകളെ കൂട്ടിച്ചേര്‍ത്ത് ഒരു വലിയ നാടകം ചെയ്തു. അതില്‍ കേന്ദ്രകഥാപാത്രം ചെയ്യാനുള്ള അവസരം എനിക്കായിരുന്നു. തിയേറ്റര്‍ ഗ്രൂപ്പ് ഓഫ് ആഫ്രിക്കയാണ് അത് സ്പോണ്‍സര്‍ ചെയ്തത്. അങ്ങനെ ആറു മാസക്കാലം ആഫ്രിക്കയില്‍ ചെലവഴിച്ചു.

? യാത്ര ഒരര്‍ഥത്തില്‍ പുരുഷന്റേതാണ്. നമ്മുടെ യാത്രാവിവരണങ്ങളില്‍ ഭൂരിപക്ഷവും പുരുഷന്റേതാണ്. യാത്ര എങ്ങനെയാണ് സജിതയെ സ്വാധീനിച്ചത്= ഞാന്‍ പരിഷത്തില്‍ വര്‍ക്ക് ചെയ്യുന്ന കാലത്ത് രാത്രിയൊക്കെ ഇടവഴിയിലൂടെ ഓടിയാണ് പോയിരുന്നത്. പക്ഷേ, ചില പുരോഗമന ആശയങ്ങളൊക്കെ മനസ്സിലേക്ക് കയറിയപ്പോള്‍ അതേ റോഡിലൂടെ പിന്നീട് ധൈര്യത്തോടെ നടന്നുപോയി. ഓടിയ വഴിയിലൂടെ നടന്നുപോയി. പേടി യഥാര്‍ഥത്തില്‍ മനസ്സിന്റേതാണ്. ചിന്തയിലുണ്ടാകുന്ന മാറ്റങ്ങള്‍ ശരീരത്തെയും ബാധിക്കും. ആ മാറ്റങ്ങള്‍ ഒരേ സ്പേസില്‍ അങ്ങനെ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഇതേകാര്യം കുറച്ചുയര്‍ന്ന ലെവലിലും ഞാനിന്ന് അനുഭവിക്കുന്നുണ്ട്. നാടക സംബന്ധമായി, ജോലിക്കായി, വ്യക്തിപരമായി ഒറ്റയ്ക്ക് നടത്തിയ ഒരുപാട് യാത്രകള്‍ ജീവിതത്തിന് വലിയ ബലം നല്‍കിയിട്ടുണ്ട.് ഇന്ത്യയിലെ സ്ത്രീവിമോചന പ്രവര്‍ത്തകര്‍ക്കൊപ്പം 1995ല്‍ വേള്‍ഡ് വുമണ്‍സ് കോണ്‍ഫറന്‍സില്‍ നാടകസംഘത്തിനൊപ്പം ഞാന്‍ ചൈനയില്‍ പോയിരുന്നു. ഇന്ത്യയിലെ വിവിധ സംഘടനകളിലെ സ്ത്രീപ്രവര്‍ത്തകരെ ഞാനാദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ഇക്കാലത്താണ്. പിന്നീടത് അടുത്തബന്ധങ്ങളായി മാറി. കുറേ നാടകപ്രവര്‍ത്തകരെയും പരിചയപ്പെട്ടു, സ്ത്രീജീവിതങ്ങളെ അടുത്തറിഞ്ഞു. ശ്രീലങ്കയിലും നേപ്പാളിലും ബാങ്കോക്കിലും ഒക്കെയായി ഒട്ടനവധി യാത്രകള്‍.
? കോഴിക്കോട്, കൊല്‍ക്കത്ത, ഡല്‍ഹിസജിതയുടെ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളെ നിര്‍ണയിച്ചത് ഈ നഗരങ്ങളാണ്. ഈ മൂന്ന് നഗരങ്ങള്‍ സജിത എന്ന ആര്‍ട്ടിസ്റ്റിനെ എങ്ങനെയൊ ക്കെയാണ് സ്വാധീനിച്ചത്.
= കോഴിക്കോട് ഞാന്‍ ജനിച്ചുവളര്‍ന്ന നഗരമാണ്. അതിന്റെ പ്രൊട്ടക്ഷന്‍. പരിഭവം, സ്നേഹം, വിദ്വേഷം എല്ലാം കൂടിക്കലര്‍ന്ന ഒരിടം. ജീവിതത്തിന്റെ സന്തോഷവും കയ്പ്പും ആദ്യം ആരംഭിച്ചത് അവിടെനിന്ന്. എന്നാല്‍ കൊല്‍ക്കത്ത ആദ്യം ഒരു വലിയ അന്ധാളിപ്പായിരുന്നു, ഭയമായിരുന്നു. ആ അന്ധാളിപ്പും ഭയവും എനിക്ക് വലിയ ട്രെയിനിങ്ങായിരുന്നു. അവിടെനിന്നാണ് ഞാന്‍ ശരിക്കും ജീവിക്കാന്‍ പഠിച്ചത്. ഡല്‍ഹിയിലെത്തിയപ്പോഴേക്കും ടോട്ടലി വ്യത്യസ്തമായ ഗ്രൂപ്പ് ഓഫ് ഇന്റലക്ച്വലുകളുമായി ബന്ധപ്പെടാനുള്ള അവസരം കിട്ടി. ഇന്ത്യയില്‍ ഏറ്റവും ഫൈനസ്റ്റായ ആര്‍ടിസ്റ്റുകളുമായി അവിടെനിന്ന് പരിചയപ്പെടാനുള്ള ധാരാളം അവസരങ്ങള്‍ അക്കാദമി ജോലി എനിക്കുതന്നു. ആ അര്‍ഥത്തില്‍ എന്റെ ശക്തിയും ഊര്‍ജവും തിരിച്ചറിയാനുള്ള ശേഷി തന്നത് ഡല്‍ഹിയാണ്. ഞാന്‍ ആത്മവിശ്വാസം തിരിച്ചെടുത്ത കാലമാണ് ഡല്‍ഹി ജീവിതം. കുറേ നല്ല സ്ത്രീ സൌഹൃദങ്ങള്‍ എനിക്ക് ലഭിച്ചതും ഇക്കാലത്താണ്. അവരാണ് എന്റെ ജീവിതത്തിന്റെ ശക്തി.
? ഈ മൂന്നിടങ്ങളിലെയും നാടകപരിചരണത്തിലും സമീപനത്തിലും എന്ത് വ്യത്യസ്തതയാണ് അനുഭവപ്പെട്ടത്.

= കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍വച്ച് എന്റെ അഭിനയരീതിയെ എല്ലാവരും വേറിട്ടുകണ്ടു. കേരളത്തില്‍ സൈലന്‍സ് ആക്ടിങ്ങിന് മുന്‍തൂക്കം ഉണ്ട്; കൊല്‍ക്കത്തയില്‍ ഏറെയും റിയലിസ്റ്റിക് നാടകങ്ങളായിരുന്നു. ഡല്‍ഹിയാണെങ്കില്‍ പരീക്ഷണ നാടകങ്ങളുടെ കേന്ദ്രമാണ്. നാടകശാലക്കു മുമ്പിലെ വലിയ ക്യൂ അതെനിക്ക് പുതിയ അനുഭവമായിരുന്നു.

? പുതിയ സ്ത്രീ നാടകഭാഷ കണ്ടെത്തുന്നതിനുള്ള മറ്റുശ്രമങ്ങള്‍.
= 1994ല്‍ രൂപീകരിച്ച 'അഭിനേത്രി' അത്തരമൊരു ശ്രമമാണ് മുന്നോട്ടുവെച്ചത്. ശ്രീലതയും സുധിയുമായും ചേര്‍ന്നാണ് അഭിനേത്രി ആരംഭിച്ചത്. ശ്രീലതയും സുധിയും സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രൊഡക്ടായിരുന്നു. കൂത്താട്ടുകുളം ക്യാമ്പില്‍ വെച്ചാണ് ഇവരെ പരിചയപ്പെടുന്നത്. അങ്ങനെയാണ് ശങ്കരപ്പിള്ളയുടെ ഏതോ ചിറകടിയൊച്ചയും ഇരുളില്‍ അലിയുന്ന സന്ധ്യയും കൂട്ടിച്ചേര്‍ത്ത് പുതിയ സ്ക്രിപ്റ്റ് ചെയ്ത്, നാടകം ചെയ്യുന്നത്. പുരാണ കഥാപാത്രങ്ങളായ കുന്തിയുടെയും കര്‍ണന്റെ പോറ്റമ്മയായ രാധയുടെയും ജീവിതാവസ്ഥ ആവിഷ്കരിക്കുന്നതായിരുന്നു ഈ നാടകം. മലയാള നാടകവേദിയില്‍ സ്ത്രീപക്ഷ നാടകഭാഷ കണ്ടെത്തുന്നതിലുള്ള ആദ്യത്തെ പ്രധാന ശ്രമങ്ങളിലൊന്നായിരുന്നു അഭിനേത്രി.
 
? യഥാര്‍ഥത്തില്‍ നമ്മുടെ അരങ്ങ് പൂര്‍ണമായും പുരുഷ അരങ്ങായിരുന്നോ.
= തീര്‍ച്ചയായും. പണ്ട് നാടകത്തില്‍ നടികളായിട്ടുമാത്രമാണ് സ്ത്രീകളുടെ പ്രസന്‍സ്. അല്ലെങ്കില്‍ നാടക എഴുത്തുകാരികളും സംവിധായികകളും നമ്മുടെ കാഴ്ചപരിധിയില്‍ ഇല്ലായിരുന്നു. അമേച്വര്‍ നാടകത്തിലൊക്കെ അഭിനയമല്ലാതെ മറ്റൊന്നും അവര്‍ക്ക് ചെയ്യാനുണ്ടായിരുന്നില്ല. സ്ക്രിപ്റ്റ് ഡിസ്കഷനിലൊന്നും അവരെ പങ്കാളികളാക്കിയിരുന്നില്ല. എല്ലാ അര്‍ഥത്തിലും നാടകം ഇവിടെ പുരുഷന്റെ കലയായിരുന്നു. അതിനൊക്കെ കുറച്ചു മാറ്റം വരുന്നത് അടുത്തകാലത്താണ്.

? നാടകത്തെ കേരളീയ പാരമ്പര്യവുമായി ചേര്‍ത്തുനിര്‍ത്തുന്നതില്‍ തനത് നാടകങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍ അതിന്റെ പരിചരണരീതികളും ചുവടുകളും തീര്‍ത്തും പുരുഷകേന്ദ്രതമായിരുന്നില്ലേ.

= അതിന് കാരണം അന്നത്തെ നാടകപ്രവര്‍ത്തകര്‍ പുരുഷന്മാരായിരുന്നല്ലോ. അപൂര്‍വമായി എത്തിയ സ്ത്രീകളെ ഒഴിവാക്കിയാല്‍, തനതിന്റെയും കേന്ദ്രം പുരുഷന്‍ തന്നെയായിരുന്നു. തനത് നാടകക്കളരിയില്‍ ആണുങ്ങളും പെണ്ണുങ്ങളും ഒരേ എക്സര്‍സൈസിലൂടെയാണ് കടന്നുപോയിരുന്നത്. സ്ത്രീകള്‍ക്ക് പലപ്പോഴും അത് ബുദ്ധിമുട്ടാവാറുണ്ട്. സ്ത്രീകളുടേത് പുരുഷന്റെ തലത്തിലുള്ള എനര്‍ജിയല്ല. അതുകൊണ്ടുതന്നെ പലപ്പോഴും സ്ത്രീകള്‍ക്ക് തങ്ങളുടെ സ്പെയിസ് അല്ല എന്ന തോന്നലുണ്ടാക്കും. എന്നാല്‍ നാടകം കണ്ടുപഠിക്കാനോ ചെയ്തു പഠിക്കാനോ അവസരമില്ലാത്ത സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആ നാടകക്കളരി പ്രസ്ഥാനം ആശ്വാസവുമായിരുന്നു.

? അങ്ങനെ നോക്കുമ്പോള്‍ തൊണ്ണൂറുകള്‍ക്കുശേഷമാണ് സ്ത്രീ അരങ്ങ് പൂര്‍ണമായും സാധ്യമായതെന്ന് പറയാം അല്ലേ. അതുണ്ടാക്കിയ ഫലങ്ങള്‍ എന്തെല്ലാമായിരുന്നു
.

= സ്ത്രീ നാടകാന്വേഷണം ഗൌരവപ്പെട്ട ഒന്നാണെന്ന തോന്നലുണ്ടാക്കുന്നതില്‍ തൊണ്ണൂറുകള്‍ക്കുശേഷം സാധ്യമായ സ്ത്രീ നാടകാവിഷ്ക്കരണങ്ങള്‍ക്കു വലിയ പങ്കുണ്ട്. ഇപ്പോള്‍ ഒരുപാട് സ്ത്രീകള്‍ നാടകത്തില്‍ പ്രവര്‍ത്തിക്കുന്നത് നടികളായിട്ടു മാത്രമല്ല നാടകപ്രവര്‍ത്തകരായിട്ടു കൂടിയാണ് അവര്‍ തങ്ങളെ ആവിഷ്കരിക്കുന്നത്. നാടകത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ ഒട്ടേറെ സ്ത്രീകള്‍ ഇന്ന് മലയാള നാടകരംഗത്തുണ്ട്. സമീപകാലത്ത് അശ്വതി വിജയന്‍ എന്ന നാടകപ്രവര്‍ത്തക എഴുതി സംവിധാനം ചെയ്ത സംസ്കൃത നാടകം 'കിമര്‍ത്തം ദ്രൌപതി' കണ്ടത് വലിയ സന്തോഷമുണ്ടാക്കി. അങ്ങനെ ഒരുപാടുപേര്‍. പണ്ട് ആലോചിക്കാന്‍ കഴിയാത്തത് ഇന്ന് എളുപ്പമാക്കിത്തീര്‍ക്കുന്നു. അരങ്ങില്‍ അവര്‍ക്ക് ആത്മവിശ്വാസം കൂടുതല്‍ വരുന്നു. ഇന്ന് സ്ത്രീകള്‍ അരങ്ങിനെ വളരെ സര്‍ഗാത്മക ഇടമായി മനസ്സിലാക്കുന്നുണ്ട്. ഇറ്റ്ഫോക്കിലൊക്കെ ഒരുപാട് സ്ത്രീകളുടെ പങ്കാളിത്തം കാണാം.

? ശരീരത്തിന്റെ വ്യത്യസ്തതയാര്‍ന്ന പ്രകടനങ്ങളാണ് നാടകമെന്ന മാധ്യമത്തെ നിര്‍ണയിക്കുന്നത്. പുരുഷന് ഇതെളുപ്പമാണ്. എന്നാല്‍ സ്ത്രീക്ക് സമൂഹം കല്‍പ്പിച്ച സദാചാരബന്ധിതമായ വിലക്കുകളെ അവഗണിച്ചുകൊണ്ട് തന്റെ ശരീരത്തിന്റെ വിനിമയസാധ്യതകളെ പൂര്‍ണമായ അര്‍ഥത്തില്‍ ഉപയോഗിക്കാന്‍ കഴിയാറുണ്ടോ.

= ശരിയാണ്. സ്ത്രീകളെ സംബന്ധിച്ച് ഒട്ടേറെ പരിമിതി സമൂഹം നിശ്ചയിച്ചിട്ടുണ്ട്; ഞങ്ങളുടെ കാലത്ത് പ്രത്യേകിച്ചും. എന്നാല്‍ ഇന്നത്തെ തലമുറ ഇതിനെയൊക്കെ പലതരത്തില്‍ ബ്രേക്ക് ചെയ്യുന്നുണ്ട്. ശരീരം അവര്‍ക്കൊരു ബാധ്യതയല്ലാതായിത്തീര്‍ന്നിരിക്കുന്നു. അതൊക്കെ നാടകമെന്ന മാധ്യമത്തെ കൂടുതല്‍ സ്ത്രീപക്ഷമാക്കിത്തീര്‍ക്കുന്നതിന് ഉപകരിക്കും. ഒരു പൊതു ഇടത്ത്, സ്റ്റേജില്‍ നിവര്‍ന്നുനില്‍ക്കാന്‍ ഞാനെടുത്ത സമയത്തിന്റെ നൂറിലൊരു അംശംപോലും അവര്‍ക്കിന്ന് വേണ്ടതില്ല.
? തെരുവിലും ശരീരംകൊണ്ട് സാധ്യമാകുന്ന പുതിയ സമരരൂപങ്ങളും വരുന്നുണ്ടല്ലോ. ചുംബനസമരമൊക്കെ അത്തരത്തിലൊന്നായിരുന്നല്ലോ. 'പൊതുസ്ഥലത്ത് പ്രകോപനപരമായി പകര്‍ന്നുനല്‍കുന്ന സ്വകാര്യ ചുംബനമാണ് കവിത' എന്ന് സച്ചിദാനന്ദന്‍ എഴുതി യിരുന്നു.

= തെരുവില്‍ നടക്കുന്ന ഇത്തരം പ്രകടനങ്ങള്‍ക്ക് ഒരു പെര്‍ഫോമന്‍സ് എലിമെന്റ് ഉണ്ട്. പ്രകോപനപരമായ ഒരു നാടകവും അതിനകത്തുണ്ട്. അതിനെ നമ്മളെന്തിനാണ് ഭയക്കുന്നത്. വ്യത്യസ്തമായി പ്രതികരിക്കാന്‍ ശ്രമിക്കുന്നവരാണ് ഈ യുവജനത. അവരുടെ വഴി സിസ്റ്റമാറ്റിക്കായ ഒരു സമരത്തിന്റെ വഴിയല്ല. എനിക്ക് വലിയ സന്തോഷം തോന്നുന്നു. പഴയകാലത്തും യാഥാസ്ഥിതികത്വത്തിനെതിരായ പ്രതികരണങ്ങളെ അക്കാലത്തെ സമൂഹവും വളരെ അസഹിഷ്ണുതയോടെയാണ് കണ്ടത്. എന്നാല്‍ പിന്നീട് കാലം അത് ശരിവെച്ചിട്ടുമുണ്ട്.

? കേരളത്തില്‍ പരിഷത്തിനെപ്പോലെയുള്ള സംഘടനകളും സംഘങ്ങളും സ്വീകരിച്ചിട്ടുള്ള പ്രൊപ്പഗന്റാ തിയേറ്ററിന്റെ ഭാവിയെ എങ്ങനെയാണ് മനസ്സിലാക്കുന്നത.്

= വളരെ വൈബ്രന്റായ ഒരു സംഘത്തിന് മാത്രമെ ക്രാഫ്റ്റിലോ പ്രമേയത്തിലോ പുതിയതെന്തെങ്കിലും കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ മുന്നോട്ടുപോകുന്ന സംഘങ്ങള്‍ക്ക് മാത്രമെ എന്തെങ്കിലും സംഭാവന ചെയ്യാന്‍ കഴിയൂ. അല്ലെങ്കില്‍ തങ്ങളുടെ പഴയ പ്രതാപത്തെ ആവര്‍ത്തിക്കുക എന്നതാണ് സംഭവിക്കുക. ആ അര്‍ഥത്തില്‍ പരിഷത്തിന്റെ ഇപ്പോഴത്തെ നിലയില്‍ അത് എളുപ്പമല്ല. പരിഷത്ത് മുന്നോട്ടുവെക്കുന്ന തിയേറ്റര്‍ ആലോചനയ്ക്കും അതുകൊണ്ടുതന്നെ ആ കുഴപ്പമുണ്ട്.

? സ്വാധീനിച്ച നാടകസങ്കല്‍പ്പത്തെക്കുറിച്ച്

= ചൈനയിലെ നാടകദിനങ്ങളില്‍ പരിചയപ്പെട്ട പ്ളേ ബേക്ക് തിയേറ്റര്‍ ഗ്രൂപ്പും അവരുടെ നാടകങ്ങളും എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. പെട്ടെന്ന് അവര്‍ തീര്‍ക്കുന്ന നാടകങ്ങളുടെ ശക്തി ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. സ്ത്രീകളുടെ കഥകള്‍ കേള്‍ക്കുക, അത് അപ്പോള്‍ നാടകമാക്കി അവതരിപ്പിക്കുക, അവതരണത്തിന്റെ അവസാനത്തില്‍ അവരുടെ പ്രശ്നത്തെ മറികടക്കാനുള്ള സാധ്യതകള്‍ പല രീതികളില്‍ അവതരിപ്പിച്ചുനോക്കുക. ഒരേസമയം ഗൌരവവും വളരെ സര്‍ഗാത്മകതയുള്ളതുമായ ആ നാടകരീതി എന്നെ ഏറെ ആകര്‍ഷിച്ചു. എന്നെങ്കിലും അങ്ങനെ ഒരു സ്ത്രീസംഘം ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ട്.

? നാടകത്തിന്റെ വേര്‍തിരിവുകളായ പ്രൊഫഷണല്‍, അമേച്വര്‍ എന്ന സങ്കല്‍പ്പത്തിന്റെ അതിരുകള്‍ ഇന്ന് മാഞ്ഞുപോവുകയും രണ്ടിന്റെയും സ്വഭാവത്തെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തവിധം ഒന്നായിത്തീരുകയും ചെയ്യുന്നുണ്ടോ.

= അമേച്വര്‍ നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ഇപ്പോള്‍ പ്രൊഫഷണല്‍ നാടകങ്ങളുടെ നിര്‍മാണത്തിനും പങ്കുചേരുന്നുണ്ട്. അതിനാല്‍ ഇവ തമ്മില്‍ പഴയതുപോലുള്ള വേര്‍തിരിവ് കാണാന്‍ സാധിക്കില്ല.

? ഇന്ന് ജനപ്രിയപഠനം വളരെ പ്രധാനപ്പെട്ട വിഷയമാണ്. സിനിമ, സാഹിത്യം തുടങ്ങിയവയില്‍ പ്രത്യേകിച്ചും. എന്നാല്‍ നാടകമേഖലയില്‍ ഇതിന്റെ സ്വാധീനം എങ്ങനെയാണ്.
= പ്രൊഫഷണല്‍ നാടകം അടുത്തകാലം വരെ നമ്മുടെ അക്കാദമികളില്‍ ഡിസ്കഷന്‍ പോയിന്റേ ആയിരുന്നില്ല. ഞാന്‍ തന്നെ അതിലെ നടികളെക്കുറിച്ച് പഠിക്കുമ്പോള്‍ എന്നോട് പലരും ചോദിച്ചിരുന്നു. എന്തിനാണ് പ്രൊഫഷണല്‍ നാടകത്തെക്കുറിച്ച് പഠിക്കുന്നതെന്ന്. കേള്‍ക്കുമ്പോള്‍തന്നെ പരിഹാസമായിരുന്നു. ഇപ്പോഴും അത് വേണ്ടത്ര മാറി എന്ന് എനിക്കുതോന്നുന്നില്ല. നമ്മുടെ നാടകപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും പ്രൊഫഷണല്‍ നാടകവേദിയുടെ ഭാഗമാണ്. അവരുടെ അധ്വാനവും വിയര്‍പ്പും കൂടിച്ചേര്‍ന്നതാണ് മലയാളനാടകവേദി. അത് ഒട്ടും കുറച്ചുകാണാനാവില്ല.
? നമ്മുടെ നാടകനിരൂപണം നോവല്‍ നിരൂപണംപോലെ കവിതാ നിരൂപണം പോലെ പക്വതയാര്‍ജിച്ചിട്ടുണ്ടോ

= ഇല്ലെന്നുവേണം പറയാന്‍. കാരണം പല സെമിനാറുകളിലും പങ്കെടുക്കുമ്പോള്‍ മലയാള നാടകനിരൂപണരംഗം എത്ര ശുഷ്കവും ചപലവുമാണെന്ന് തോന്നിയിട്ടുണ്ട്. നാടകഭാഷയും രംഗഭാഷയും അറിയുന്നവര്‍, ലോകത്ത് നാടകരംഗത്ത് നടക്കുന്ന മാറ്റങ്ങള്‍ അറിയുന്നവര്‍, പ്രാദേശിക നാടകധാരകളില്‍ ധാരണയുള്ളവര്‍ ഇതൊക്കെ ചേര്‍ന്ന ഒരു നിരൂപണം മലയാളത്തില്‍ കാണാന്‍ പ്രയാസമാണ്. നാടകചരിത്ര രചന ഇപ്പോഴും ഗൌരവത്തോടെ കാണേണ്ട മേഖലയായി നാടകരംഗത്തുള്ളവര്‍ പോലും കാണുന്നില്ല.

? ഇറ്റ്ഫോക്ക് (International Theatre Festival of Kerala) കേരളത്തിലെ നാടകാവബോധത്തില്‍ ഉണ്ടാക്കിയ ചലനങ്ങള്‍.

= ഇറ്റ്ഫോക്ക് നാടകരംഗത്തെ സംബന്ധിച്ച് വലിയ സാക്ഷരതയുണ്ടാക്കിയിട്ടുണ്ട്. ഐഎഫ്എഫ്കെ സിനിമാ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കിയപോലെ, പുതിയ സിനിമാ പ്രവര്‍ത്തകരെ ഉണ്ടാക്കിയതുപോലെ ഇറ്റ്ഫോക്ക് വ്യത്യസ്തരായ നാടക പ്രവര്‍ത്തകരെയും ഉണ്ടാക്കും. ഏറ്റവും സമകാലികമായ പല നാടകഡിസൈനുകളും ഇറ്റ്ഫോക്ക് ഇവിടെ പരിചയപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ടെക്സ്റ്റ് ഓറിയന്റായിട്ടാണ് ഇവിടെ നാടകം നിന്നത്. പല വിദേശകൃതികളും വായിച്ചിട്ടായിരുന്നു ഇവിടെ പലപ്പോഴും നാടകത്തിന്റെ ഫോം രൂപപ്പെട്ടിരുന്നത.് എന്നാല്‍ ഇന്ന് അങ്ങനെയല്ല. പുതിയ പെര്‍ഫോമന്‍സുകൂടി പരിചയപ്പെട്ടവര്‍ക്കുമാത്രമെ മികച്ച നാടകം എഴുതാന്‍ കഴിയുമെന്നായിരിക്കുന്നു. ഒരു പ്രോബ്ളം മാത്രം എനിക്ക് തോന്നാറ്, ഇറ്റ്ഫോക്കില്‍ വരുന്ന ഹൈലികോസ്റ്റ്ലി പ്രൊഡക്ഷനുള്ള നാടകങ്ങള്‍ നമ്മളില്‍ വലിയ അന്ധാളിപ്പ് ഉണ്ടാക്കുന്നുണ്ട.് അത് നമ്മുടെ സാധ്യതകളെ നിരാകരിക്കുന്നതിലേക്ക് നയിക്കരുത്. നമ്മുടെ നാടകങ്ങള്‍ക്ക് നമ്മുടെ വഴിയുണ്ടാവണം. എന്റെ നാടകങ്ങള്‍ക്ക് എന്റെ വഴിയാണ്. അതിന് ആവശ്യമായ ഡിസൈന്‍ ആണ് ഞാനൊരുക്കേണ്ടത്.


? രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംഗീതനാടക അക്കാദമിയുടെ അജന്‍ഡകളെ നിര്‍ണയിക്കാറുണ്ടോ.


= ഓരോ ഗവണ്‍മെന്റ ് മാറുമ്പോള്‍ അക്കാദമികളുടെ മൊത്തം പെര്‍സെപ്ക്ടീവും മാറും. അതുവരെ പ്ളാന്‍ചെയ്ത എല്ലാ പ്രോഗ്രാമുകളെയും തകിടം മറിക്കും. കൃത്യമായ ഗൈഡ് ലൈനുകളില്ലാതെയാണ് ഇറ്റ്ഹോക്ക് പോലുള്ള വലിയ ഫെസ്റ്റിവലുകള്‍ നടത്തുന്നത്. അതാതു കാലത്തെ കമ്മിറ്റികളുടെ താല്‍പ്പര്യമനുസരിച്ച് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ മാറിവരുന്നു. ലോംഗ് ടേം പെര്‍സ്പെക്ടീവ് അവിടെ വിഷയമല്ല. അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കലാകാരന്മാരെയും കലാരൂപങ്ങളെയുമാണ്. എങ്കിലും ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അക്കാദമികളിലൊന്നാണ് ഇന്നും കേരള സംഗീതനാടക അക്കാദമി.

? നാടക അക്കാദമിയുടെ തലപ്പത്ത് പലപ്പോഴും ചലച്ചിത്രതാരങ്ങളെയാണ് വാഴിക്കാറുള്ളത്. ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് നാടകക്കാരെ വാഴിക്കാറില്ല. എന്തുകൊണ്ടാണ് ഇങ്ങനെ.


= അതിനെ വളരെ നെഗറ്റീവായി കാണണമെന്നില്ല. മുരളിയേട്ടനെപ്പോലെ നാടകമേഖലയില്‍ കഴിവുതെളിയിച്ചിട്ടുള്ള ആളുകള്‍, പിന്നീട് ചലച്ചിത്രത്തില്‍ വന്നു എന്നതുകൊണ്ട് അവരെ മാറ്റിനിര്‍ത്തേണ്ടതില്ല. മുകേഷിന്റെ കാര്യവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. പിന്നെ, ഇതൊക്കെ അതാത് ഗവണ്‍മെന്റിന്റെ കൂടി താല്‍പ്പര്യങ്ങളാണ്.


? ഇപ്പോള്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് ഗജേന്ദ്ര ചൌഹാനെയാണ് കൊണ്ടുവന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് പലരെയും പിരിച്ചുവിട്ടു. ദേശീയതലത്തില്‍ സാംസ്കാരികസ്ഥാപനങ്ങളെ മൊത്തത്തില്‍ ഹിന്ദുത്വരാഷ്ട്രീയം പിടികൂടുന്നുണ്ടോ.


= ഇപ്പോള്‍ ഇത്തരം സാംസ്കാരിക സ്ഥാപനങ്ങളില്‍ ജോലി ചെയ്യുക എളുപ്പമല്ല. വലിയ സമ്മര്‍ദങ്ങളുണ്ടാകും. പിന്നില്‍ പലതരം അജന്‍ഡകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു സ്ഥാപനത്തെ എങ്ങനെ തകര്‍ക്കാം എന്നതിന്റെ ഉദാഹരണമാണ് ഗജേന്ദ്ര ചൌഹാനെപ്പോലുള്ള ഒരാളെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് കൊണ്ടുവന്നത്. രാഷ്ട്രീയ ഹിന്ദുത്വം കള്‍ച്ചറിനെയാണ് ആദ്യം പിടികൂടുന്നത്. ഇത്തരം കാര്യങ്ങളോട് ആദ്യം വിധേയപ്പെടുന്നത് ആര്‍ട്ടിസ്റ്റുകളാണ്. പലപ്പോഴും അക്കാദമികളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹിന്ദുക്കളുടെ മാത്രം കലാരൂപങ്ങളേ ഇന്ത്യയില്‍ ഉള്ളൂ എന്നു തോന്നും. ഒരു മുസ്ളിം ആയ ആര്‍ട്ടിസ്റ്റിനുപോലും ഹിന്ദുവായി അഭിനയിക്കേണ്ടിവരുന്ന സ്ഥിതിയാണുള്ളത്. ആര്‍ട്ടിസ്റ്റുകള്‍ ഓള്‍റെഡി അതിന്റെ അറ്റത്താണ് നില്‍ക്കുന്നത്. അവരെ എളുപ്പത്തില്‍ ആകര്‍ഷിക്കാം. ഇന്ന് ഇത് വളരെ സ്വാഭാവികമാണ്. കമ്മിറ്റിയിലൊക്കെ മുസ്ളിം അംഗങ്ങളുണ്ടെങ്കിലും ഫൈനല്‍ ഡിസിഷനില്‍ ഒരു ഹിന്ദു പൊളിറ്റിക്സാണ് വര്‍ക്കുചെയ്തു കാണുന്നത്.


? നിങ്ങള്‍ ചലച്ചിത്ര അക്കാദമിയില്‍ പ്രവര്‍ത്തിച്ച കാലത്ത് എടുത്തപറയത്തക്ക മാറ്റങ്ങള്‍ എന്തൊക്കെയായിരുന്നു.

= ചലച്ചിത്ര അക്കാദമി എന്നാല്‍ ഐഎഫ്എഫ്കെ മാത്രമായിരുന്നില്ല. ഒട്ടനവധി പ്രോഗ്രാമുകളും വര്‍ക്ക്ഷോപ്പുകളും അക്കാലത്ത് നടത്തിയിരുന്നു. ടൂറിങ് ടാക്കീസിനായി രണ്ടു വണ്ടികള്‍ കൂടി ഓടിത്തുടങ്ങി. നല്ല സിനിമകളുടെ ശേഖരം തന്നെ കണ്ണൂരിലെയും തൃശൂരിലെയും താല്‍ക്കാലിക ഓഫീസുകളില്‍ സൂക്ഷിച്ചു. അതെല്ലാം ഇന്ന് ഇല്ലാതായി. നല്ലൊരു പുസ്തകശേഖരം അവിടെ ഉണ്ടായിരുന്നു. പിന്നീടതിലേക്ക് ഒരു പുതിയ പുസ്തകം പോലും വാങ്ങിയതായി അറിവില്ല.


? സജിത അഭിനയിച്ച ആദ്യ സിനിമ.

= അടൂരിന്റെ നിഴല്‍ക്കുത്ത് ആയിരുന്നു. ഒറ്റ സീനിലായിരുന്നു അഭിനയിച്ചത്.

? നാടകവും സിനിമയും വ്യത്യസ്ത മാധ്യമങ്ങളാണ്. നാടകത്തിന്റെ തട്ടില്‍ വിജയിച്ച പലരും ക്യാമറയ്ക്കുമുന്നില്‍ പരാജയമായിരുന്നു. പക്ഷേ, താങ്കള്‍ അതിനെ മറികടന്നിട്ടുണ്ട്. ഷട്ടര്‍ എന്ന സിനിമയില്‍ സജിത ചെയ്ത കേന്ദ്രകഥാപാത്രം അതുവരെ മലയാളസിനിമ പരിചരിച്ച രീതിയിലായിരുന്നില്ല.


= ഞാന്‍ കൈരളിയില്‍ പെണ്‍മലയാളം ചെയ്യുന്ന കാലത്ത് ഒരുപാട് സ്ത്രീജീവിതങ്ങളുമായി ബന്ധപ്പെടുകയുണ്ടായി.
ഷട്ടര്‍
അതില്‍ സെക്സ് വര്‍ക്കേഴ്സും ഉണ്ടായിരുന്നു. അവരുമായി ബന്ധപ്പെട്ട വിഷയങ്ങളും ഞാന്‍ അവതരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ശരീരഭാഷയെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ എനിക്ക വസരമുണ്ടായി. ജോയ് മാത്യുവിന്റെ സ്ക്രിപ്റ്റ് അതിനെ ശരിവെക്കുന്നതായിരുന്നു. അതിനാല്‍ സിനിമയിലെ ആ കഥാപാത്രത്തിന്റെ ശരീരഭാഷയിലേക്ക് എളുപ്പം സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, ജോയ് മാത്യു ഉള്‍പ്പെടെയുള്ള ഒരു കോഴിക്കോടന്‍ ടീം വര്‍ക്കായിരുന്നു അത്. അതിന്റെ സന്തോഷം ആ കഥാപാത്രത്തിന് മിഴിവേകുന്നതിലുമുണ്ടായിരുന്നു.

? ആത്മാവിഷ്കാരത്തിന് കൂടുതല്‍ തൃപ്തി നല്‍കുന്നത് സിനിമയാണോ നാടകമാണോ.

= എനിക്ക് ആക്ടിങ് എന്ന പ്രോസസിലാണ് കംഫര്‍ട്ട് തോന്നാറ്. അത് നാടകമാണോ സിനിമയാണോ എന്നുള്ളതല്ല. നാടകം എനിക്ക് പരിചിതമായ മാധ്യമമാണ്. സിനിമ അഭിനയം അതുകൊണ്ടു തന്നെ ചാലഞ്ചിങ് ആണ്.

? നാടകം സംവിധാനം ചെയ്ത അനുഭവമുണ്ടല്ലോ. സിനിമ.

= അതൊന്നും എന്റെ വിഷയമേ അല്ല. സിനിമയില്‍ ഭാവിയില്‍ ചെയ്യാന്‍ സാധ്യതയുള്ള ഒരു കാര്യം സ്ക്രിപ്റ്റായിരിക്കും. അതെന്നെ വല്ലാതെ എക്സൈറ്റ് ചെയ്യുന്നുണ്ട്. സ്ക്രിപ്റ്റ് ഡിസ്കഷനില്‍ ചിലപ്പോള്‍ പങ്കാളിയാകാറുമുണ്ട്


? അരങ്ങില്‍നിന്ന് സ്ക്രീനിലേക്കെത്തിയപ്പോള്‍ നടി എന്ന നിലയില്‍ കിട്ടിയ പരിഗണനയിലെ വ്യത്യാസം.

= നാടകത്തില്‍ അഭിനയിക്കുന്ന കാലത്ത് 'നാടകനടി' എന്ന പതിവ് ഒരു നെഗറ്റീവ് ഇമേജ് എനിക്കുണ്ടായതായി തോന്നിയിട്ടില്ല. ഞാന്‍ നാടകം ചെയ്തപ്പോഴൊക്കെ എന്നെ അംഗീകരിച്ചിട്ടുണ്ട്. പിന്നെ എന്റെ ഓഡിയന്‍സിനും വ്യത്യാസമുണ്ടായിരുന്നു. അവര്‍ നാടകത്തെ ഗൌരവത്തോടെ കാണുന്നവരായിരുന്നു. പക്ഷേ, നാടകനടിക്കു കിട്ടുന്നതിനേക്കാള്‍ വലിയ പരിഗണന തീര്‍ച്ചയായും 'സിനിമാനടി' എന്ന നിലയില്‍ ലഭിക്കും, കാരണം സിനിമയുടെ റീച്ചും ഗ്ളാമറും തന്നെയാണ്. അത് കലാകാരി എന്ന നിലയില്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്.

? à´¸à´¿à´¨à´¿à´®à´¯à´¿à´²àµâ€ സജിതയുടെ കഥാപാത്രങ്ങള്‍ ടൈപ്പ് ആയി മാറുന്നുണ്ടോ.

= അതിനുമാത്രം സിനിമകള്‍ ഞാന്‍ ചെയ്തിട്ടില്ല. ആക്ടിങ്ങില്‍ ഡിഫറന്‍സ് കൊണ്ടുവരാന്‍ എനിക്കുകഴിഞ്ഞിട്ടില്ലെങ്കില്‍ എന്റെ അഭിനയത്തിന് കുഴപ്പമുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. പരമാവധി വ്യത്യസ്തമാക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ നടത്തുന്നുണ്ട്. നമ്മുടെ സിനിമകളില്‍ ഏജന്‍സിയുള്ള സ്ത്രീ കഥാപാത്രങ്ങള്‍ കുറവാണ്. അതില്‍ത്തന്നെ മിഡില്‍ ഏജ് സ്ത്രീകഥാപാത്രങ്ങള്‍ക്ക് 'അമ്മവേഷങ്ങളുടെ' പരിമിതമായ വട്ടങ്ങളേ സിനിമ നല്‍കാറുള്ളൂ. ജീവിതത്തില്‍ ഞാന്‍ കാണിക്കുന്ന, എന്നെപ്പോലുള്ള സ്ത്രീകള്‍ കാണിക്കുന്ന ഇടപെടല്‍ സിനിമയില്‍നിന്ന് ഒരിക്കലും ലഭ്യമല്ല
എന്നു തോന്നുന്നു. എന്നാല്‍ ഇതേ പ്രായമുള്ള പുരുഷകഥാപാത്രങ്ങള്‍ക്ക് ധാരാളം അഭിനയസാധ്യതയുണ്ട്, കഥാപാത്രങ്ങളുമുണ്ട്. ആണ്‍ലോകത്തിന്റെ ആഘോഷമാണ് ക്യാമറയ്ക്കു മുമ്പിലും പിറകിലും.

 ? സജിത ഇന്നൊരു ചലച്ചിത്രനടിയാണ്. നൃത്തത്തില്‍നിന്ന് സിനിമയിലേക്കെത്തിയവര്‍ തിരിച്ച് നൃത്തത്തില്‍ സജീവമാകാറുണ്ട്. എന്നാല്‍ നാടകമേഖലയില്‍നിന്ന് സിനിമയിലേക്ക് പോയവരാരും രണ്ടുമാധ്യമത്തിലും ഒരുപോലെ ഇടപെടുന്നതായി കാണാറില്ല. സജിതക്ക് നാടകത്തിലേക്ക് ഒരു തിരിച്ചുവരവ്് ഇനി സാധ്യമാണോ.

= തിരിച്ചുവരവോ? ഞാനതിന് എവിടെയും പോയിട്ടില്ലല്ലോ! ഞാന്‍ ചലച്ചിത്ര അക്കാദമിയില്‍ ജോലി ചെയ്യുമ്പോള്‍ എഴുതിയ പുസ്തകമാണ് 'മലയാള നാടക സ്ത്രീചരിത്രം'. നാടകത്തിന്റെ ലോകം തന്നെയാണ് എന്നെ നയിക്കുന്നത്. കേരളത്തിലായിരിക്കുമ്പോഴും പുറത്തായിരുന്നപ്പോഴും ഇവിടത്തെ പ്രാദേശികമായ നാടകപരീക്ഷണങ്ങളെക്കുറിച്ചറിയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. നാടകാഭിനയവും സംവിധാനവും കുറേ സമയം ആവശ്യപ്പെടുന്നതും ഒരു സംഘകലയുമാണ്. എന്റെ സാഹചര്യം അതിനു പറ്റുന്നതായിരുന്നില്ല. ഇപ്പോള്‍ കേരളത്തിലെത്തിയ സാഹചര്യത്തില്‍ ഒരു പുതിയ പ്രോജക്ട് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതുടനെയുണ്ടാകും.


? മലയാളനാടക സ്ത്രീചരിത്രം. മലയാളത്തിലെ അസാധാരണമായ ഒരു ചരിത്രപുസ്തകമാണ്. എങ്ങനെയാണ് ഇങ്ങനെയൊരു ചരിത്രാഖ്യാനത്തിലേക്കെത്തിയത്.

= പതിനാല് വര്‍ഷത്തോളം ഞാന്‍ നടത്തിയ റിസര്‍ച്ച് വര്‍ക്കാണ് ആ പുസ്തകം. പല തലത്തിലുള്ള ഗവേഷണങ്ങളുടെ ആകെത്തുക. തിയേറ്ററില്‍ ജന്റര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നന്വേഷിക്കാനുള്ള ഒരു ശ്രമം. പക്ഷേ, ഇത്തരമൊരന്വേഷണത്തിന് എന്റെ മുന്നില്‍ ഒരു ബേസിക് ടെക്സ്റ്റ്പോലും ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ എഴുതിയ സ്മരണകളിലുള്ള ചില നടികളെക്കുറിച്ചുള്ള പരാമര്‍ശം മാത്രമായിരുന്നു. അന്വേഷിച്ചു തുടങ്ങിയപ്പോള്‍ ആ വലിയ പെണ്‍ലോകം എന്റെ മുമ്പിലെത്തി. എനിക്കുമുമ്പേയുള്ള നടികള്‍ ആരാണ്. അവര്‍ക്കുമുമ്പുള്ളവര്‍ ആരായിരുന്നു. എന്തുകൊണ്ടാണ് അവരെക്കുറിച്ച് ഒന്നും എഴുതാതിരുന്നത്? അങ്ങനെ ഞാന്‍ കേരളം മുഴുവന്‍ നടന്ന് കുറേയധികം നാടകപ്രവര്‍ത്തകരെ ഇന്റര്‍വ്യൂ ചെയ്ത് ഒട്ടേറെ വിവരങ്ങള്‍ ശേഖരിച്ചു. അവരുമായി വ്യക്തിപരമായി ഞാന്‍ നടത്തിയ സംഭാഷണങ്ങളില്‍നിന്ന് ഡെവലപ്പുചെയ്ത ഹിസ്റ്ററിയാണത്.
മലയാള സ്ത്രീ നാടകചരിത്രം എന്നാണ് പലരും ഈ പുസ്തകത്തെ തെറ്റിദ്ധരിച്ചത്, സ്ത്രീ നാടകചരിത്രം
 സ്പൈനല്‍ കോഡ്
വേറൊരു ധാരയാണല്ലോ. അത് സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുള്ള നാടകങ്ങളുടെ ചരിത്രമാണ്. എന്നാല്‍ ഇത് മലയാള നാടകസ്ത്രീ ചരിത്രമാണ്. അതില്‍ എവിടെയാണ് സ്ത്രീ പ്ളെയ്സ് ചെയ്യപ്പെട്ടത് എന്ന അന്വേഷണമാണ്. ഇപ്പോഴും ചിത്രങ്ങള്‍ പൂര്‍ണമല്ല. ഈ എഴുത്തിന് പല വഴികളാണ് ഞാന്‍ സ്വീകരിച്ചത്. പേഴ്സണല്‍ നറേറ്റീവ്സ്, ബയോഗ്രഫി, റിട്ടണ്‍ ഹിസ്റ്ററി അങ്ങനെയങ്ങനെ പലതും. പള്ളുരുത്തി ലക്ഷ്മിയും ഓച്ചിറ വേലുക്കുട്ടിയും പി കെ മേദിനിയും സുധര്‍മയും കെപിഎസി സുലോചനയും നിലമ്പൂര്‍ ആയിഷയും ശാന്താദേവിയും ഒക്കെ അവരുടെ സര്‍ഗാത്മക ജീവിതംകൊണ്ട് എന്നെ അന്ധാളിപ്പിച്ചവരാണ്. ഈ പുസ്തകത്തിന് കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിക്കുകയുണ്ടായി.
 ? കോഴിക്കോടന്‍ ബിരിയാണി, കോഴിക്കോടന്‍ അലുവ, കോഴിക്കോടന്‍ ഭാഷ ഒക്കെപ്പോലെ കേരളത്തിന്റെ പൊതുപാരമ്പര്യങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു കോഴിക്കോടന്‍ നാടകപാരമ്പര്യവുമില്ലേ.

= മലബാര്‍ കേന്ദ്ര കലാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ കോഴിക്കോട് നാടകാവേശത്തിന്റെ നടുപന്തിയിലായിരുന്നു. കോഴിക്കോടിന് ആഴത്തില്‍ വേരുകളുള്ള ഒരു നാടകപാരമ്പര്യമുണ്ട്. അത് ചരിത്രത്തില്‍ അടയാളപ്പെടുത്താതെ ബാക്കി കിടക്കുകയുമാണ്. ഡോ. ശ്രീകുമാര്‍ അതിനായി ഏറെ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
 
? മലയാളസിനിമ സ്ത്രീ ചരിത്രവുമായി ബന്ധപ്പെട്ട് 'അവള്‍ വെള്ളിത്തിരയില്‍' എന്ന ഒരു ഫോട്ടോ പ്രദര്‍ശനം സജിത നടത്തിയിരുന്നല്ലോ.
= അത് ചെയ്യുമ്പോഴാണ് മനസ്സിലായത് സിനിമ എന്ന മാധ്യമത്തിലും സ്ത്രീകളെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ അവൈല്ബിള്‍ അല്ല. ഐഎഫ്എഫ്കെയിലാണ് ആദ്യം ഈ പ്രദര്‍ശനം നടത്തിയത്. ഈ പ്രദര്‍ശനം നടക്കുമ്പോള്‍ രസകരമായ അനുഭവമുണ്ടായി. മലയാളത്തിലെ പുതുതലമുറയിലെ ഒരു നടി 'എന്റെ ഫോട്ടോ എന്താണ് പ്രദര്‍ശിപ്പിക്കാത്തത്' എന്നു ചോദിച്ചു വഴക്കടിച്ചു. അപ്പോള്‍ ഞാന്‍ വിചാരിച്ചു. 80 വര്‍ഷത്തിലധികമുള്ള ചരിത്രത്തില്‍ അവരും ഞാനുമൊക്കെ എന്ത് കോണ്‍ട്രിബ്യൂഷനാണ് നല്‍കിയിട്ടുള്ളത്. സിനിമാലോകത്ത് സ്ട്രഗ്ള്‍ ചെയ്താണ് സ്ത്രീകള്‍ തങ്ങളെ പ്ളെയിസ് ചെയ്തത്. അതേക്കുറിച്ചുള്ള രേഖകളൊന്നും മുഴുവന്‍ നമുക്ക് ലഭ്യമല്ല. എങ്കിലും കുറേയൊക്കെ സംഘടിപ്പിച്ച് പ്രദര്‍ശിപ്പിച്ചു. തൃശൂരും കോഴിക്കോട്ടും പ്രദര്‍ശിപ്പിച്ചിരുന്നു. ആ ചരിത്രവുമായി ബന്ധപ്പെട്ടും ഒരു പുസ്തകം കൂടി ഇറക്കണമെന്ന് അക്കാദമി അന്ന് ആഗ്രഹിച്ചിരുന്നു. നടന്നില്ല.
 
? കേരളത്തില്‍ വ്യത്യസ്തമായ പെണ്‍ നാടകവഴിയായി സജിത കണ്ടത്.

= അക്കൂട്ടത്തില്‍ തൃശൂരിലെ ശ്രീജ ആറങ്ങോട്ടുകരയുടെ നാടകങ്ങളാണ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. അവരുടെ നാടകത്തിന്റെ പ്രോസസ് എനിക്കു വലിയ ഇഷ്ടമാണ്. അവര്‍ക്ക് കുടുംബത്തിന്റെയും നാടകസംഘത്തിന്റെയും ഒക്കെ വലിയ പിന്തുണയുണ്ട്. കൃഷിയും നാടകവും ജീവിതവുമൊക്കെച്ചേര്‍ന്ന് ഒരു ഗ്രൂപ്പ്, കൂട്ടായ്മയുടെ അപൂര്‍വമായ നാടകസംഘമായി മാറുന്നു. ശ്രീജക്ക് അവിടെ നിര്‍ണായകമായ പങ്കുവഹിക്കാനാവുന്നു.
 
? ഭാവി മലയാളിയെ നിര്‍ണയിക്കുന്നതില്‍ നാടകത്തിന്റെ പങ്ക് എന്തായിരിക്കും.
= വീട്ടിനകം നല്‍കുന്ന നാലു ചുമരിന്റെ സുരക്ഷിതത്വത്തില്‍, തന്റെ സമൂഹത്തിനെ കാര്‍ന്നുതിന്നുന്ന ഫാസിസ്റ്റ് വിപത്തിനെ കണ്ടില്ലെന്നു നടിക്കാന്‍ അധികകാലം മലയാളിക്കാവുമെന്ന് തോന്നുന്നില്ല. അതിനോട് പ്രതികരിക്കാന്‍ അവര്‍ക്ക് കണ്ടെത്താവുന്ന മാധ്യമങ്ങളില്‍ നാടകത്തിന് വലിയ സ്ഥാനം തന്നെയുണ്ടാവും. ജാതിമതഭേദമന്യേ പ്രവര്‍ത്തിക്കാനുള്ള ഒരു സെക്യുലര്‍ സ്പേസുകൂടിയാണ് നാടകം. ഒരായിരം പ്രസംഗങ്ങളെക്കാള്‍, വലിയ റാലികളെക്കാള്‍ ഒരു നാടകത്തിന് സമൂഹത്തെ മാറ്റാനാവുമെന്ന് തെളിയിച്ചവരാണ് നമ്മുടെ മുന്‍തലമുറ. നമുക്ക് ആ നൊസ്റ്റാള്‍ജിയയില്‍ മാത്രം ജീവിക്കാന്‍ പറ്റില്ല. നമ്മുടെ, പുതിയ കാലത്തിന്റെ നാടകഭാഷ കണ്ടെത്തിയേ മതിയാകൂ. അതുകൊണ്ടുതന്നെ ഒട്ടേറെ നാടകസംഘങ്ങള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും പുതിയ ആവിഷ്കാരവുമായി എത്തുമെന്ന പ്രതീക്ഷയാണ് എനിക്ക്. ഈ കാലത്തിനോട് ശക്തമായി പ്രതികരിക്കുന്ന നാടകങ്ങള്‍, എന്നാല്‍ സര്‍ഗാത്മക ഭാഷയില്‍ ഇടപെടാനും കഴിയുന്നവ.

(ദേശാഭിമാനി വാരികയില്‍ നിന്ന്)


Related News