Loading ...

Home youth

സ്ത്രീകളെ കണ്ടാല്‍ ഛര്‍ദിക്കുന്ന ഫാസിസം by ആര്‍ പാര്‍വതീദേവി

ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. എ പി ജെ അബ്ദുള്‍കലാം തന്റെ ആത്മീയഗുരുവിനെ കുറിച്ചെഴുതിയ "കാലാതീതം'' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചുണ്ടായ വിവാദം ഗൌരവമേറിയ നിരവധി സംവാദങ്ങള്‍ക്ക് വഴിതുറക്കുന്നു. ആത്മീയതയും ശാസ്ത്രവും തമ്മില്‍ കൂട്ടി ഇണക്കുന്നതില്‍ തല്‍പരനായിരുന്ന എ പി ജെ അബ്ദുള്‍കലാം ആള്‍ദൈവങ്ങളെ കുമ്പിടുന്നത് അദ്ദേഹത്തിന്റെ ആരാധകരില്‍ ഉള്‍പ്പെടെ അസ്വസ്ഥത സൃഷ്ടിക്കുന്നതായിരുന്നു. മാതാ അമൃതാനന്ദമയിയുടെമുന്നില്‍ വണങ്ങുന്ന ഒരു വ്യക്തിയായ കലാമിനെ വിമര്‍ശിച്ചതിന് സോഷ്യല്‍ മീഡിയയില്‍ ഒരു സ്ത്രീ നേരിട്ട ഭീകരമായ അവഹേളനവും അപമാനവും നാം കണ്ടതാണ്. സ്വാമി നാരായണ്‍ സന്ന്യാസ സംസ്ഥാന്‍ എന്ന ഹൈന്ദവ സന്ന്യാസ സമൂഹത്തിലെ ഒരു വ്യക്തിയെ എന്തുകൊണ്ട് കലാം ആത്മീയ ഗുരുവാക്കിയെന്ന ചോദ്യം ഇന്ന് പല കോണുകളില്‍നിന്നും ഉയരുന്നു. പുസ്തകപ്രകാശന ചടങ്ങില്‍നിന്നും വിവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്ത വിട്ടുനില്‍ക്കണമെന്ന പ്രസാധകരായ കറന്റ് ബുക്സിന്റെ വിലക്കാണ് കേരളത്തിലെ ജനാധിപത്യ മതനിരപേക്ഷബോധത്തെ പ്രക്ഷുബ്ധമാക്കിയത്. ജനകീയ പ്രക്ഷോഭംമൂലം പ്രകാശനചടങ്ങ് ഉപേക്ഷിക്കപ്പെട്ടുവെങ്കിലും അതുണ്ടാക്കിയ തുടര്‍ ചലനങ്ങള്‍ സാംസ്കാരിക വ്യവഹാരങ്ങളിലും സോഷ്യല്‍ മീഡിയയിലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആരാണീ സ്വാമി നാരായണ്‍ പ്രസ്ഥാനമെന്ന് കേരളീയര്‍ അന്വേഷിക്കുന്നതിപ്പോഴാണ്.ഏറ്റവും പ്രതിലോമകരമായ ആശയ സംഹിതയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഹിന്ദു സന്ന്യാസമഠം ആണ് സ്വാമി നാരായണ്‍ സംസ്ഥാന്‍. പതിനെട്ടാം നൂറ്റാണ്ടില്‍ സ്വാമി നാരായണ്‍ സ്ഥാപിച്ച ഈ സന്ന്യാസിമഠത്തിന്റെ ആസ്തി അമ്പരപ്പിക്കുന്നതാണ്. ലോകമെമ്പാടും ക്ഷേത്രങ്ങളുള്ള സ്വാമിനാരായണ്‍ സംസ്ഥാന്‍ മത ടൂറിസം ഏറ്റവും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി സമ്പത്ത് കുന്നുകൂട്ടുകയാണ്. ലോസ് ഏഞ്ചല്‍സില്‍ ഹോളിവുഡിനടുത്ത് അടുത്തകാലത്ത് പണിത ഹിന്ദുക്ഷേത്രത്തിനുവേണ്ടി ചെലവഴിച്ചത് 10 കോടി അമേരിക്കന്‍ ഡോളറാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്വാമി നാരായണിന് 1825ല്‍ 5000 ഏക്കറാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ആശ്രമം പണിയുവാന്‍ എഴുതി നല്‍കിയത്. അവിടെനിന്നും വളര്‍ന്ന് ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു ഹൈന്ദവ സന്ന്യാസവിഭാഗമായവര്‍ മാറി. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായി മാറിക്കൊണ്ടിരിക്കുന്ന അക്ഷര്‍ധാം ക്ഷേത്ര സമുച്ചയം ഉള്‍പ്പെടെ സ്വാമി നാരായണ്‍ സംസ്ഥാനിന്റേതാണ്.


അതിഭീമമായ ആസ്തിയുള്ള ഈ ബൃഹദ് പ്രസ്ഥാനം പക്ഷേ തുടക്കംമുതല്‍തന്നെ പിന്തിരിപ്പന്‍ ആശയങ്ങളിലാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. ശ്രീകൃഷ്ണന്റെ അവതാരമാണ് താനെന്ന് ഇന്നുള്ള പല ആള്‍ദൈവങ്ങളേയുംപോലെ സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് സ്വാമിനാരായണ്‍ "അവതരിച്ചത്''. അന്നുമുതല്‍തന്നെ അവര്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കും എതിരാണ്. ഇന്ത്യന്‍ ദര്‍ശന പാരമ്പര്യത്തില്‍ വളരെ വൈകി ഉണ്ടായ ഹൈന്ദവാശയങ്ങള്‍ പിന്നീട് ഒരു മതമായി രൂപപ്പെട്ടുവെങ്കിലും കൃത്യമായ ഒരു സംഘാടന രൂപം ഉണ്ടായില്ല.ബ്രാഹ്മണാധിപത്യത്തിനെതിരെ ഉയര്‍ന്നുവന്ന ബുദ്ധമതത്തേയും ജൈനമതത്തേയും എല്ലാം കായികമായിത്തന്നെ അടിച്ചമര്‍ത്തിയതിന്റെ ചരിത്രവും നമുക്ക് ലഭ്യമാണ്. തുടര്‍ന്ന് 19-ാം നൂറ്റാണ്ടായപ്പോഴേക്കും വര്‍ണവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടാണ് നവോത്ഥാനധാരകള്‍ മുളപൊട്ടിയത്. എന്നാല്‍ സ്വാമിനാരായണ്‍ സംസ്ഥാന്‍ ഹിന്ദുമതത്തിന്റെ പരിഷ്കരണമോ അത്തരത്തിലുള്ള താരതമ്യേന ആധുനികമെന്ന് തോന്നിക്കുന്നതോ ആയ യാതൊരു ചിന്തയോ പ്രവൃത്തിയോ മുന്നോട്ടുവച്ചിരുന്നില്ല. എല്ലാ പിന്തിരിപ്പന്‍ മതങ്ങളേയും ഫാസിസ്റ്റു പ്രസ്ഥാനങ്ങളേയുംപോലെ സ്ത്രീകളെയും ദളിതരേയും ഇവരും അകറ്റിനിര്‍ത്തി. സ്വാമിനാരായണ്‍ സന്ന്യാസ സംസ്ഥാന്റെ ബോര്‍ഡിലോ ട്രസ്റ്റിലോ അധികാര കേന്ദ്രങ്ങളിലോ തീരുമാനമെടുക്കല്‍ സമിതികളിലോ സുപ്രധാന സ്ഥാനങ്ങളിലോ സ്ത്രീകളോ ദളിതരോ ഇല്ല. തന്റെ ആത്മീയ പ്രചാരണങ്ങള്‍ക്കായി ദീര്‍ഘയാത്രകള്‍ നടത്തുമ്പോള്‍ സ്ത്രീകളുടെ നിഴല്‍ കണ്ടാല്‍ സ്വാമി നാരായണ്‍ ഛര്‍ദിക്കുമായിരുന്നുവത്രേ. കാരണം അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ അശുദ്ധരാണ്. സ്വാമിയുടെതന്നെ ജനനത്തിന് കാരണമായിട്ടുള്ള സ്ത്രീയുടെ ആര്‍ത്തവമുറയാണ് സ്ത്രീയെ അശുദ്ധയാക്കുന്നതെന്നയാള്‍ വിശ്വസിച്ചു.

സ്വാമി സ്ത്രീയെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: "സ്ത്രീ വെറും എല്ലും രക്തക്കുഴലുകളും തുപ്പലും രക്തവും പഴുപ്പും മലവും മാത്രമാണ്. ഇതെല്ലാം ചേരുന്നതാണ് സ്ത്രീ. മറ്റൊന്നുമല്ല. വൃത്തികെട്ട, മലിനീകരിക്കപ്പെട്ട ഇക്കൂട്ടങ്ങള്‍ പുരുഷന്മാരെ താഴേക്കു വലിച്ചുതാഴ്ത്തുന്നു. ശിക്ഷാപത്രിയെന്ന തന്റെ ആത്മീയ പാഠപുസ്തകത്തില്‍ ഇക്കാര്യം എഴുതിവച്ചിട്ടുമുണ്ട്. സതി ആചാരത്തിന് സ്വാമി നാരായണ്‍ എതിരായിരുന്നുവെന്നതുകൊണ്ട് സ്ത്രീ വിമോചനത്തിന്റെ വക്താവായിരുന്നു എന്ന മട്ടിലുള്ള പ്രചരണം എത്രമാത്രം വാസ്തവവിരുദ്ധമാണെന്ന് ഇത് വ്യക്തമാക്കുന്നു. "ഈശ്വരന്‍ നല്‍കിയ ജീവന്‍ തിരിച്ചെടുക്കുവാന്‍ ഈശ്വരനു മാത്രമേ അധികാരമുള്ളൂ'' എന്ന തത്വമാണ് സതി എതിര്‍ക്കുന്നതിന് സ്വാമിക്കു പ്രേരണയായത്. നാരായണ്‍സ്വാമിയുടെ അനുയായികള്‍ അതേ തത്വങ്ങള്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ മുന്നോട്ടു കൊണ്ടുപോകുന്നു എന്നതിന്റെ തെളിവാണ് പുസ്തക പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ടു സംഭവിച്ചത്.ബ്രഹ്മവിഹാരിദാസെന്ന സന്യാസിയാണ് തന്റെയൊപ്പം വേദി പങ്കിടുവാന്‍ സ്ത്രീയെ അനുവദിക്കരുതെന്നും സദസ്സില്‍ മുന്‍വശത്ത് മൂന്ന് നിരയില്‍ സ്ത്രീകളുണ്ടാകരുതെന്നും കല്‍പിച്ചത്. സ്ത്രീയുടെ നിഴല്‍ വീഴുന്നത് തന്റെ ആത്മീയത നഷ്ടപ്പെടുത്തുമെന്നുതന്നെയാണ് ഇക്കൂട്ടര്‍ ഉറച്ചു വിശ്വസിക്കുന്നത്. സന്ന്യാസിക്ക് സ്ത്രീ-പുരുഷ വ്യത്യാസം ഉണ്ടോ? സ്ത്രീയെ കണ്ടാല്‍ തകരുന്നതാണോ ബ്രഹ്മചര്യം തുടങ്ങിയ പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ വന്നു നിറയുകയാണെങ്കിലും അതൊന്നും മാത്രമല്ല പ്രശ്നം. ഇത്തരം പ്രതിലോമചിന്തകളും സിദ്ധാന്തങ്ങളും വച്ചുപുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്ക് ദൈനംദിനം വര്‍ധിച്ചുവരുന്ന പിന്തുണയും സമ്മതിയും ആണ് ഭയപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഇത്രയേറെ ആണ്‍-പെണ്‍ ആള്‍ദൈവങ്ങളും ആശ്രമങ്ങളും മുപ്പത്തിമുക്കോടി ഹിന്ദു ഈശ്വരന്മാരും എല്ലാം ഉണ്ടായിട്ടും ശതകോടി ആസ്തി ഉണ്ടാക്കിയിട്ടുള്ള, സ്ത്രീയേയും ദളിതനേയും പടിക്കുപുറത്തു നിര്‍ത്തുന്ന, ഒരു സന്യാസ സമൂഹത്തില്‍നിന്നുള്ള വ്യക്തിയെയാണ് എപിജെ അബ്ദുള്‍കലാം തെരഞ്ഞെടുത്തത്. അദ്ദേഹവും പ്രൊഫ. അരുണ്‍ തിവാരിയും ചേര്‍ന്ന് അവര്‍ക്കുവേണ്ടി ഒരു പുസ്തകം രചിക്കുന്നു. ഹാര്‍പ്പര്‍ കോളിന്‍സ് അത് ഇംഗ്ളീഷിലും തൃശൂര്‍ കറന്റ്ബുക്സ് അത് മലയാളത്തിലും പ്രസിദ്ധീകരിക്കുന്നു. നാല് പ്രധാന ഭാഗങ്ങളിലായി 32 അധ്യായങ്ങളില്‍ ആയി യഥാര്‍ഥത്തില്‍ സ്വാമിനാരായണ്‍ പ്രസ്ഥാനത്തിന്റെ ചരിത്രമാണുള്ളത്. അബ്ദുള്‍കലാം നിരവധി ഗ്രന്ഥങ്ങള്‍ ഒറ്റയ്ക്കെഴുതി പ്രസിദ്ധീകരിക്കുകയും പുതുതലമുറ ആവേശത്തോടെ അവ സ്വീകരിക്കുകയും ചെയ്തതാണ്.എന്നാല്‍ ഈ ഗ്രന്ഥം; ആത്മീയതയെ കച്ചവട ചരക്കാക്കി വിപണിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പരസ്യതന്ത്രത്തിന്റെ ഭാഗമാണ്. ലക്ഷക്കണക്കിന് പ്രതികള്‍ ആണ് വിവിധ ഭാഷകളിലായി കലാമിന്റെ ചിത്രത്തോടുകൂടി വിറ്റഴിക്കുന്നത്. മുസ്ളീം നാമധാരിയായ ഒരു ലോക പ്രശസ്ത വ്യക്തി ഹിന്ദു സന്യാസിയെ വണങ്ങുന്ന മുഖചിത്രത്തോടുകൂടിയ പുസ്തകമങ്ങനെ വിപണിയില്‍ ഇഷ്ടവിഭവമായി മാറുന്നു. പുരോഗമന പാരമ്പര്യം അവകാശപ്പെടുന്ന

കറന്റ്ബുക്സ് എം ടി വാസുദേവന്‍നായര്‍ക്കൊപ്പം ബ്രഹ്മവിഹാരി ദാസിനെ ക്ഷണിച്ചതിന്റെപിന്നിലും കച്ചവട ലക്ഷ്യമാണെന്ന് കാണാതിരുന്നുകൂട. സ്ത്രീകളെ ചടങ്ങില്‍നിന്നും ഒഴിവാക്കണമെന്ന സ്വാമിയുടെ ആവശ്യത്തെ കറന്റ്ബുക്സ് അംഗീകരിച്ചുവെന്നതാണ് നമ്മെ ആശങ്കപ്പെടുത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച ഒരു ഹൈന്ദവ സന്ന്യാസിമഠം 21-ാം നൂറ്റാണ്ടിലും അതേ സ്ത്രീവിരുദ്ധതയോടെ മുന്നോട്ടുപോകുമ്പോള്‍ അവര്‍ക്ക് സാമൂഹ്യാംഗീകാരം കൊടുക്കുന്ന നടപടികളില്‍നിന്നും വിട്ടുനില്‍ക്കേണ്ട ചുമതലയാണ് സാംസ്കാരിക നേതൃത്വം കാട്ടേണ്ടത്. ജനാധിപത്യ ഭരണഘടന നിലവിലുള്ള ഇന്ത്യയിലെ നിയമവ്യവസ്ഥ പാലിക്കുന്നതിനുള്ള ബാധ്യത സ്വാമി നാരായണ്‍ സന്ന്യാസ സംസ്ഥാനിനുണ്ട്. പൊതു ഇടങ്ങളില്‍നിന്നും സ്ത്രീയെ അകറ്റിനിര്‍ത്തണമെന്ന ഫാസിസ്റ്റ് ആജ്ഞ നടത്തുവാന്‍ ഒരു മതമേലധികാരിക്കും അധികാരമോ അവകാശമോ ഇല്ല. തങ്ങളുണ്ടാക്കിയ ആശ്രമത്തില്‍പോലും വിലക്കു കല്‍പിക്കുവാന്‍ നിയമത്തിന്റെ തലനാരിഴ കീറിയാല്‍ ഇക്കൂട്ടര്‍ക്കാവില്ല. പക്ഷേ, നടക്കുന്ന ചര്‍ച്ചകളില്‍ പലതും അത് സാമിയുടെ നിലപാടാണെന്ന ന്യായീകരണം സംഘപരിവാര്‍, ഹൈന്ദവ രാഷ്ട്രീയ വക്താക്കള്‍ നിരത്തുന്നുണ്ട്.വര്‍ഗീയവിഷം വമിക്കുന്ന വാക്കുകള്‍കൊണ്ട് സാംസ്കാരിക രാഷ്ട്രീയാന്തരീക്ഷത്തെ മലീമസമാക്കികൊണ്ടിരിക്കുന്ന ശശികല ടീച്ചറെ സ്നേഹിക്കുവാന്‍ ആവശ്യപ്പെടുന്ന ഫേയ്സ്ബുക്ക് പേജ് ഒരുദാഹരണം മാത്രം. ജനം ടിവിയുടെ ഓണ്‍ലൈനില്‍ പേരുവച്ചെഴുതിയിരിക്കുന്ന ഒരു ലേഖനവും സ്വാമിക്കു പിന്തുണ നല്‍കുന്നു. വ്യക്തിസ്വാതന്ത്യ്രമായും 'ആവിഷ്കാര സ്വാതന്ത്യ്ര'മായും പോലും സ്ത്രീകളെ പൊതുവേദിയില്‍ വിലക്കിയതിനെ ന്യായീകരിക്കുന്നവര്‍ ഉണ്ടെന്നത് നിലനില്‍ക്കുന്ന ഫാസിസ്റ്റ് സംസ്കാരത്തെയാണ് വെളിപ്പെടുത്തുന്നത്.കാരണം ഫാസിസം അന്നും ഇന്നും സ്ത്രീവിരുദ്ധമാണ്. പുരുഷാധിപത്യം ഏറ്റവും ബീഭത്സമായി പത്തിവിടര്‍ത്തി വിജ്രംഭിച്ചു നില്‍ക്കുന്ന ഇടമാണ് ഫാസിസമെന്ന് ചരിത്രം തെളിയിക്കുന്നു. ഹിറ്റ്ലറും മുസ്സോളിനിയും താലിബാനും സംഘപരിവാറും ഒരേ ശബ്ദത്തില്‍ ഒരേ ക്രൂരതയോടെ ഒരേ ആധിപത്യ ശരീരഭാഷയോടെ സ്ത്രീകളെ ആക്രമിച്ച് കീഴ്പ്പെടുത്തുവാന്‍ ശ്രമിക്കുന്നു. ഹിറ്റ്ലറിന്റെ (കു)പ്രശസ്തമായ മൂന്ന് 'കെ'കള്‍ ഉണ്ട്. സ്ത്രീക്കുവേണ്ടത് 'മക്കളും അടുക്കളയും പള്ളി'യും മാത്രമാണെന്നാണ് ഹിറ്റ്ലര്‍ പറഞ്ഞത്. (ജര്‍മന്‍ഭാഷയില്‍ ഈ മൂന്നിന്റെയും ആദ്യക്ഷരം 'കെ' ആണ്.) മക്കളെ ധാരാളമായി പെറ്റുകൂട്ടുന്ന യന്ത്രമായിരിക്കുവാന്‍ സഹായിക്കുന്ന പലതും ഹിറ്റ്ലര്‍ നടപ്പാക്കി. അങ്ങനെ 1939ല്‍ 18,315 പെണ്‍കുട്ടികള്‍ ഉണ്ടായിരുന്ന യൂണിവേഴ്സിറ്റിയില്‍ 5447 ആയി കുറഞ്ഞത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മുസോളിനി പറഞ്ഞത് സ്ത്രീ വീട്ടിനുപുറത്തുപോയി തൊഴിലെടുക്കുന്നത് പ്രസവത്തിനും പ്രത്യുല്‍പാദന പ്രക്രിയയ്ക്കും വിഘാതം സൃഷ്ടിക്കുമെന്നാണ്. തലമൂടി കണ്ണുകള്‍ മാത്രം പുറത്തുകാട്ടി നടക്കാത്ത പെണ്‍കുട്ടികളെ പരസ്യമായി കൊല്ലുന്ന താലിബാനും ജീന്‍സ്ധരിക്കുന്ന പെണ്‍കുട്ടികളെ മംഗലാപുരത്ത് തടഞ്ഞുനിര്‍ത്തി ആക്രമിക്കുന്ന ശിവ/രാമ/ഹനുമാന്‍ സേനകളും സ്ത്രീക്കുമേലാണ് നിയന്ത്രണം ഉറപ്പിക്കുന്നത്.ആഗോളവല്‍ക്കരണം ഉപഭോഗ സംസ്കാരത്തെ സ്ത്രീലൈംഗികതയ്ക്കുമേല്‍ കെട്ടിപ്പൊക്കുമ്പോള്‍ അതിനെ ചെറുക്കുന്നതിനായി നടക്കുന്ന ശ്രമങ്ങള്‍ ഫാസിസ്റ്റുകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്യ്രം നല്‍കിയിരിക്കുന്നു. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കുള്ള പരിഹാരം പര്‍ദയ്ക്കുള്ളിലേക്കും അടുക്കളയ്ക്കുള്ളിലേക്കും "മഹത്തായ ഹൈന്ദവ ആര്‍ഷ ഭാരത സംസ്കാര''ത്തിലേക്കും മടങ്ങുകയാണെന്ന് മുറവിളി ഉയരുന്നു. സ്ത്രീ അശുദ്ധമാണെന്നും അവള്‍ക്കുള്ള ധര്‍മ്മം കുടുംബമാണെന്നും അതിന് വിഘാതം ഉണ്ടാകുന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നും പ്രചരിപ്പിക്കപ്പെടുമ്പോള്‍ മുഖ്യധാരയിലേക്ക് സ്ത്രീകള്‍ കൂട്ടത്തോടെ വന്‍ ശക്തിയായി ഇറങ്ങുകയാണ് വേണ്ടത്.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും സ്ത്രീവിരുദ്ധത പൊളിക്കണമെങ്കില്‍ നമ്മുടെ പോരാട്ടം രാഷ്ട്രീയാധികാരം കയ്യാളുന്ന ഹൈന്ദവ ഫാസിസത്തോടുതന്നെയാണ്. ഫാസിസമാകുവാന്‍ കെല്‍പുള്ളത് ഇന്ന് ഇന്ത്യയില്‍ ഹൈന്ദവ സംഘപരിവാര്‍ ശക്തികള്‍ക്ക് മാത്രമാണ്. ഇന്ന് നരേന്ദ്രമോഡിയാണ് അധികാരത്തിലെന്നത് മതമൌലികവാദികള്‍ക്ക് ധൈര്യം നല്‍കിയിരിക്കുന്നു. മൈസൂറില്‍ കല്‍ബുര്‍ഗിയെ വധിച്ച തോക്കിന്‍ കുഴല്‍ കേരളത്തില്‍ എം എം ബഷീറിനുനേരെ തിരിഞ്ഞപ്പോള്‍ പ്രമുഖ പത്രമായ 'മാതൃഭൂമി'പോലും മൌനം പാലിച്ചു. അവരുടെ ഭീഷണിക്കു വഴങ്ങി ബഷീറിന്റെ ലേഖന പരമ്പര നിര്‍ത്തിവച്ചു. നിര്‍ത്തിവച്ചതേക്കുറിച്ചൊരു വാര്‍ത്തപോലും നല്‍കിയില്ല. ഫാസിസ്റ്റ് ആജ്ഞകള്‍ക്കുമുന്നില്‍ മുട്ടുമടക്കുന്ന ഇത്തരം കാഴ്ചകളാണ് കേരളത്തില്‍പോലും കാണുന്നതെന്നത് കടുത്ത ആശങ്ക ഉണര്‍ത്തുന്നു. ഒപ്പംതന്നെ സാഹിത്യ അക്കാദമിഹാളില്‍ ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും നടത്തിയ സമയോചിതമായ പ്രതിരോധം പ്രതീക്ഷയും നല്‍കുന്

(ചിന്തയില്‍ നിന്ന്)

Related News