Loading ...

Home National

മുത്തലാഖ് ബില്ല് നിയമമായി; രാഷ്ട്രപതി ഒപ്പുവച്ചു, ഒരു വര്‍ഷം മുമ്ബുള്ള കേസുകളും പരിധിയില്‍

ദില്ലി: ലോക്‌സഭയും രാജ്യസഭയും പാസാക്കിയ മുത്തലാഖ് ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ ബില്ല് നിയമമായി. മുസ്ലിം വുമണ്‍ (വിവാഹ സംരക്ഷണ നിയമം) ബില്ല്, 2019 എന്നാണ് പുതിയ നിയമത്തിന്റെ പേര്. മുത്തലാഖ് വഴി വിവാഹ മോചനം നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് പുതിയ നിയമം. 2018 സപ്തംബര്‍ 19 മുതലുള്ള കേസുകള്‍ ഈ നിയമ പ്രകാരമാണ് വിചാരണ ചെയ്യുക. എന്‍ഡിഎ സഖ്യകക്ഷിയല്ലാത്ത ബിജെഡിയുടെ പിന്തുണയോടെയാണ് ബില്ല് രാജ്യസഭയില്‍ പാസാക്കിയത്. എന്‍ഡിഎ സഖ്യകളായ ജെഡിയു, എഐഎഡിഎംകെ എന്നിവര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയതും സര്‍ക്കാരിന് ഗുണമായി. രാജ്യസഭയില്‍ 99 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 84 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്ല് പാസാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം നടന്ന ചില ചര്‍ച്ചകളും അടിവലികളുമാണ് ബില്ല് പാസാക്കാന്‍ സര്‍ക്കാരിനെ സഹായിച്ചത്.
കോണ്‍ഗ്രസിന്റെയും എസ്പിയുടെയും ബിഎസ്പിയുടെയും ചില എംപിമാര്‍ സഭയില്‍ എത്താതിരുന്നത് സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമാക്കി. കൂടാതെ ടിആര്‍എസിന്റെ ആറ് അംഗങ്ങളും വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ രണ്ടംഗങ്ങളും സഭയില്‍ എത്തിയില്ല. വിഷയം സെലക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറായില്ല. മുത്തലാഖ് നിരോധിച്ചുള്ള നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനിതാ ലീഗ് അറിയിച്ചിട്ടുണ്ട്. മുത്തലാഖ് ചൊല്ലുന്ന മുസ്ലിം പുരുഷനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കാവുന്ന വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. രാജ്യസഭയില്‍ ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ മുസ്ലിം ലീഗ് അംഗം അബ്ദുല്‍ വഹാബ് പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. വൈകിയെത്തിയതിനാല്‍ ഇദ്ദേഹത്തിന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

Related News