Loading ...

Home Kerala

സ്വപ്‌നം കുതിച്ചു ; ചാന്ദ്രയാന്‍--2 യാത്ര തുടങ്ങി, സെപ‌്തംബര്‍ ഏഴിന‌് പുലര്‍ച്ചെ ചന്ദ്രനിലിറങ്ങും

തിരുവനന്തപുരം
ആശങ്കകള്‍ വഴിമാറി, തുടക്കം ഗംഭീരമാക്കി ചാന്ദ്രയാന്‍--2 യാത്ര തുടങ്ങി. ചന്ദ്രന്റെ തണുത്തുറഞ്ഞ ദക്ഷിണധ്രുവത്തിലെത്താന്‍ ഇനി 47 നാള്‍ കാക്കണം. എല്ലാം നിശ്ചയിച്ചപോലെ നടന്നാല്‍ സെപ‌്തംബര്‍ ഏഴിന‌് പുലര്‍ച്ചെ മനുഷ്യനിര്‍മിത പേടകം ആദ്യമായി ഈ മേഖലയില്‍ ഇറങ്ങി പര്യവേക്ഷണം തുടങ്ങും. ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാന്‍ സ‌്പേസ്‌ സെന്ററില്‍നിന്ന‌് തിങ്കളാഴ‌്ച പകല്‍ 2.43 നാണ്‌ പേടകം കുതിച്ചത‌്. വിക്ഷേപണത്തിന്റെ 16.23 മിനിറ്റില്‍ പേടകം ഭൂമിക്കു ചുറ്റുമുള്ള താ‌ല്‍ക്കാലിക ഭ്രമണപഥത്തിലെത്തി. ഉടന്‍തന്നെ സിഗ‌്നലുകള്‍ ലഭിച്ചുതുടങ്ങി.

20 മണിക്കൂര്‍ നീണ്ട കൗണ്ട‌് ഡൗണിനൊടുവില്‍ വിക്ഷേപണച്ചുമതല പൂര്‍ണമായും കംപ്യൂട്ടറുകള്‍ ഏറ്റെടുക്കുമ്ബോള്‍ ശ്രീഹരിക്കോട്ടയില്‍ പിരിമുറുക്കം ഒഴിഞ്ഞിരുന്നില്ല. രണ്ടാം വിക്ഷേപണത്തറയില്‍നിന്ന‌് ജിഎസ‌്‌എല്‍വി മാര്‍ക്ക‌്--3 റോക്കറ്റാണ‌് പേടകവുമായി നീങ്ങിയത‌്. റോക്കറ്റിന്റെ ആദ്യഘട്ടങ്ങള്‍ 308 സെക്കന്‍ഡിനുള്ളില്‍ കൃത്യതയോടെ ജ്വലിച്ചു. ഏറെ സങ്കീര്‍ണമായ ക്രയോഘട്ടവും കൃത്യമായി പ്രവര്‍ത്തിച്ചതോടെ സെന്ററില്‍ ആഹ്ലാദം നിറഞ്ഞു. തുടര്‍ന്ന‌് റോക്കറ്റില്‍നിന്ന‌് പേടകം വേര്‍പെടുന്ന തത്സമയ ദൃശ്യം എത്തി. ഇതോടെ ഹര്‍ഷാരവത്തോടെ ശാസ‌്ത്രജ്ഞര്‍ ആഹ്ലാദം പങ്കിട്ടു.

ഭൂമിയെ വലംവച്ചുതുടങ്ങി 
170.8 -- 45,376 കിലോമീറ്റര്‍ എന്ന ദീര്‍ഘവൃത്താകൃതിയിലുള്ള പഥത്തില്‍ ഭൂമിയെ വലംവയ‌്ക്കുകയാണ‌് പേടകമിപ്പോള്‍. വരും ദിവസങ്ങളില്‍ പേടകത്തിലെ ചെറു റോക്കറ്റുകള്‍ ജ്വലിപ്പിച്ച‌് സഞ്ചാരപഥം പടിപടിയായി വികസിപ്പിക്കും. ആഗസ്‌ത്‌ 13 ന‌് ഭൂമിയുടെ ആകര്‍ഷണവലയത്തില്‍നിന്ന‌് ചന്ദ്രനിലേക്ക‌് പേടകത്തെ തൊടുക്കും. 3.85 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച‌് 20 ന‌് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലാകും പേടകം. തുടര്‍ന്ന‌് 100 കിലോമീറ്ററിലേക്ക‌് ചാന്ദ്രയാനെ താഴ‌്ത്തും. സെപ‌്തംബര്‍ രണ്ടിന‌് ഓര്‍ബിറ്ററില്‍നിന്ന‌് ലാന്‍ഡര്‍(വിക്രം) വേര്‍പെട്ട‌് നീങ്ങും. 30 കിലോമീറ്റര്‍ മുകളില്‍ ചന്ദ്രനെ വലയംചെയ്യുന്ന പേടകം ഏഴിന‌് ദക്ഷിണധ്രുവത്തില്‍ ഇറങ്ങും. ഇറങ്ങേണ്ട സുരക്ഷിത സ്ഥലം സ്വയം കണ്ടെത്തും.

മാന്‍സിനസ‌്, സിംപേലിയസ‌്--എന്‍ എന്നീ കൂറ്റന്‍ ഗര്‍ത്തങ്ങള്‍ക്കുസമീപമുള്ള സമതലത്തിലായിരിക്കും ഇറങ്ങുക. ചാന്ദ്രയാന്‍--2 വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ‌്റ്റ‌് ലാന്‍ഡ‌് ചെയ്യുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. തുടര്‍ന്ന‌് ലാന്‍ഡറില്‍നിന്ന‌് റോവര്‍ പുറത്തിറങ്ങി പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തും. 14 ദിവസ (ഒരു ചാന്ദ്രദിനം)മായിരിക്കും റോവറിന്റെ ആയുസ്സ‌്. ചന്ദ്രന്റെ പ്രതലഘടന, ജലസാന്നിധ്യം, ധാതുക്കള്‍, പാറകളുടെ പ്രത്യേകത തുടങ്ങിയവയെല്ലാം പഠിക്കും. ജീവന്റെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. ചിത്രങ്ങളുമെടുക്കും. 'കണ്ണും കാതു' മായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 14 പരീക്ഷണ ഉപകരണങ്ങളാണ‌് പേടകത്തിലുള്ളത‌്.

കഴിഞ്ഞ 15ന‌് പുലര്‍ച്ചെ നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതിക തകരാര്‍ മൂലം മാറ്റിവക്കുകയായിരുന്നു. വിക്ഷേപണത്തിന‌് ഐഎസ‌്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍, വിഎസ‌്‌എസ‌്സി ഡയറക്ടര്‍ ഡോ. എസ‌് സോമനാഥ‌്, സാറ്റലൈറ്റ‌് സെന്റര്‍ ഡയറക്ടര്‍ പി കുഞ്ഞികൃഷ‌്ണന്‍, എല്‍പിഎസ‌്സി ഡയറക്ടര്‍ ഡോ. നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാഷ്ട്രപതി രാം നാഥ‌് കോവിന്ദ‌്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ശാസ‌്ത്രജ്ഞരെ അഭിനന്ദിച്ചു.

Related News