Loading ...

Home National

'ചന്ദ്രയാന്‍ 2'വിന്റെ വിക്ഷേപണം മാറ്റിയത് ലോഞ്ച് വെഹിക്കിളിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവച്ചത് അവസാന നിമിഷം കണ്ടെത്തിയ സാങ്കേതിക പിഴവിനെ തുടര്‍ന്ന് . ലോഞ്ച് വെഹിക്കിളായ ജി.എസ്.എല്‍വി മാര്‍ക്ക് 3 റോക്കറ്റിനുണ്ടായ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയതെന്ന് ഐ.എസ്.ആര്‍.ഒ ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ ശേഷിക്കെയാണ് പിഴവ് കണ്ടെത്തിയത്. പുതിയ തീയതിപിന്നീട് പ്രഖ്യാപിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രയോജനിക് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ജി.എസ്.എല്‍വി മാര്‍ക്ക് 3 ലെ പിഴവ് ശ്രദ്ധയില്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. റോക്കറ്റില്‍ നിറച്ചിരിക്കുന്ന ക്രയോജനിക് ഇന്ധനം പൂര്‍ണമായും മാറ്റിയ ശേഷമെ പിഴവ് പരിഹരിക്കാന്‍ സാധിക്കൂ. ഇതിന് പത്ത് ദിവസത്തോളം വേണ്ടി വരും. അതിനു ശേഷം വിക്ഷേപണത്തിനുള്ള പുതിയ തീയതി തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 2:51 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും 3,850 കിലോ ഭാരമുള്ള ബഹിരാകാശ പേടകം വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നത്. വിക്ഷേപണത്തിന് 56:24 മിനിട്ട് ശേഷിക്കെയാണ് സാങ്കേതിക പിഴവ് കണ്ടെത്തിയതും കൗണ്ട് ഡൗണ്‍ നിര്‍ത്തിവച്ചതും. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്‌സിജനും നിറച്ചെന്ന അറിയിപ്പു വന്നതിനു പിന്നാലെയായിരുന്നു കൗണ്ട് ഡൗണ്‍ നിര്‍ത്തിയത്.

Related News