Loading ...

Home Education

ബിരുദ കോഴ്‌സുകള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളിലെയും കോളെജുകളിലെയും ബിരുദ കോഴ്‌സുകള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ബിരുദ കോഴ്‌സുകളില്‍ നാല് മാസത്തെ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാം നിര്‍ബന്ധമായും ഉള്‍പ്പെടുത്താനാണ് തീരുമാനം. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയമാണ് പുതിയ പരിഷ്‌കരണം നിര്‍ദേശിച്ചിരിക്കുന്നത്. ഇന്‍റേണ്‍ഷിപ്പുകള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലോ ജില്ല ഭരണകൂടത്തിന്‍റെ കീഴിലോ അഥവാ വ്യവസായ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചോ പൂര്‍ത്തിയാക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക ഇടപെടലിന് അവസരമൊരുക്കി ആയിരിക്കും എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുകയെന്നും ഇക്യൂയുഐപി (എജുക്കേഷന്‍ ക്വാളിറ്റി അപ്ഗ്രഡേഷന്‍ ആന്‍ഡ് ഇന്‍ക്ലൂഷണ്‍ പ്രോഗ്രാം) റിപ്പോര്‍ട്ടില്‍ പറയുന്നു. പത്ത് വിദഗ്ധ സംഘങ്ങള്‍ മുന്നോട്ടുവച്ച അഞ്ച് വര്‍ഷ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. നിലവില്‍ മൂന്ന്, നാല് വര്‍ഷം ദൈര്‍ഘ്യമുള്ള വൊക്കേഷണല്‍, ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്ക് മാത്രമാണ് ബിരുദ തലത്തില്‍ ഇന്‍റേണ്‍ഷിപ് നിര്‍ബന്ധമായുള്ളത്. എന്നാല്‍ ഇത് എല്ലാ കോഴ്‌സുകള്‍ക്കും ബാധകമാക്കി കൊണ്ടുള്ളതാണ് പുതിയ നടപടി. ഇതനുസരിച്ച്‌ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കി. നൂറ് കോഴ്‌സുകളുടെ പാഠ്യപദ്ധതിക്കാണ് അടുത്ത വര്‍ഷം മുതല്‍ മാറ്റമുണ്ടാകുക. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കേന്ദ്ര, സംസ്ഥാന, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷങ്ങളിലായി ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും വരുന്ന അദ്ധ്യയന വര്‍ഷം മുതല്‍ മാറ്റങ്ങള്‍ വരുത്തിത്തുടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു. ഇന്‍റേണ്‍ഷിപ്പുകള്‍ പാഠ്യക്രമത്തിന്‍റെ ഭാഗമാക്കാന്‍ സര്‍വകലാശാലകളോട് ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞെന്നും അധികൃതര്‍ അറിയിച്ചു.

Related News