Loading ...

Home Education

സയന്‍സ്-ആര്‍ട്‌സ് വേര്‍തിരിവില്ലാതെ ഇനി നാലു വര്‍ഷത്തെ ബിരുദ പഠനം: പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയം

ന്യൂഡല്‍ഹി: ബിരുദപഠനത്തില്‍ അടിമുടി മാറ്റവുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന നാലുവര്‍ഷ ബിരുദകോഴ്‌സുകളുടെ കരടുമാര്‍ഗ യുജിസി പുറത്തിറക്കി.ഒട്ടേറെ പ്രത്യേകതകളടങ്ങിയതാവും ഇനി ബിരുദപഠനമെന്ന് കരടുരേഖയില്‍ വ്യക്തമാണ്.സയന്‍സ്-ആര്‍ട്‌സ് വിഷയങ്ങള്‍ എന്ന വേര്‍തിരിവ് ഇനി ബിരുദകോഴ്‌സിന് ഉണ്ടാവില്ല. ഇതിന്റെ ഭാഗമായി ശാസ്ത്ര, സാങ്കേതിക,ആര്‍ട്‌സ് വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും. 90 ദിവസങ്ങള്‍ വീതമുള്ള എട്ടു സെമസ്റ്ററുകളാകും കോഴ്‌സിലുണ്ടാകുക.
ആദ്യ മൂന്നു സെമസ്റ്ററുകളില്‍ ഹ്യമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, ഗണിതം,വൊക്കേഷണല്‍ എജ്യുക്കേഷന്‍ എന്നിവയാണ് പ്രധാന പാഠ്യവിഷയങ്ങള്‍. ഈ സെമസ്റ്ററുകളിലെ മാര്‍ക്കിന്റേയും അഭിരുചിയുടേയും അടിസ്ഥാനത്തിലാകും നാല് അഞ്ച് ആറ് സെമസ്റ്ററിലേക്കുള്ള പ്രധാന പാഠ്യവിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാനാവുക.ഏത് വിഷയത്തിലാണോ വിദ്യാര്‍ത്ഥി പ്രധാന്യം നല്‍കുന്നത് അതിലാണ് തുടര്‍ന്നുള്ള സെമസ്റ്ററുകളില്‍ ഗവേഷണം നടത്തേണ്ടത്. ആദ്യ വര്‍ഷ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്. രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഡിപ്ലോമ, മൂന്നാം വര്‍ഷം ബിരുദം,നാലാം വര്‍ഷം ഓണേഴ്‌സ് എന്നിവ ലഭിക്കും. ഇത് പ്രകാരം പഠനത്തിന്റെ ഏത് കാലഘട്ടത്തിലും നിശ്ചിത ബിരുദത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് അവസാനിപ്പിക്കാന്‍ സാധിക്കും.രണ്ട്,നാല് സെമസ്റ്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരം ഉണ്ടാകും.ഡല്‍ഹി സര്‍വ്വകലാശാലയില്‍ ഈ വര്‍ഷം മുതല്‍ കോഴ്‌സ് ആരംഭിക്കും. കേന്ദ്രത്തിന് കീഴിലുള്ള 90 സര്‍വ്വകലാശാലകളും ഈ അദ്ധ്യയനവര്‍ഷം തന്നെ കോഴ്‌സ് ആരംഭിക്കണമെന്ന് യുജിസി അറിയിച്ചിട്ടുണ്ട്.
കരടുമാര്‍ഗരേഖയില്‍ ഏപ്രില്‍ നാലു വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം. കോഴ്‌സ് നിലവില്‍ വരുന്നതോടെ വിപ്ലവകരമായ മാറ്റമായിരിക്കും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാവാന്‍ പോകുന്നത് എന്നാണ് വിലയിരുത്തല്‍

Related News