Loading ...

Home National

ഇല്ല, അധ്യക്ഷ സ്ഥാനത്തു തുടരില്ല: രാജിയില്‍ ഉറച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള തീരുമാനം മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ബുധനാഴ്ച കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശശി തരൂര്‍, മനീഷ് തേവാരി അടക്കമുള്ളവര്‍ രാഹുല്‍ ഗാന്ധിയോട് തുടരണമെന്ന അഭ്യര്‍ഥന നടത്തിയെങ്കിലും തീരുമാനത്തില്‍ നിന്ന് മാറില്ലെന്ന നിലപാടില്‍ തന്നെ രാഹുല്‍ ഉറച്ചുനിന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മുന്‍ അധ്യക്ഷയുമായ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തിലാണ് രാഹുല്‍ പഴയ തീരുമാനം ആവര്‍ത്തിച്ചത്. തന്റെ മനസ് തീരുമാനം ദൃഢപ്പെടുത്തി കഴിഞ്ഞെന്നും ഇനിയൊരു മാറ്റമുണ്ടാവില്ലെന്നും രാഹുല്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു പിന്നാലെയാണ്, താന്‍ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും പുതിയ ഒരാളെ കണ്ടെത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടത്. ഒരു മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നായിരുന്നു രാഹുലിന്റെ നിര്‍ദേശം. എന്നാല്‍ ആ സമയം അതിക്രമിച്ചിട്ടും പകരം നേതാവിനെ കണ്ടെത്താനോ, രാഹുലിനെ അനുനയിപ്പിക്കാനോ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആയിട്ടില്ല. എന്നാല്‍, അസംബ്ലി തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി അദ്ദേഹം കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പുന:സംഘടന അടക്കമുള്ള പാര്‍ട്ടി നടപടികളിലും അദ്ദേഹം സജീവമായി ഇടപെടുന്നുണ്ട്. ഇതോടെ, രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന പ്രത്യാശയിലായിരുന്നു നേതാക്കള്‍. മഹാരാഷ്ട്ര, ഹരിനായ, ഡല്‍ഹി സംസ്ഥാനങ്ങളിലെ നേതാക്കളെയാണ് രാഹുല്‍ കണ്ടത്. ഡല്‍ഹിയിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം രാഹുല്‍ നേതാക്കളുമായി ചര്‍ച്ച നടത്തി.

Related News