Loading ...

Home National

രണ്ടാംനാള്‍ സഭ മുഖരിതം: ലോക‌്സഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി

ന്യൂഡല്‍ഹി> പതിനേഴാം ലോക‌്സഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി. സഭയില്‍ ഹാജരാകാത്ത അംഗങ്ങള്‍ പിന്നീട‌് എത്തുന്ന മുറയ‌്ക്ക‌് സത്യപ്രതിജ്ഞചെയ്യും. ആദ്യ സമ്മേളനത്തിന്റെ രണ്ടാംനാളില്‍ മുദ്രാവാക്യങ്ങളും ശ്ലോകങ്ങളും മന്ത്രങ്ങളും ലോക‌്സഭയെ മുഖരിതമാക്കി. ചില അംഗങ്ങള്‍ പരിധിവിട്ടെന്നും ആക്ഷേപമുയര്‍ന്നു. ബംഗാളിലെ തൃണമൂല്‍--ബിജെപി പോര‌് സഭയിലും പ്രതിഫലിച്ചു. തമിഴ‌്നാട്ടില്‍നിന്നുള്ള സിപിഐ എം അംഗങ്ങളായ പി ആര്‍ നടരാജന്‍ (കോയമ്ബത്തൂര്‍), സു വെങ്കടേശന്‍ (മധുര) എന്നിവരും സിപിഐ അംഗങ്ങളായ എം ശെല്‍വരാജ‌് (നാഗപട്ടണം), കെ സുബ്ബരായന്‍ (തിരുപ്പുര്‍) എന്നിവരും ചൊവ്വാഴ‌്ച സത്യപ്രതിജ്ഞ ചെയ‌്തു. 'തമിഴ‌് വാഴ‌്ക, മാര്‍ക‌്സിയം വാഴ‌്ക' എന്നു പറഞ്ഞാണ‌് വെങ്കടേശന്‍ പ്രതിജ്ഞ അവസാനിപ്പിച്ചത‌്. ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങിയതോടെയാണ‌് സഭയില്‍ അസുഖകരമായ രംഗങ്ങള്‍ ഉണ്ടായത‌്. 'ജയ‌് ശ്രീറാം' പോലുള്ള വിളികള്‍ അടിക്കടി ഉയര്‍ന്നപ്പോള്‍ ചെയര്‍ വിലക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന‌് മറ്റുകക്ഷികളുടെ അംഗങ്ങള്‍ 'ജയ‌് ഭീം' മുദ്രാവാക്യം ഉയര്‍ത്തി. തൃണമൂല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയ‌്ക്കിടെയും ബിജെപി ബെഞ്ചുകളില്‍നിന്ന‌് 'ജയ‌് ശ്രീറാം' വിളി ഉയര്‍ന്നു. അതേസമയം മനേകഗാന്ധി, ഫിറോസ‌് ഗാന്ധി, രേഖ വര്‍മ എന്നീ ബിജെപി അംഗങ്ങള്‍ പ്രതിജ്ഞയ‌്ക്കുശേഷം മുദ്രാവാക്യമൊന്നും വിളിച്ചില്ല. സോണിയഗാന്ധിക്ക‌് തൊട്ടുപിന്നാലെ മനേകഗാന്ധി സത്യപ്രതിജ്ഞചെയ‌്തത‌് കൗതുകമായി. അഖിലേഷ‌് യാദവ‌് (എസ‌്പി), കനിമൊഴി (ഡിഎംകെ)എന്നിവരും പ്രതിജ്ഞയെടുത്തു. ഇംഗ്ലണ്ടില്‍ ക്രിക്കറ്റ‌് കാണാന്‍ പോയതിനാല്‍ തിങ്കളാഴ‌്ച പ്രതിജ്ഞയെടുക്കാന്‍ കഴിയാതിരുന്ന ശശി തരൂര്‍ ചൊവ്വാഴ‌്ച കടമ നിറവേറ്റി.

Related News