Loading ...

Home National

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' രാജ്യത്തിന്‍റെ അജണ്ട: മോദി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. സമിതി വിവിധ രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച നടത്തും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് കേന്ദ്രസര്‍ക്കാരിന്റെ അജന്‍ഡയല്ല, രാജ്യത്തിന്റെ അജന്‍ഡയാണെന്ന് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. 21 കക്ഷികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തതായി യോഗതീരുമാനങ്ങള്‍ അറിയിച്ച കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. മൂന്നു കക്ഷികള്‍ അഭിപ്രായങ്ങള്‍ എഴുതി അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തില്ല. പാര്‍ലമെന്റില്‍ പ്രാതിധ്യമുള്ള എല്ലാ പാര്‍ട്ടികളുടെയും അദ്ധ്യക്ഷന്‍മാരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, സമാജ്വാജി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. എഎപി, ടിഡിപി, ടിആര്‍എസ് എന്നീ പാര്‍ട്ടികള്‍ പ്രതിനിധികളെ മാത്രമാണ് അയച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കായി വേണ്ടിവരുന്ന സമയവും പണച്ചെലവും കുറയ്ക്കുകയെന്ന ലക്ഷ്യം മുന്നില്‍ വച്ചാണ് ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയം ബിജെപി മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ ഈ ആശയത്തെ പിന്തുണയ്ക്കുന്നില്ല. ബിജെപിയുടെ ആശയം നടപ്പിലാക്കണമെന്നുണ്ടെങ്കില്‍ ഭരണഘടന ഭേദഗതി ആവശ്യമാണ്. ഇതിന് പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷ കക്ഷികളെ അടക്കം യോഗത്തിന് വിളിച്ചത്. രാജ്യത്തിന്റെ ഫെഡറല്‍ തത്വത്തിന് വിരുദ്ധമാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. മാത്രമല്ല ഇത് എത്രത്തോളം പ്രായോഗികമാണെന്നതില്‍ അവര്‍ സംശയവും പ്രകടിപ്പിക്കുന്നു.

Related News