Loading ...

Home National

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച: വിമാനത്താവളം സ്വകാര്യവല്‍ക്കരണത്തില്‍ എതിര്‍പ്പ് അറിയിച്ചു

ന്യൂഡല്‍ഹി> തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രിയോട് സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രകടിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് മുഖ്യമന്ത്രി തങ്ങളുടെ എതിര്‍പ്പ് അറിയിച്ചത്. വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ട പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ അത് സ്വകാര്യകമ്ബനിക്ക് കൊടുക്കുന്നതിലെ വൈരുധ്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ സമഗ്രമായ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി. പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചില്ലെന്നും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും കേന്ദ്രസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. സംസ്ഥാനം വീണ്ടും മഴക്കെടുതിയെ നേരിടുകയാണെന്ന കാര്യവും ദേശീയപാത വികസനത്തിനുള്ള മുന്‍ഗണനാ പട്ടികയില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കിയതും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയേയും മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഇന്ന് കാണുന്നുണ്ട്.

Related News