Loading ...

Home National

ചുഴലിക്കാറ്റ് ഗുജറാത്ത്‌ തീരത്തേക്ക‌്: ശക്തമായ തിരമാലകള്‍ക്കു സാധ്യത; കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം> അറബിക്കടലില്‍ രൂപം കൊണ്ട "വായു' ചുഴലിക്കാറ്റ് ഗുജറാത്ത്‌ തീരത്ത് ശക്തമാകുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ പുലര്‍ച്ചെയോടെ മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍ തീരത്തെത്തും. ഇന്നു രാത്രി 11.30 വരെ ശക്തമായ തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.
‌
അടിയന്തര സാഹചര്യം കണക്കിലെടുത്ത് കച്ച്‌ ജില്ലയില്‍ നിന്നും 10,000 ആളുകളെ ഒഴിപ്പിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കര നാവിക സേനകളും തീരസംരക്ഷണ സേനയും ഗുജറാത്ത്‌ തീരത്ത് സജ്ജമായിട്ടുണ്ട്. മണിക്കൂറില്‍ 135 കിലോ മീറ്റര്‍ വേഗതയിലേക്ക് വരെ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിക്കുന്നത്. തിരകള്‍ 1 മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. കച്ച്‌, ദ്വാരക, പോര്‍ബന്ദര്‍, ജുനഗഢ്, ദിയു, ഗിര്‍ സോമനാഥ്, അമ്രേലി, ഭാവ്‍നഗര്‍ എന്നീ ജില്ലകളിലെ തീരമേഖലയില്‍ ശക്തമായ കടല്‍ക്ഷോഭമുണ്ടാകും. വെള്ളം കയറാനും സാധ്യതയുണ്ട്. ഈ ജില്ലകളില്‍ 12 മുതല്‍ 14 വരെ തീയതികളില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയായിരിക്കും.

Rain Accumulation കേരളത്തില്‍ 12 സെന്‍റീമീറ്റര്‍ വരെ മഴ തീരദേശ ജില്ലകളില്‍ പെയ്യാന്‍ സാധ്യതയുണ്ട്. മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് നേരത്തെ പിന്‍വലിച്ചിരുന്നു. എങ്കിലും അപൂര്‍വം ഇടങ്ങളില്‍ 12 സെന്‍റീമീറ്ററിന് മുകളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപക മഴയ്ക്കുള്ള മഞ്ഞ അലര്‍ട്ട് നല്‍കി. നിലവില്‍ മുംബൈയില്‍ നിന്ന് 500 കിലോമീറ്ററോളം അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. അറബിക്കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നാളെ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാകും. തിരമാലകളുടെ ഉയരം 4.3 മീറ്റര്‍ വരെയാകാനിടയുണ്ട്.

Related News