Loading ...

Home National

അമിത് ഷായുടെ 'ഇരട്ടപ്പദവി'യില്‍ ബി.ജെ.പിക്കുള്ളില്‍ അതൃപ്തി

ന്യൂദല്‍ഹി: അമിത് ഷായുടെ 'ഇരട്ടപ്പദവി'യില്‍ ബി.ജെ.പിക്കുള്ളില്‍ അതൃപ്തി മോദി സര്‍ക്കാരില്‍ സുപ്രധാന അധികാര കേന്ദ്രമായി മാറി ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫിസ്. ഒന്നാം മോദി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രാലയം കൈകാര്യം ചെയ്ത രാജ്നാഥ് സിങ്ങിന് ഇക്കുറിയും ആ വകുപ്പ് തന്നെ ലഭിക്കുമെന്നായിരുന്നു നിഗമനം. എന്നാല്‍ പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും മുതിര്‍ന്ന അംഗമായ രാജ്നാഥ് സിങ്ങിനെ മറികടന്ന് അമിത് ഷാ ആഭ്യന്തര മന്ത്രിയാവുകയായിരുന്നു.
ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായി നിയമിതനായെങ്കിലും പാര്‍ട്ടി തലപ്പത്തെ അഴിച്ചുപണി വൈകുന്നതിലാണ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി. 'ഒരാള്‍-ഒരു പദവി' എന്ന ബി.ജെ.പി നയത്തിനു വിരുദ്ധമാണ് അമിത് ഷാ ഇരട്ടപ്പദവി വഹിക്കുന്നതെന്ന് പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അതിനിടെ ഒരാഴ്ചയ്ക്കുള്ളില്‍ പാര്‍ട്ടിതലപ്പത്ത് താത്കാലിക അഴിച്ചുപണിയുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞമാസം അമിത് ഷായുടെ അധ്യക്ഷപദവിയുടെ കാലാവധി അവസാനിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പിനു വേണ്ടി ആറുമാസം നീട്ടി നല്‍കുകയായിരുന്നു. അത് ഈ മാസം അവസാനിക്കുകയും ചെയ്യും. സാധാരണ പകരം അധ്യക്ഷനെ തീരുമാനിക്കുന്നത് ബി.ജെ.പി രണ്ടുമാസം സമയം എടുക്കാറുണ്ട്. അതുവരെ ഒരു വര്‍ക്കിങ് പ്രസിഡന്റുണ്ടാകും. അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നിയന്ത്രിക്കുന്നത് ഈ വര്‍ക്കിങ് പ്രസിഡന്റാകും. ഷാ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു നിന്ന് താഴെയിറങ്ങുമ്ബോള്‍ പകരം ആരു വരുമെന്നുള്ളതാണ് ഇപ്പോഴത്തെ പ്രശ്‌നം. മുന്‍ കേന്ദ്രമന്ത്രി ജെ.പി നഡ്ഡ ആ സ്ഥാനത്തേക്കു വരുമെന്നാണ് ഭൂരിഭാഗം പേരും പറയുന്നതെങ്കിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഷായുടെയും വിശ്വസ്തരാണ് നദ്ദയും ഭൂപേന്ദ്ര യാദവും.

Related News