Loading ...

Home National

ഏകതാബോധം സ്കൂൾതലത്തിൽ തുടങ്ങണം: ഗവർണർ

തിരുവനന്തപുരം
കുട്ടികളെ ചെറുപ്രായത്തിലേ അവകാശങ്ങളും കടമകളും അതിന്റെ നിയമവശങ്ങളെയും കുറിച്ച‌് അവബോധമുള്ളവരാക്കണമെന്ന‌് ഗവർണർ ജസ‌്റ്റിസ‌് പി സദാശിവം പറഞ്ഞു. നിയമാവബോധവും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും  ചെറുപ്രായത്തിലേ പഠിപ്പിക്കണം. ഇന്ത്യാക്കാരാണെന്ന ഏകതാബോധം സ്കൂൾതലം മുതൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയർ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച  ദേശീയ സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
സഹവാസ ക്യാമ്പുകൾ മികച്ച പഠനാവസരമാണ‌്. വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരികമായ പൈതൃകം മനസിലാക്കാനും ഇന്ത്യ ഒരു രാജ്യമെന്ന നിലയിൽ വിശാലമായ കാഴ്ചപ്പാടുണ്ടാക്കാനും ക്യാമ്പ‌് സഹായിക്കും. സാങ്കേതികവിദ്യയിലെ പുരോഗതി ലിംഗസമത്വത്തിനും കടമകൾ മനസിലാക്കാനും പരിസ്ഥിതി സംരക്ഷണത്തിനും ഉപയോഗിക്കാനാകണമെന്നും ഗവർണർ പറഞ്ഞു. മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയർ പ്രസിഡൻറ് ഗീതാ സിദ്ധാർഥ, വനിതാശിശുവികസന സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, കുട്ടികളുടെ പ്രസിഡന്റ‌് എസ് സ്നേഹ എന്നിവർ സംസാരിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ് പി ദീപക് സ്വാഗതവും ഐസിസിഡബ്ല്യൂ ജനറൽ സെക്രട്ടറി ഭരത് എസ് നായിക് നന്ദിയും പറഞ്ഞു. കേരളമുൾപ്പെടെ 17 സംസ്ഥാനങ്ങളിൽനിന്നായി 250 കുട്ടികളാണ് ജൂൺ മൂന്ന് വരെ നീളുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്.

Related News