Loading ...

Home National

എൻഡി‌എ വീണ്ടും അധികാരത്തിലേക്ക‌് ; തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത‌് രാഹുൽ

ന്യൂഡൽഹി
ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം(എൻഡി‌എ) ശക്തമായ നിലയിൽ വീണ്ടും  അധികാരത്തിലേക്ക‌്. ദക്ഷിണേന്ത്യ ഒഴികെ രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും സാന്നിധ്യം തെളിയിച്ച എൻഡിഎ 349 സീറ്റ‌് നേടി. ബിജെപിക്ക‌് മാത്രം 303 സ‌ീറ്റ‌് കിട്ടി. 2014നെ അപേക്ഷിച്ച‌് 20 സീറ്റ‌് കൂടി. പുതിയ സർക്കാർ 26നു സത്യപ്രതിജ്ഞ ചെയ‌്തേക്കും. കഴിഞ്ഞ മോഡിസർക്കാരിന്റെ സത്യപ്രതിജ്ഞയും മെയ‌് 26നായിരുന്നു.  ഇന്ത്യ വീണ്ടും വിജയിച്ചുവെന്ന‌് പ്രധാനമന്ത്രി മോഡി ട്വീറ്റ‌് വഴി പ്രതികരിച്ചു.
പ്രതിപക്ഷനേതാവിന്റെ പദവിപോലും ലഭിക്കാത്ത വിധത്തിൽ കോൺഗ്രസ‌് 51 സീറ്റിൽ ഒതുങ്ങി; കഴിഞ്ഞ തവണ കോൺഗ്രസിനു 44 സീറ്റായിരുന്നു. ഇത്തവണ യുപിഎയ‌്ക്ക‌് മൊത്തത്തിൽ 93 സീറ്റാണ‌് ലഭിച്ചത‌്. സിപിഐ എം മൂന്ന‌് സീറ്റിലും സിപിഐ രണ്ടിടത്തും ജയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോഡി വാരാണസിയിൽനിന്ന‌് 64 ശതമാനം വോട്ടോടെ വീണ്ടും  തെരഞ്ഞെടുക്കപ്പെട്ടു. വയനാട്ടിൽ  വൻഭൂരിപക്ഷത്തിൽ ജയിച്ച കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽഗാന്ധി സിറ്റിങ‌് സീറ്റായ അമേഠിയിൽ ബിജെപിയിലെ സ‌്മൃതി ഇറാനിയോട‌് പരാജയപ്പെട്ടു. കോൺഗ്രസ‌് ലോക‌്സഭാകക്ഷി നേതാവ‌് മല്ലികാർജുൻ ഖാർഗെ, പ്രമുഖ നേതാക്കളായ  ജ്യോതിരാദിത്യ സിന്ധ്യ, ദിഗ‌്‌വിജയ‌് സിങ‌്, സുഷ‌്മിത ദേബ‌് എന്നിവരും പരാജയപ്പെട്ടു.  ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന്റെ പ്രകടനം ദയനീയമായപ്പോൾ ബിജെപി രാജ്യത്തിന്റെ മധ്യഭാഗത്തുനിന്ന‌്  കിഴക്കൻ സംസ്ഥാനങ്ങളിലേക്കും പടർന്നുകയറി.  ഉത്തർപ്രദേശിൽ ബിജെപി വിരുദ്ധ മഹാസഖ്യം പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കിയില്ല, എന്നാല്‍  ബിഹാറിൽ പരീക്ഷണം പാളി. ബിജെപി  ഉത്തർപ്രദേശിലുണ്ടായ നഷ്ടം കിഴക്കൻ സംസ്ഥാനങ്ങളിൽ നേടിയ മുന്നേറ്റംവഴി നികത്തി. കോൺഗ്രസ‌് ഈയിടെ ഭരണം പിടിച്ച  മധ്യപ്രദേശ‌്, രാജസ്ഥാൻ, ചത്തീസ‌്ഗഢ‌് സംസ്ഥാനങ്ങളിലും ബിജെപി സമ്പൂർണ ആധിപത്യം നേടി. കർണാടകത്തിലും കോൺഗ്രസ‌് തകർന്നു.
ഡിഎംകെ–-23, തൃണമൂൽ കോൺഗ്രസ‌്–-22, വൈഎസ‌്ആർ കോൺഗ്രസ‌്‌–-22‌, ബിജെഡി–-12,  ബിഎസ‌്പി–-10, ടിആർഎസ‌്–-ഒൻപത‌്, എൻസിപി–-അഞ്ച‌്, സമാജ‌്‌വാദി പാർടി –അഞ്ച‌്, ടിഡിപി–-മൂന്ന‌്, എഎപി–-ഒന്ന‌്,  ജെഡിഎസ‌്–-ഒന്ന‌്  എന്നിങ്ങനെയാണ‌്  ഇതര കക്ഷികളുടെ നില.  ആർജെഡിക്ക‌് സീറ്റൊന്നും കിട്ടിയില്ല.  ബിജെപി മുന്നണിയിൽ ശിവസേന 18 സീറ്റും ജെഡിയുവിനു 16 സീറ്റും ശിരോമണി അകാലിദളിനു രണ്ട‌് സീറ്റും ലഭിച്ചു. എഐഎഡിഎംകെ  ഒരു സീറ്റിൽ മാത്രം ജയിച്ചു. കഴിഞ്ഞതവണ ഇവർക്ക‌് 37 സീറ്റുണ്ടായിരുന്നു. ദേശീയതലത്തിൽ ബിജെപി 38.5 ശതമാനം വോട്ട‌് നേടി. 1980ൽ പാർടി രൂപീകരിച്ചശേഷം ബിജെപിക്ക‌് ലഭിക്കുന്ന ഏറ്റവും ഉയർന്ന വോട്ടുവിഹിതമാണിത‌്.  എൻഡിഎ 45 ശതമാനം വോട്ടും നേടി. 2014ൽ ബിജെപിക്ക‌് 31 ശതമാനം വോട്ടാണ‌് ലഭിച്ചത‌്. കോൺഗ്രസിന്റെ വോട്ടുവിഹിതം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച‌് 2.6 ശതമാനം ഉയർന്ന‌് 22.07 ശതമാനമായി. പരാജയത്തിന്റെ നൂറ‌് ശതമാനം ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്നും അധ്യക്ഷനായി തുടരണമോ എന്ന‌് കോൺഗ്രസ‌് പ്രവർത്തകസമിതി തീരുമാനിക്കുമെന്നും രാഹുൽഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേഠിയിലെ ജനവിധി മാനിക്കുന്നു. വൻപരാജയത്തിന്റെ സൂചന ലഭിച്ചപ്പോൾ രാഹുൽഗാന്ധി മറ്റു നേതാക്കളെ രാജിസന്നദ്ധത അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പ‌് നടന്ന ഒഡിഷയിൽ ബിജെഡി ഭരണം നിലനിർത്തിയപ്പോൾ ആന്ധ്രപ്രദേശിൽ വൈഎസ‌്ആർ കോൺഗ്രസ‌് ടിഡിപിയിൽനിന്ന‌് അധികാരം പിടിച്ചെടുത്തു. അരുണാചൽപ്രദേശിൽ ബിജെപി അധികാരത്തിൽ തുടരും. 25 à´…à´‚à´— സിക്കിം നിയമസഭയിൽ സിക്കിം ക്രാന്തികാരി മോർച്ച 17 സീറ്റും സിക്കിം ഡമോക്രാറ്റിക‌് ഫ്രണ്ട‌് 15 സീറ്റും നേടി.

Related News