Loading ...

Home youth

നല്ല രണ്ടു മാതൃകകൾ; മൻ കി ബാത്തിൽ കേരളത്തിനു പ്രശംസ

കണ്ണൂർ/ കൊച്ചി∙ എറണാകുളം ചിറ്റൂർ സെന്റ് മേരീസ് യുപി സ്‌കൂളിലെ വിദ്യാർഥിനികൾക്കും കണ്ണൂർ ആകാശവാണി കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. ‘മൻ കി ബാത് ’ റേഡിയോ പ്രഭാഷണത്തിലാണ് കേരളത്തിലെ രണ്ടു മാതൃകാപരമായ നടപടികളിലേക്കു പ്രധാനമന്ത്രി ശ്രദ്ധ ക്ഷണിച്ചത്.ഇന്നലെ രാവിലെ കണ്ണൂർ നിലയത്തെ അഭിനന്ദിച്ചുകൊണ്ടാണു പ്രധാനമന്ത്രിയുടെ പ്രഭാഷണം തുടങ്ങിയത്. മൻ കി ബാത്ത് പ്രക്ഷേപണത്തിൽ പരാമർശിക്കപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കി കാസർകോട് രാജപുരം കൊട്ടോടി ഗവ. ഹയർ‌ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ശ്രദ്ധ തമ്പാൻ തയാറാക്കിയ പ്രതികരണ ലേഖനത്തിനു ശ്രവ്യസമ്മാനം നൽകി പ്രോൽസാഹിപ്പിച്ചതിനാണു കണ്ണൂർ ആകാശവാണിയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്.

ഇത്തരം നടപടികൾ പങ്കാളിത്ത ജനാധിപത്യത്തിനു സഹായകമാകുമെന്നും കണ്ണൂർ ആകാശവാണിയുടെ മാതൃക മറ്റു കേന്ദ്രങ്ങളും പകർത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. അവയവദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ, വലിയൊരു തുണിയിൽ വിരലടയാളങ്ങൾ പതിച്ച് തയാറാക്കിയ ഇന്ത്യയുടെ ഭൂപടം ചിറ്റൂർ സെന്റ് മേരീസ് യുപിഎസ് വിദ്യാർഥിനികൾ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തിരുന്നു. വിരലടയാളം പതിച്ച് ഭൂപടം തയാറാക്കിയതിന്റെ കാരണം ആദ്യം തനിക്കു മനസിലായില്ല. കുട്ടികളുടെ കത്തു വായിച്ചപ്പോഴാണ് എത്ര മനോഹര ആശയമാണതു മുന്നോട്ടുവയ്‌ക്കുന്നതെന്നു മനസിലായത്.അവയവദാനവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾ ലഘൂകരിക്കാൻ സംസ്‌ഥാനങ്ങൾ നടപടിയെടുക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ആശയങ്ങളോടുള്ള വ്യക്തമായ അഭിപ്രായം ശ്രദ്ധയുടെ സമ്മാനാർഹമായ ലേഖനത്തിൽ ഉണ്ടായിരുന്നു. പെൺ‌മക്കളോടൊപ്പം സെൽഫി എടുക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ നിർദേശത്തെ നിശബ്ദ വിപ്ലവം എന്നു സൂചിപ്പിച്ച ശ്രദ്ധ ഖാദിയുടെ ഉപയോഗം, ദേശസ്നേഹം, ശുചിത്വബോധം, ശാസ്ത്ര കൗതുകം എന്നിവ തന്നെയും തന്റെ സഹപാഠികളെയും ഏറെ ആകർഷിച്ചുവെന്നു ചൂണ്ടിക്കാട്ടി.

Related News