Loading ...

Home Education

മ്യൂസിയങ്ങള്‍ അറിവിന്റെ അക്ഷയഖനികള്‍

 
ഒരു സമൂഹത്തിന്റെ ചരിത്രബോധവും സാംസ‌്കാരിക പൈതൃകത്തിന്റെ പ്രബുദ്ധതയും പ്രോജ്വലിപ്പിക്കുന്നതാണ് മ്യൂസിയങ്ങള്‍. അവ ഒരു കാലഘട്ടത്തിന്റെ ധാര്‍മിക--- സാംസ‌്കാരിക പാരമ്ബര്യമുള്‍ക്കൊള്ളുന്ന ചൈതന്യത്തിന്റെ ഭൂതകാല സാക്ഷ്യങ്ങള്‍ കൂടിയാണ്.- പതിനേഴാം നൂറ്റാണ്ടില്‍ രൂപംകൊണ്ട മ്യൂസിയം സങ്കല്‍പ്പം ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു. അറിവുകള്‍ ഏറ്റവും സത്യസന്ധമായി അനുഭവവേദ്യമാകുന്ന മ്യൂസിയങ്ങള്‍ വര്‍ത്തമാനകാലത്തെ ഏറ്റവും ശക്തമായ ബോധന മാധ്യമം കൂടിയാണ്. ഉദ്ഖനനങ്ങളിലൂടെ, പര്യവേക്ഷണങ്ങളിലൂടെ, മറ്റ് പഠനഗവേഷണങ്ങളിലൂടെ കണ്ടെത്തുന്ന പൈതൃക വസ‌്തുക്കള്‍ ശാസ്ത്രീയമായി സംരക്ഷിച്ച്‌ പഠനങ്ങള്‍ക്ക് വിധേയമാക്കി ഗ്യാലറികളില്‍ പ്രദര്‍ശിപ്പിക്കുമ്ബോള്‍ നമ്മുടെ പൂര്‍വകാലചരിത്രം, സാംസ‌്കാരിക പാരമ്ബര്യം എന്നിവ സന്ദര്‍ശക മനസ്സുകളിലേക്ക് സംക്രമിക്കപ്പെടുന്നു.

ഇന്ന് മെയ് 18, അന്താരാഷ്ട്ര മ്യൂസിയം ദിനം-- മ്യൂസിയങ്ങളുടെ അന്തര്‍ദേശീയ സംഘടനയായ ഐസിഒഎം 1997 മുതല്‍ ഈ ദിനാചരണം നടത്തിവരുന്നു. ഓരോ വര്‍ഷവും ഓരോ പുതിയ പ്രമേയങ്ങള്‍ ഇതിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഇത്തവണ മ്യൂസിയങ്ങളുടെ സാംസ‌്കാരിക മൂല്യത്തിനാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത‌്. മ്യൂസിയങ്ങള്‍ സാംസ‌്കാരിക കേന്ദ്രങ്ങളായി മാറുമ്ബോള്‍തന്നെ നമ്മുടെ പൈതൃകചിഹ്നങ്ങളുടെ പ്രദര്‍ശനാലയവുമാണ്. മ്യൂസിയങ്ങള്‍ ഒരു സമൂഹത്തിന്റെ അനുസൃതമായ വളര്‍ച്ചാഘട്ടങ്ങളെ സത്യസന്ധമായും ആധികാരികമായും അടയാളപ്പെടുത്തുന്ന സുപ്രധാനമായ പ്രമാണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഠനാലയങ്ങളായി മാറുന്നു.

നമ്മുടെ സംഭാവനകള്‍ വിലപ്പെട്ടതാണ് 
ഇന്ത്യയിലെ മ്യൂസിയം പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമേയുള്ളവെങ്കിലും ഈ മേഖലയില്‍ നമ്മുടെ സംഭാവനകള്‍ വിലപ്പെട്ടതാണ്. ഇന്ത്യയിലെ ആദ്യകാല മ്യൂസിയങ്ങളില്‍ നാലാമത്തേത് കേരളത്തിലാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്ന് സമാരംഭിച്ച സ്ഥാപനം 'നാപ്പിയര്‍ മ്യൂസിയം' കേരളത്തിന്റെ മ്യൂസിയം പരമ്ബരയിലെ മുത്തശ്ശിയായി തലസ്ഥാന നഗരിയുടെ പ്രൗഢിക്ക് മാറ്റുകൂട്ടി നിലകൊള്ളുന്നു.

പോയകാലങ്ങളില്‍ ലോക മ്യൂസിയം രംഗത്ത് വന്നുചേര്‍ന്ന പരിവര്‍ത്തനങ്ങള്‍ നിരവധിയാണ‌്. പ്രദര്‍ശന വസ‌്തുക്കളുടെ കേവലമായ സംഗ്രഹാലയം എന്നനിലയില്‍നിന്ന‌് ആധുനിക മ്യൂസിയങ്ങള്‍ പാടേ മാറി. ഒരു സമൂഹത്തിന്റെ, ജനതയുടെ പൈതൃകത്തെക്കുറിച്ച്‌ അറിയാനാണ് ചരിത്രം പഠിക്കുന്നതെങ്കില്‍, അത്തരം ചരിത്ര വസ‌്തുതകള്‍ക്ക‌് സത്യസന്ധമായ സാക്ഷ്യപത്രങ്ങളാണ് പുരാവസ‌്തുക്കളും പൈതൃകശേഷിപ്പുകളും. ഈ ചിഹ്നങ്ങള്‍ സംരക്ഷിച്ച്‌ വരുംതലമുറക്ക് പഠിക്കാനും ഗവേഷണവിധേയമാക്കാനും കഴിയുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുക എന്ന ദൗത്യമാണ് മ്യൂസിയങ്ങള്‍ നിര്‍വഹിച്ചുപോരുന്നത്. അപ്രകാരം ചരിത്രവും പൈതൃകവും മ്യൂസിയങ്ങളും പരസ‌്പരപൂരകങ്ങളാണെന്നര്‍ഥം. മ്യൂസിയം എന്ന മാധ്യമത്തിന്റെ പ്രാധാന്യവും അതുതന്നെ.നമ്മുടെ മ്യൂസിയങ്ങളും വളരുകയാണ്, വൈവിധ്യത്തിലും വൈപുല്യത്തിലുമെല്ലാം ആധുനിക സാങ്കേതികത്തികവോടെ ഗ്യാലറികള്‍ 'ഇന്ററാക്ടീവ്' ആകുമ്ബോള്‍ സന്ദര്‍ശകനും അവിഭാജ്യ ഘടകമായി മാറുന്നു.

സമൂഹത്തില്‍ മ്യൂസിയങ്ങള്‍ ഏറ്റെടുക്കേണ്ട പുതിയ ചുമതലകളിലാണ് ഈവര്‍ഷത്തെ ലോക മ്യൂസിയം ദിനം ഊന്നല്‍ നല്‍കുന്നത‌്. ആഗോളവല്‍ക്കരണത്തിന്റെകൂടി ഭാഗമായി പ്രാദേശിക സമൂഹങ്ങളുടെപോലും ആവശ്യങ്ങളും ദര്‍ശനങ്ങളും ആഗോളതലത്തില്‍ത്തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നു. അതിനുള്ള വേദിയും ഉപാധിയുമായി മ്യൂസിയങ്ങള്‍ രൂപപ്പെടുന്നു. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സാംസ‌്കാരിക വിനിമയത്തിനു മാത്രമല്ല, അവയ‌്ക്കിടയില്‍ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തമായ സന്ദേശവാഹകരായി മാറാനും മ്യൂസിയങ്ങള്‍ക്ക് കഴിയുന്നു.

മ്യൂസിയം രംഗത്തുണ്ടാകുന്ന നൂതന ആശയങ്ങളുടെയും വികസന സങ്കല്‍പ്പങ്ങളുടെയും ചുവടുപിടിച്ച്‌ നമ്മുടെ സംസ്ഥാനത്തും അടുത്തകാലത്ത് ഈ രംഗത്ത് ഒരു പുത്തനുണര്‍വ‌് സൃഷ്ടിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. പരമ്ബരാഗത മ്യൂസിയം സങ്കല്‍പ്പങ്ങളെ മാറ്റി അവയെ ആധുനിക രീതിയില്‍ 'തീമാറ്റിക്ക് ഇന്ററാക്ടീവ് ' രൂപത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താനുള്ള ഇടപെടലുകളാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 'ഇന്ററാക്ടീവ് മ്യൂസിയം ഓഫ് കള്‍ച്ചറല്‍ ഹിസ്റ്ററി ഓഫ് കേരള (കേരളം മ്യൂസിയം)' എന്ന ഒരു പ്രത്യേക സ്ഥാപനത്തിനുതന്നെ രൂപം നല്‍കിയിട്ടുണ്ട്. മ്യൂസിയം രംഗത്ത് സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായി ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നു. ഈ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ പുതിയ വിഷയങ്ങളും പുത്തന്‍ സങ്കേതങ്ങളും ഉള്‍ക്കൊള്ളുന്ന നാനാതരത്തിലുള്ള മ്യൂസിയങ്ങള്‍ സംസ്ഥാനത്തുടനീളം രൂപം കൊള്ളുകയാണ്. നിലവില്‍ പുരാവസ‌്തു, പുരാരേഖ, മ്യൂസിയം വകുപ്പുകള്‍ക്കു പുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും സാംസ‌്കാരിക സ്ഥാപനങ്ങളും മ്യൂസിയങ്ങള്‍ സ്ഥാപിച്ചുവരുന്നു.

ജില്ലകള്‍തോറും പൈതൃക മ്യൂസിയങ്ങള്‍ 
കണ്ണൂരിലെ തെയ്യം മ്യൂസിയം, കൈത്തറി മ്യൂസിയം, വൈക്കം സത്യഗ്രഹ മ്യൂസിയം, പയ്യന്നൂരില്‍ ഗാന്ധിസ‌്മൃതി മ്യൂസിയം, പെരളശ്ശേരിയില്‍ എ കെ ജി സ‌്മൃതി മ്യൂസിയം, കണ്ണൂര്‍ ചെമ്ബന്തൊട്ടിയില്‍ ബിഷപ് വള്ളാപ്പള്ളി പിതാവിന്റെ സ്മാരക കുടിയേറ്റ മ്യൂസിയം, വയനാട്ടിലെ കുങ്കിച്ചിറ മ്യൂസിയം തുടങ്ങിയവ അതില്‍ ചിലതുമാത്രം. ഈവര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള നവോഥാന മ്യൂസിയവും ഈ ശൃംഖലയില്‍പ്പെടുന്നു. പുരാവസ‌്തു സംരക്ഷിത സ‌്മാരകമായ കണ്ണൂര്‍ അറയ‌്ക്കല്‍ രാജകുടുംബത്തിന്റെ കൊട്ടാരം പരിരക്ഷണ പദ്ധതികള്‍ വകുപ്പിന്റെ പരിഗണനയിലാണ്. നമ്മുടെ നാടിന്റെ സാംസ‌്കാരിക പൈതൃകം അടയാളപ്പെടുത്തുന്നതോടൊപ്പം വരുംതലമുറയ‌്ക്ക് അക്കാര്യത്തില്‍ അവബോധം സൃഷ്ടിക്കാനും കഴിയുന്നരീതിയില്‍ ജില്ലകള്‍തോറും പൈതൃക മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതിയും നടപ്പാക്കിവരുന്നു.

തിരുവനന്തപുരത്തുള്ള ശ്രീചിത്ര ആര്‍ട്ട് ഗ്യാലറിയിലെ അമൂല്യങ്ങളായ രവിവര്‍മ ചിത്രങ്ങള്‍ ശാസ്ത്രീയമായി സംരക്ഷിക്കാനും ഗ്യാലറി നവീകരിക്കാനും നടപടി സ്വീകരിച്ചു. നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ആധുനികമായ സാങ്കേതികത്തികവോടെ നവീകരിക്കപ്പെടുകയാണ്. ലോകത്തിലെ അപൂര്‍വവും അത്ഭുതകരവുമായ ഒരു കോടിയിലേറെ താളിയോലകളുടെ ശേഖരമാണ് സംസ്ഥാന ആര്‍ക്കൈവ്സിലുള്ളത്. ഈ അമൂല്യശേഖരത്തെ പഠന ഗവേഷണങ്ങള്‍ക്കുകൂടി ഉപയുക്തമാക്കുമാറ് കാര്യവട്ടം ക്യാമ്ബസില്‍ അന്തര്‍ദേശീയ നിലവാരമുള്ള ഒരു മ്യൂസിയവും പഠന ഗവേഷണ കേന്ദ്രവും സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. അങ്ങനെ വിവിധ സമൂഹങ്ങള്‍ക്കിടയില്‍, സജീവവും ക്രിയാത്മകവുമായ സാംസ‌്കാരിക വിനിമയവും പൈതൃക അവബോധവും സാംസ‌്കാരിക മൂല്യങ്ങളും പകര്‍ന്നുനല്‍കി, അവയ‌്ക്കിടയില്‍ സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സമാധാനത്തിന്റെയും ശക്തമായ സന്ദേശവാഹകരായി പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം നമ്മുടെ മ്യൂസിയങ്ങളെ പുനഃസംവിധാനം ചെയ‌്തുകൊണ്ട‌് സംസ്ഥാനം വൈവിധ്യമാര്‍ന്ന മ്യൂസിയങ്ങളുടെ ഒരു സമുച്ചയമായി മാറുന്നത് ഒരു ചരിത്രനിര്‍വഹണത്തിന്റെ കര്‍മസാക്ഷ്യമാണ്.

Related News