Loading ...

Home National

പാക്‌ സൂഫി ആരാധനാലയത്തില്‍ സ‌്ഫോടനം; 10 മരണം

ഇസ്ലാമാബാദ‌്
ലാഹോറിലെ ഏറ്റവും പുരാതനമായ സൂഫി ആരാധനാലയമായ ദാദാ ദര്‍ബാറിലുണ്ടായ സ‌്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ സൂഫി ആരാധനാലയങ്ങളില്‍ ഒന്നാണിത്‌. കൊല്ലപ്പെട്ടവരില്‍ അഞ്ച‌ുപേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ‌്. 24 പേര്‍ക്ക‌് പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ആറുപേരുടെ നില ഗുരുതരമാണ‌്.

രാവിലെ 8.45 നാണ‌് സംഭവം. 11 --ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ദാദാ ദര്‍ബാറിന്റെ സ‌്ത്രീകളുടെ പ്രവേശന കവാടത്തിലാണ‌് സ‌്ഫോടനമുണ്ടായത‌്. കറുത്ത ചുരിദാര്‍ ധരിച്ച യുവാവ‌് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന സമീപമെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഏകദേശം 15 വയസ്സ‌് പ്രായംവരുന്ന യുവാവാണ‌് ചാവേറായതെന്ന‌് പൊലീസ‌് പറഞ്ഞു. സ‌്ഫോടനത്തിന്റെ ഉത്തരവാദിത്തം ജമാഅത്ത‌ുള്‍ അഹ‌്റാര്‍ ഏറ്റെടുത്തു. എന്നാല്‍, പൊലീസ‌് ഇത‌് ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. തെഹരീക്ക‌് ഇ താലിബാന്‍ പാകിസ്ഥാനില്‍നിന്ന‌് പിരിഞ്ഞുപോയവരാണ‌് ജമാഅത്ത‌ുള്‍ അഹ‌്റാര്‍ എന്ന ഭീകരസംഘടന ആരംഭിച്ചത‌്. സംഭവത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അപലപിച്ചു. ഇതാദ്യമായല്ല ദാദ ദര്‍ബാര്‍ ഭീകരവാദ ആക്രമണങ്ങള്‍ക്കിരയാകുന്നത‌്. 2010ലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇസ്ലാം മതത്തില്‍നിന്ന‌് തീര്‍ത്തും വ്യത്യസ്തമായ ശൈലി പിന്തുടര്‍ന്നുപോരുന്ന പാകിസ്ഥാനിലെ സൂഫി സമൂഹം നിരന്തരം വെല്ലുവിളി നേരിടുകയാണ‌്. ഇവര്‍ക്ക‌് ഐഎസ‌ില്‍നിന്ന‌് ഭീഷണിയുണ്ട‌്. സൂഫി വിശ്വാസികളുടെ ആരാധനാലയം സന്ദര്‍ശിക്കുന്നതും മരിച്ച മുസ്ലിംവിശുദ്ധരുടെ കല്ലറയില്‍ ആരാധന നടത്തുന്നതും ഇസ്ലാമിന‌് നിരക്കാത്തതാണെന്നാണ‌് തീവ്ര മതവിഭാഗക്കാരുടെ വാദം.

Related News