Loading ...

Home National

ആഞ്ഞടിച്ച്‌ ഫോണി: 11 ലക്ഷം പേരെ ഒഴിപ്പിച്ചു; 5 മരണം

ഭുവനേശ്വര്‍ > ഒഡിഷ തീരംതൊട്ട ഫോണി ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചു. അഞ്ച്‌പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട‌് ചെയ‌്തു. എട്ടുലക്ഷം പേരെ ഒഴിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും കാറ്റിന്റെ അതിതീവ്രത കണക്കിലെടുത്ത‌് 11 ലക്ഷത്തിലധികം പേരെ തീരമേഖലകളില്‍നിന്ന‌് മാറ്റി. ശനിയാഴ‌്ച രാവിലെയോടെ കാറ്റ‌് ദുര്‍ബലമാകുമെന്നാണ‌് കണക്കുകൂട്ടല്‍. വൈകിട്ടോടെ ബംഗ്ലാദേശിലേക്ക‌് നീങ്ങും. ഒഡിഷയില്‍ സൗത്ത‌് പുരിയില്‍ വെള്ളിയാഴ‌്ച രാവിലെ എട്ടോടെയാണ‌് ഫോണി എത്തിയത‌്. മണിക്കൂറില്‍ 200--240 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റ‌് ഒഡിഷയിലെ 11 ജില്ലയില്‍ നാശം വിതച്ചു. ആയിരക്കണക്കിന‌് വൈദ്യുതിത്തൂണുകളും മരങ്ങളും നിലംപൊത്തി. മഴയില്‍ പലയിടങ്ങളും വെള്ളത്തിലായി. പുരിയില്‍ കനത്ത മണ്ണിടിച്ചിലുണ്ടായി. ഭുവനേശ്വറില്‍നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി.
ടിക്കറ്റ് റദ്ദാക്കാനും മറ്റൊരു ദിവസത്തേക്ക് യാത്രമാറ്റിവയ്ക്കാനുമുള്ള സൗകര്യമേര്‍പ്പെടുത്തിയതായി വ്യോമയാനക്കമ്ബനികള്‍ അറിയിച്ചു.
പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, തമിഴ്‌നാട് തീരമേഖലകളെയും ഫോണി ബാധിച്ചേക്കാം. ഈ സംസ്ഥാനങ്ങളിലും ജാഗ്രതാനിര്‍ദേശമുണ്ട്. കൊല്‍ക്കത്ത വിമാനത്താവളം വെള്ളിയാഴ്ച രാത്രി 9.30 മുതല്‍ ശനിയാഴ്ച വൈകിട്ട് ആറുവരെ അടച്ചു. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തും റെഡ‌് അലര്‍ട്ട‌് പ്രഖ്യാപിച്ചിട്ടുണ്ട‌്. ഇവിടെ കനത്ത മഴ തുടരുകയാണ‌്. ശ്രീകാകുളത്ത‌ുമാത്രം 20,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 126 അഭയകേന്ദ്രം തുറന്നു. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം റദ്ദാക്കി. മിഡ‌്നാപുര്‍, ഝര്‍ഗ്രാം, പുരുളിയ, ബിര്‍ഭും, ബാന്‍കുര, നോര്‍ത്ത‌്--സൗത്ത‌് പര്‍ഗനാസ‌് തുടങ്ങിയ ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശമുണ്ട‌്. ഫോണി ഭീതിയെത്തുടര്‍ന്ന‌് ഈസ്റ്റ‌് ഗോദാവരി, വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം ജില്ലകളില്‍ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ഇളവുവരുത്തി. രക്ഷാ--പുനരധിവാസപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനാണിത‌്. ഇവിടെ കനത്ത മഴ തുടരുകയാണ‌്. ഫോണി ബാധിത സംസ്ഥാനങ്ങള്‍ക്ക‌് 1000 കോടി രൂപ മുന്‍കൂര്‍ ധനസഹായം അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു.
വേഗം 240 കി.മീ വരെ
1999 നുശേഷമുണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ഫോണിയെ കാറ്റഗറി 4ല്‍ ആണ‌് പെടുത്തിയിരിക്കുന്നത‌്. മണിക്കൂറില്‍ 200--240 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കുന്ന കാറ്റിന‌് പേരിട്ടത‌് ബംഗ്ലാദേശാണ‌്. ഫോണി എന്നാല്‍ പാമ്ബിന്റെ പത്തി എന്നാണ‌് അര്‍ഥം. ഒഡിഷയിലൈ ഹെല്‍പ‌്‌ലൈന്‍ നമ്ബര്‍ --1938.

Related News