Loading ...

Home National

ഫൊനി ആഞ്ഞടിച്ചു; ഒരാള്‍ മരിച്ചു

ഭുവനേശ്വര്‍: ഫൊനി ചുഴലിക്കാറ്റ് കനത്തനാശം വിതച്ച്‌ ഒഡീഷ തീരങ്ങളില്‍ ആഞ്ഞടിച്ചു. പുരിയില്‍ മരംവീണ് ഒരാള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 245 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശിയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കടല്‍ വന്‍ തോതില്‍ ക്ഷോഭിച്ചതോടെ തിലമാലകള്‍ ഒന്‍പത് മീറ്റര്‍ വരെ ഉയരുകയും ചെയ്തു. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.

രാവിലെ ഒന്‍പതോടെയാണ് പുരിയില്‍ ഫൊനി തീരംതൊട്ടത്. കനത്ത കാറ്റില്‍ മലങ്ങള്‍ ആടിയുലഞ്ഞു. 11 ലക്ഷം പേരെയാണ് ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ആള്‍നാശം പരമാമധി കുറയ്ക്കാനുള്ള മുന്നൊരുക്കങ്ങളാണ് ഒഡീഷ സര്‍ക്കാര്‍ നടത്തിയത്. നിരവധി ദുരിതാശ്വാസ ക്യാന്പുകള്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്.

മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ നേതൃത്വത്തില്‍ സുരക്ഷാ അവലോകന യോഗം ചേര്‍ന്നു. ദേശീയ ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാര്‍ഡും നേവിയും രക്ഷാപ്രവര്‍ത്തനത്തിന് തയാറായി രംഗത്തുണ്ട്.

കാറ്റ് പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങുന്നതില്‍ അവിടെയും കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ എല്ലാം മാറ്റിവച്ച്‌ രക്ഷാപ്രവര്‍ത്തനത്തിന് ഉൗന്നല്‍ നല്‍കുകയാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ആന്ധ്രാ തീരപ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.

Related News