Loading ...

Home Education

ബിരുദ പരീക്ഷകളുടെ ഫലം അതിവേഗത്തില്‍ പ്രഖ്യാപിച്ച്‌ എം.ജി യൂണിവേഴ്‌സിറ്റി റെക്കോഡ് നേട്ടത്തില്‍

കോട്ടയം: മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ നടന്ന അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ ഫലം അതിവേഗത്തില്‍ പ്രഖ്യാപിച്ച്‌ മഹാത്മാഗാന്ധി സര്‍വകലാശാല. 10 പ്രവൃത്തിദിനം കൊണ്ടാണ് പരീക്ഷനടത്തിയ മാസം തന്നെ ഫലം പ്രഖ്യാപിച്ച്‌ മറ്റു സര്‍വകലാശാലകള്‍ക്ക് മാതൃകയായത്. ബി.എ., ബി.എസ് സി., ബി.കോം., ബി.എഫ്.റ്റി., ബി.റ്റി.എസ്, ബി.ബി.എ., ബി.സി.എ., ബി.എസ്.ഡബ്ല്യൂ, ബി.ബി.എം. കോഴ്‌സുകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 17നാണ് അവസാന പ്രാക്ടിക്കല്‍ പരീക്ഷ നടന്നത്. ഏപ്രില്‍ 29ന് ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം മേയ് 15നാണ് ഫലം പ്രഖ്യാപിച്ചത്. ഫലം വേഗത്തില്‍ പ്രസിദ്ധീകരിച്ചതുമൂലം ഇന്ത്യയൊട്ടാകെ ഉന്നതപഠനത്തിന് അപേക്ഷിക്കാന്‍ കൂടുതല്‍ അവസരം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ഒമ്ബതു ബിരുദ പ്രോഗാം പരീക്ഷകളില്‍ മൊത്തം 53.38 ശതമാനമാണ് വിജയം. 196 അഫിലിയേറ്റഡ് കോളേജുകളിലായി പരീക്ഷയെഴുതിയ 37,459 പേരില്‍ 19,997 പേര്‍ വിജയിച്ചു. ബി.എ.യ്ക്ക് 49.17 ശതമാനം പേരും ബി.എസ്.സിക്ക് 61.03 ശതമാനം പേരും ബി.കോമിന് 51.56 ശതമാനം പേരും വിജയിച്ചു. ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷയില്‍ മാത്രം 73.58 ശതമാനമാണ് വിജയം. ബി.എ.യ്ക്ക് 73.61 ശതമാനം പേരും ബി.എസ്.സിക്ക് 76.89 ശതമാനം പേരും ബി.കോമിന് 71.01 ശതമാനം പേരും വിജയിച്ചു. ബി.എഫ്.റ്റി 96.61 ശതമാനം, ബി.റ്റി.എസ്.76.92, ബി.ബി.എ.75.22, ബി.സി.എ.74.02, ബി.എസ്.ഡബ്ല്യൂ88.46, ബി.ബി.എ. 74.71 ശതമാനം എന്നിങ്ങനെയാണ് ആറാം സെമസ്റ്ററിലെ വിജയം. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ എട്ടു മുതല്‍ ഒമ്ബതു കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്ബുകളിലായാണ് ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയത്. 5000 അധ്യാപകര്‍ പങ്കെടുത്തു. ഒമ്ബതുലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം നടത്തിയത്. മേല്‍നോട്ടത്തിനായി സിന്‍ഡിക്കേറ്റ് പരീക്ഷ ഉപസമിതി കണ്‍വീനര്‍ ഡോ. ആര്‍. പ്രഗാഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. എ. ജോസ് എന്നിവരടങ്ങിയ ഉപസമിതിയെ നിയോഗിച്ചിരുന്നു. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാര്‍, ഡോ. അജി സി. പണിക്കര്‍, ഡോ. പി.കെ. പത്മകുമാര്‍, ഡോ. എ. ജോസ്, പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. എ. കൃഷ്ണദാസ്, ഡോ. എം.എസ്. മുരളി, വി.എസ്. പ്രവീണ്‍കുമാര്‍ എന്നിവരാണ് ക്യാമ്ബുകള്‍ക്ക് നേതൃത്വം നല്‍കിയത്. അവധിദിവസങ്ങളിലും സര്‍വകലാശാല ജീവനക്കാര്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ഫലപ്രഖ്യാപനത്തിനായി പ്രവര്‍ത്തിച്ചു. ബിരുദാനന്തര പരീക്ഷകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ 30ന് പൂര്‍ത്തീകരിക്കും. മൂല്യനിര്‍ണയം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഠിനപ്രയത്‌നം നടത്തിയ അധ്യാപകരെയും ജീവനക്കാരെയും സിന്‍ഡിക്കേറ്റ് അനുമോദിച്ചു. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും അതാത് കോളേജുകളില്‍ ലഭ്യമാക്കും. വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന പ്രൊഫ. എ.എം. തോമസ്, പരീക്ഷ സമിതി കണ്‍വീനര്‍ ഡോ. ആര്‍. പ്രഗാഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ.പി.കെ. പദ്മകുമാര്‍, ഡോ. എ.ജോസ്, രജിസ്ട്രാര്‍ ഡോ. കെ. സാബുക്കുട്ടന്‍, പരീക്ഷ കണ്‍ട്രോളര്‍ ഡോ. ബി. പ്രകാശ് കുമാര്‍, പി.ആര്‍.ഒ. എ. അരുണ്‍ കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related News