Loading ...

Home Education

എന്‍ജിനിയറിങ് പ്രവേശനപരീക്ഷ: വേണ്ടത് ശ്രദ്ധയും ആത്മവിശ്വാസവും

എന്‍ജിനിയറിങ് അല്ലെങ്കില്‍ മെഡിക്കല്‍ എന്നത് ഇന്നും ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അടങ്ങാത്ത ആഗ്രഹവും സ്വപ്നവുമാണ്. എന്‍ജിനിയറിങ് പ്രവേശനം കാത്തിരിക്കുന്നവര്‍ക്ക് മെയ് 2, 3 നിര്‍ണ്ണായകദിനങ്ങളാണ്. 2019 അധ്യയന വര്‍ഷത്തിലേക്കുളള എന്‍ജിനിയറിങ് പ്രവേശന പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത് അന്നാണ്. മെയ്മൂന്നിന് ഫിസിക്സ്, കെമിസ്ട്രി എന്നിവയടങ്ങുന്ന ഒന്നാം പേപ്പറും മെയ് മൂന്നിന് കണക്ക് വിഷയത്തിലുള്ള രണ്ടാം പേപ്പറുകളുടെ പരീക്ഷയുമാണ്. സംസ്ഥാനത്തെ എന്‍ജിനിയറിങ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നിര്‍ബന്ധമാണ്. സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലേക്കുള്ള എന്‍ആര്‍ഐ സീറ്റിന് പ്രവേശന പരീക്ഷ എഴുതണമെന്ന നിബന്ധനയില്ല. എന്‍ജിനിയറിങ് കോളേജുകള്‍ നടത്തുന്ന കോഴ്സുകള്‍ കൂടാതെ കേരള കാര്‍ഷിക സര്‍വകലാശാല നടത്തുന്ന അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്, ഫുഡ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി, കേരള വെറ്റിനറി സര്‍വകലാശാല നടത്തുന്ന ഡയറി ടെക്നോളജി, ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളുടെ പ്രവേശനവും ഈ എന്‍ട്രന്‍സ് വഴി തന്നെയാണ്. കൂടാതെ, സംസ്ഥാനത്തെ ഫാര്‍മസി കോളേജുകള്‍ നടത്തുന്ന ബിഫാം ബിരുദ കോഴ്സിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും ഈ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ സ്വീകരിച്ചവരുടെ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ നിന്നും പ്രിന്റ് എടുത്ത അഡ്മിറ്റ് കാര്‍ഡുമായി ചെന്നാല്‍ മാത്രമേ പ്രവേശന പരീക്ഷയ്ക്കിരിക്കാന്‍ അനുവദിക്കുകയുള്ളൂ. അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റ്‌ഔട്ട് ആണ് എടുക്കേണ്ടതെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. അഡ്മിറ്റ് കാര്‍ഡുമായി ചെല്ലാത്ത ആരേയും പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല. നീലയോ കറുപ്പോ നിറത്തിലുള്ള ബോള്‍പേനയും പരീക്ഷ എഴുതാനായി കരുതേണ്ടതാണ്. പരീക്ഷാഘടനയും നെഗറ്റീവ് മാര്‍ക്കും
രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ട് പേപ്പറുകളാണ് പരീക്ഷയ്ക്കുള്ളത്. രണ്ടു പേപ്പറുകളും എഴുതിയിരിക്കണമെന്ന നിര്‍ബന്ധമുണ്ട്. ഏതെങ്കിലും ഒരു പേപ്പര്‍ എഴുതാതിരുന്നാല്‍ അയോഗ്യരാകുകയും എന്‍ജിനിയറിങ് റാങ്കിങ്ങിന് പരിഗണിക്കുന്നതുമല്ല. ഓരോ പേപ്പറുകളിലും 120 ചോദ്യം വീതമാണുള്ളത്. ഓരോ ചോദ്യത്തിനും അഞ്ച് ഉത്തരങ്ങളും നല്‍കിയിരിക്കും. ഓരോ ശരിയുത്തരത്തിനും 4 മാര്‍ക്ക് ലഭിക്കും. നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ടെന്നത് കാരണം വളരെ ആലോചിച്ച്‌ വേണം ഉത്തരങ്ങള്‍ തെരഞ്ഞെടുക്കാന്‍. ഓരോ തെറ്റ് ഉത്തരങ്ങള്‍ക്കും ഒരു മാര്‍ക്ക് വീതം കുറവ് വരുത്തുന്നതായിരിക്കും.
ചോദ്യങ്ങളടങ്ങിയ ബുക്ക്ലെറ്റിനൊപ്പം ഉത്തരങ്ങള്‍ രേഖപ്പെടുത്തേണ്ട ഒഎംആര്‍ ഷീറ്റും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. വളരെ ശ്രദ്ധിച്ച്‌ വേണം ഒഎംആര്‍ ഷീറ്റ് മാറ്റി ലഭിക്കുന്നതല്ല. കാന്‍ഡിഡേറ്റ് ഡാറ്റ, ഉത്തരങ്ങള്‍ എന്നീ രണ്ട് സെക്ഷനുകളാണ് ഒഎംആര്‍ ഷീറ്റിലുള്ളത്. റോള്‍ നമ്ബര്‍, വേര്‍ഷന്‍ നമ്ബര്‍, പേര്, വിഷയം, ഒപ്പ് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഭാഗമാണ് ആദ്യത്തേത്. രേഖകള്‍ പൂരിപ്പിക്കുന്നതിനൊപ്പം അതിന് സമാനമായ വൃത്തങ്ങള്‍ കറുപ്പിക്കേണ്ടതും പ്രത്യേകം ശ്രദ്ധിക്കണം കോളങ്ങള്‍ മാറിപ്പോവാതെ നോക്കേണ്ടതുണ്ട്. കംപ്യൂട്ടര്‍ വാലുവേഷനിലൂടെയാണ് ഒഎംആര്‍ ഷീറ്റ് കടന്നുപോവുന്നത്. അതിനാല്‍ തന്നെ സൂക്ഷ്മത അനിവാര്യമാണ്. നാലു വിവിധ തരം വേര്‍ഷനുകളിലായാണ് ചോദ്യബുക്കുകള്‍ തയ്യാറാക്കിയിട്ടുള്ളത്. അടുത്തടുത്ത് ഇരിക്കുന്നവര്‍ പരസ്പരം പകര്‍ത്തി എഴുതുന്നത് ഒഴിവാക്കാനാണിത്. ഓരോ ആള്‍ക്കും ലഭിച്ച വേര്‍ഷന്‍ തങ്ങളുടെ അഡ്മിറ്റ് കാര്‍ഡിലെ വേര്‍ഷനു സമാനമാണോ എന്ന് ഉറപ്പു വരുത്തണം. കറക്കിക്കുത്ത് നല്ലതല്ല
ഓരോ ചോദ്യത്തിനും അഞ്ച് ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ടാവുമെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഈ നാല് ഉത്തരങ്ങളും ഏകദേശം സമാനമായതായിരിക്കും. ഇതില്‍ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുക്കുന്നതിന് ആഴത്തിലുള്ള അറിവ് അനിവാര്യമാണ്. നെഗറ്റീവ് മാര്‍ക്കുള്ളതിനാല്‍ കറക്കികുത്ത് ഒട്ടും ഉചിതമല്ല. പരീക്ഷാ ഹാളില്‍ മനസ്സ് ഏകാഗ്രമാക്കി നിര്‍ത്തേണ്ടതുണ്ട്. തികഞ്ഞ ജാഗ്രയോടെ വേണം ഉത്തരങ്ങള്‍ തിരഞ്ഞെടുക്കാന്‍. അറിയില്ലെങ്കില്‍ അടുത്ത ചോദ്യത്തിലേക്ക് പോകുന്നതാണ് ഉചിതം. ഉത്തരമെഴുതുമ്ബോള്‍ നമ്മള്‍ തെരഞ്ഞെടുത്ത ചോദ്യ നമ്ബറിനു നേരെയുള്ള ബബിള്‍ ആണ് കറുപ്പിക്കുന്നതെന്നും ഉറപ്പു വരുത്തണം.
ഭയം വേണ്ട, ജാഗ്രത വേണം
പ്ലസ്ടൂവിന് ഒരുവിധം നന്നായി പഠിച്ചവര്‍ക്ക് എന്‍ട്രന്‍സ് ഭാരമാവില്ല. പ്ലസ്ടു തലത്തിലുള്ള സിലബസ് അനുസരിച്ചാണ് ചോദ്യങ്ങള്‍ എന്നുള്ളതിനാല്‍ തീര്‍ത്തും ഭയക്കേണ്ടതില്ല. പരീക്ഷാ ഹാളില്‍ വെപ്രാളം കാണിക്കേണ്ടതില്ല. സാധാരണ പോലെ തന്നെ ശാന്തമായി വേണം പരീക്ഷ എഴുതാന്‍. പക്ഷേ, സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. മനസ്സ് ഏകാഗ്രമാക്കാനുള്ള വ്യായാമങ്ങള്‍ സ്വീകരിക്കുന്നത് ഉത്തമമായിരിക്കും. സമയത്തെക്കുറിച്ചുള്ള ബോധമുണ്ടായിരിക്കേണ്ടതുണ്ട്. 120 ചോദ്യങ്ങള്‍ക്കുള്ള ആകെ സമയം രണ്ടര മണിക്കൂറാണ്. ഓരോ ചോദ്യത്തിനും 1.25 മിനിറ്റ് ലഭിക്കും. ഒരു ചോദ്യത്തിനായി സമയം കളയരുത്. വേഗത്തിലും കൃത്യതയിലും കണ്ണു വേണം. ആത്മവിശ്വാസത്തോടെ തന്നെയാവണം ചോദ്യങ്ങളെ നേരിടേണ്ടത്. ഏതെങ്കിലും കുറച്ച്‌ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ അറിയില്ലെങ്കില്‍ പതറേണ്ടതില്ല. സമയക്കുറവിന്റെയും തെറ്റുവരുത്തുന്നുണ്ട് എന്നതിന്റെയും പിരിമുറക്കത്തില്‍ നിന്നും മുക്തനാവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
തയ്യാറെടുക്കുക ആത്മവിശ്വാസത്തോടെ
സംസ്ഥാനത്ത് 145 എന്‍ജിനിയറിങ് കോളേജുകളിലായി 49000 ബിടെക് എന്‍ജിനിയറിങ് സീറ്റുകള്‍ നിലവിലുണ്ട്. എന്‍ജിനിയറിങ് പഠനരീതികള്‍ വ്യത്യസ്തമാണ്. അതിനാല്‍ തന്നെ മറ്റേത് ബിരുദത്തേക്കാള്‍ ജോലി സാധ്യതയും ഉണ്ട്. ഈയടുത്ത് വന്ന സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചതില്‍ 56 ശതമാനം പേരും എന്‍ജിനിയറിങ് ബിരുദധാരികളായിരുന്നു.
എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലുടെ തന്നെയാണ് സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജിലടക്കം 42 ഫാര്‍മസി സ്ഥാപനങ്ങളിലുള്ള ബിഫാം ബിരുദ കോഴ്സിലേക്കുള്ള പ്രവേശനവും നടത്തുന്നത്. ബിഫാമിന് മാത്രം പ്രവേശനമാഗ്രിക്കുന്നവര്‍ ഈ പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പര്‍ (ഫിസിക്സ്, കെമിസ്ട്രി) മാത്രമെഴുതിയാല്‍ മതി. പ്രവേശന പരീക്ഷയ്ക്ക് ഇനി അധിക നാളുകളില്ല. പഠിച്ചതൊക്കെ ഒന്നു കൂടി റിവിഷന്‍ നടത്തുകയാണ് ഇനി ചെയ്യേണ്ടത്. സമവാക്യങ്ങള്‍ എഴുതി ശീലിക്കുക. പ്രധാനപ്പെട്ടവ ഒന്നുകൂടി ഓടിച്ചു നോക്കുക. ആത്മവിശ്വാസത്തോടെ വേണം പരീക്ഷാഹാളിലെത്താന്‍. തലേ ദിവസം ഉറക്കമിളച്ചുള്ള പഠനം ഒഴിവാക്കണം. പരീക്ഷ സമയത്തിന് അര മണിക്കൂര്‍ മുമ്ബു തന്നെ ഹാളിലെത്തുക. ചോദ്യ ബുക്ക്ലെറ്റ് കിട്ടിക്കഴിഞ്ഞാല്‍ എല്ലാ പേജുകളുമുണ്ടെന്നും പിഴവുകളിലെന്നും ആദ്യം ഉറപ്പു വരുത്തുക. പരീക്ഷയ്ക്കിടയില്‍ എന്തെങ്കിലും അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇന്‍വിജിലേറ്ററുടെ സഹായം തേടുക. പ്ലസ്ടു കഴിഞ്ഞെത്തുന്നവര്‍ നേരിടുന്ന പ്രഥമ എന്‍ട്രന്‍സ് പരീക്ഷയാണെന്നതിനാല്‍ തന്നെ ചിലര്‍ക്ക് ടെന്‍ഷനുണ്ടാവുക സ്വാഭാവികം. എന്നാല്‍ വേവലാതിയില്ലാതെ തീര്‍ത്തും ശാന്തമായി പരീക്ഷ എഴുതുക. വിജയം നമ്മെ തേടി എത്തുക തന്നെ ചെയ്യും. (സി-ആപ്റ്റ് മാനേജിംഗ് ഡയറക്ടറാണ് ലേഖകന്‍)

Related News