Loading ...

Home Education

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വോട്ടിങ് സംവിധാനം നടത്തി; തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാധാന്യം മനസിലാക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

റാസല്‍ഖൈമ: ( 13.04.2019) വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് സംവിധാനത്തെ കുറിച്ച്‌ അറിയണമെന്ന ലക്ഷ്യത്തോടെ റാക് ഇന്ത്യന്‍ പബ്ലിക് സ്‌കൂളില്‍ വോട്ടെടുപ്പ് നടത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിച്ചത് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വോട്ടിങ് സംവിധാനം നടത്തിയാണ്. തെരഞ്ഞടുപ്പിനെ കുറിച്ചുള്ള അറിവ് കുട്ടികള്‍ക്ക് ടിവിയില്‍ കണ്ട് മാത്രം പരിചയമുണ്ടായിരുന്നുള്ളൂ.

എന്നാല്‍ ഇക്കാര്യങ്ങള്‍ നേരിട്ട് അറിഞ്ഞത് കുട്ടികളില്‍ ആവേശമുണ്ടാക്കി. ഇന്ത്യ ആവേശകരമായ ലോക് സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാധാന്യം മനസിലാക്കുകയാണ് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വോട്ടിങ് സംവിധാനത്തിലൂടെ. ഒരാഴ്ച പഠന, കലാകായിക മികവിന്റെ അടിസ്ഥാനത്തില്‍ ചൂടേറിയ പ്രചാരണവും വോട്ടുതേടലും നടത്തി. ഒരാഴ്ചയ്ക്ക് ശേഷം ഓരോ ക്ലാസ് മുറികളിലും തയ്യാറാക്കിയ പോളിങ് ബൂത്തില്‍ അവര്‍ വോട്ട് രേഖപ്പെടുത്തുകയും ചൂണ്ടുവിരലില്‍ മഷിയടയാളം രേഖപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡര്‍മാരുടെ സഭ, അതില്‍ നിന്ന് അവര്‍ തിരഞ്ഞെടുക്കുന്ന സ്‌കൂള്‍ പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നയിക്കപ്പെടുന്ന കുട്ടികളുടെ മന്ത്രിസഭ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കുട്ടികള്‍ക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാനും ജന്മനാടിന്റെ പ്രാധാന്യം തിരിച്ചറിയാനും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ റെജി സ്‌കറിയ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയത് സാമൂഹികശാസ്ത്രവിഭാഗത്തിന്റെയും അധ്യാപകരായ സുനില്‍ ജോസ്, ഡി രാജേഷ് എന്നിവരുടേയും നേതൃത്വത്തിലായിരുന്നു. സ്‌കൂള്‍ പാര്‍ലമെന്റില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ അനുഭ നിജാവന്‍ അഭിനന്ദിച്ചു.

Related News