Loading ...

Home National

റിപ്പബ്ലിക് ദിനാഘോഷങ്ങളും പ്രതിഷേധത്തിന്റെ പുതുരൂപങ്ങളും

രാജ്യം റിപ്പബ്ലിക്കിന്റെ വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. എല്ലായ്‌പ്പോഴുമെന്നപോലെ ഭരണാധികാരികള്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തില്‍ മഹാത്മാ ഗാന്ധി കാണിച്ച പാതയിലൂടെയാണ് രാജ്യം നീങ്ങേണ്ടതെന്നും ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയേണ്ട കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്നും വ്യക്തമാക്കുകയുണ്ടായി. മഹാത്മജിയെ മറന്നുകൊണ്ട് വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും കാലത്തിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് രാഷ്ട്രപതിയുടെ പ്രസ്താവന പ്രസക്തമാകുന്നത്. ‘തെരഞ്ഞെടുപ്പില്‍ ഭാഗമാകേണ്ടത് ജനാധിപത്യത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. ഒരു തെരഞ്ഞെടുപ്പ് വെറുമൊരു രാഷ്ട്രീയ വ്യവഹാരം മാത്രമല്ല. അത് വിവേകത്തിനും പ്രവര്‍ത്തനത്തിനും വേണ്ടിയുള്ള ഒത്തൊരുമിച്ചുള്ള ആഹ്വാനം കൂടിയാണ്. അത് നവീകരണത്തെയും, സമത്വാധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ ലക്ഷ്യങ്ങളെയും പ്രതീക്ഷകളെയുമാണ് സൂചിപ്പിക്കുന്നത്’ രാഷ്ട്രപതിയുടെ പ്രസംഗത്തിലെ വാക്കുകളായിരുന്നു ഇവ.
തെരഞ്ഞെടുപ്പ് പ്രക്രിയ പോലും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോഴാണ് രാംനാഥിന്റെ ഈ പരാമര്‍ശമെന്നത് പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത കൂടുതല്‍ കൂടുതല്‍ സംശയാസ്പദമായിരിക്കേയാണ് ഈ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ റിപ്പബ്ലിക് ദിനം ചില സംസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന്റേതുകൂടിയായിരുന്നു. വടക്കു കിഴക്കന്‍സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും പൗരത്വ ബില്ലിന്റെ പേരിലുണ്ടായ ബഹിഷ്‌കരണാഹ്വാനങ്ങള്‍ ആഘോഷത്തിന്റെ ശോഭ കെടുത്തിയെന്നാണ് വാര്‍ത്തകള്‍. മിസോറാമില്‍ മലയാളിയായ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആളൊഴിഞ്ഞ സദസിനെ അഭിമുഖീകരിച്ച് സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഏകപക്ഷീയമായ നിലപാടായിരുന്നു പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. സ്വന്തം സഖ്യകക്ഷികളില്‍ നിന്ന് പോലും ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടും വിചിന്തനത്തിന് ബിജെപി സര്‍ക്കാര്‍ തയ്യാറായില്ല.
നാനാത്വത്തില്‍ ഏകത്വം, മതേതരത്വം എന്നിങ്ങനെയുള്ള ഭരണഘടനാ മൂല്യങ്ങളില്‍ മുന്നോട്ടുപോകുന്ന രാജ്യത്തെ അസഹിഷ്ണുത, വിഭാഗീയത എന്നീ കണ്ണുകളില്‍ കൂടി നോക്കിക്കാണുവാനും അതിലൂടെ തങ്ങളുടെ അസ്തിത്വം ഉറപ്പിക്കാനുമാണ് കേന്ദ്രം കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ വിഭാഗത്തെയും കൂട്ടിയോജിപ്പിക്കാനല്ല ചില വിഭാഗങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി സാമുദായിക ധ്രുവീകരണത്തിനാണ് കേന്ദ്ര ഭരണാധികാരികള്‍ ശ്രമിക്കുന്നത്.
റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗം അതുകൊണ്ടുതന്നെ രാജ്യത്തെ പൊതുസമൂഹത്തിനെന്നതിനപ്പുറം കേന്ദ്ര ഭരണാധികാരികള്‍ക്കുള്ളതാണ്. സഹിഷ്ണുതയും സഹജീവിസ്‌നേഹവും മുഖമുദ്രയാക്കിയ മഹാത്മജിയെ പിന്തുടരണമെന്ന സന്ദേശം കേന്ദ്ര ഭരണാധികാരികളും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് ആദ്യം ഏറ്റെടുക്കേണ്ടത്. അതിന് എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നുവെന്ന സമീപനം അവരുടെ ഭാഗത്തുനിന്നുണ്ടാകണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടും അത് ചെവിക്കൊള്ളാതെ മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം യഥാര്‍ത്ഥത്തില്‍ അവരുടെ ധാര്‍ഷ്ട്യത്തെയാണ് വെളിവാക്കുന്നത്.
അതുകൊണ്ടുതന്നെയാണ് റിപ്പബ്ലിക് ദിനാഘോഷത്തെ പോലും പ്രതിഷേധത്തിനുള്ള അവസരമാക്കി ഒരു വിഭാഗത്തിന് മാറ്റേണ്ടി വന്നത്. ശൂന്യമായ സദസിനെ നോക്കി ഒരു ഗവര്‍ണര്‍ക്ക് റിപ്പബ്ലിക് ദിനത്തില്‍ പ്രസംഗിക്കേണ്ടിവന്നുവെന്നത് കേന്ദ്ര ഭരണാധികാരികള്‍ക്ക് ഭൂഷണമായി കരുതാമായിരിക്കും. എന്നാല്‍ യഥാര്‍ഥ ദേശസ്‌നേഹികളെ വേദനിപ്പിക്കുന്നതാണ് പ്രസ്തുത സംഭവം. അത്തരം അവസരങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികളാണ് കേന്ദ്രത്തില്‍ നിന്നുണ്ടാവേണ്ടത്. എല്ലാവരേയും വിശ്വാസത്തിലെടുത്തും എല്ലാവരുമായും സമവായത്തിന് ശ്രമിച്ചും ഇത്തരം നിയമഭേദഗതികള്‍ നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ മാത്രമേ രാഷ്ട്രപതി പറഞ്ഞ ജനാധിപത്യത്തിന്റെ പൂര്‍ണാര്‍ഥത്തിലെത്തുവാന്‍ നമുക്ക് സാധ്യമാവുകയുള്ളൂ.
റിപ്പബ്ലിക് ദിനത്തിന്റെ രണ്ടാംദിവസം തമിഴ്‌നാട്ടില്‍ അരങ്ങേറിയ പ്രതിഷേധവും കേന്ദ്രം കൈക്കൊള്ളുന്ന ജനാധിപത്യ വിരുദ്ധവും ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതുമായ നിലപാടുകള്‍ക്കെതിരെയുള്ളതാണ്. തങ്ങള്‍ക്ക് വിയോജിപ്പുള്ളവരോട് ശത്രുതാപരമായ സമീപനങ്ങള്‍ സ്വീകരിക്കുന്നുവെന്ന ആക്ഷേപമുന്നയിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ തമിഴ് ജനത പ്രതിഷേധം സംഘടിപ്പിച്ചത്. ഏതെങ്കിലും ഒരു പ്രധാനമന്ത്രിക്കോ ഗവര്‍ണര്‍ക്കോ ഇത്തരത്തില്‍ ഒരു സംസ്ഥാനത്തും പ്രതിഷേധം നേരിടേണ്ടിവന്ന പൂര്‍വ ചരിത്രമുണ്ടാകുമെന്ന് തോന്നുന്നില്ല. തങ്ങളുടെ കയ്യിലുള്ള വജ്രായുധം പ്രയോഗിക്കാനുള്ള സുവര്‍ണാവസരം ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ സമാഗതമാകുന്നുവെന്ന് ബോധ്യമുള്ളവരാണ് പൊതുജനങ്ങള്‍. എന്നിട്ടും വിവിധ രൂപത്തിലുള്ള പ്രതിഷേധങ്ങളിലൂടെ ജനം തെരുവിലിറങ്ങുന്നുവെങ്കില്‍ അത്രയധികം വെറുക്കപ്പെട്ടവരായി മാറിയിരിക്കുന്നു തങ്ങളെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ ചരിത്രത്തില്‍ നിന്നുതന്നെ അവര്‍ തിരസ്‌കരിക്കപ്പെടുമെന്നുറപ്പാണ്.

Related News