Loading ...

Home National

ചിദംബരം: നടരാജനൃത്ത ഭൂമി

വിപിന്‍ കുമാര്‍

പ്രാചീനവും പ്രാഢവുമായ ദ്രാവിഡ സംസ്കാരത്തിന്റെ ആധാര കേന്ദ്രങ്ങളിലൊന്നാണ് ചിദംബരം. ശൈവ വിശ്വാസങ്ങളുടെയും തത്ത്വചിന്തയുടെയും മുഖ്യകേന്ദ്രം. പ്രപഞ്ചത്തെ ഒരു ആനന്ദ താണ്ഡവനൃത്തമായി കാണുന്ന നടരാജ ദര്‍ശനമാണ് ചിദംബരത്തേത്.

അതിവിശാലവും മനോഹരവുമായ തില്ലൈ നടരാജര്‍ ക്ഷേത്രമാണ് ചിദംബരത്തെ മുഖ്യ ആകര്‍ഷണം. തമിഴ്നാട്ടിലെ തെക്കന്‍ ആര്‍ക്കാട്ടു പ്രദേശത്താണ് ചിദംബരം പട്ടണം. പരമശിവന്റെ നടരാജനൃത്തരൂപമാണ് ചിദംബരം ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. തില്ലൈ കോതന്‍ എന്ന പേരിലാണ് ശിവനെ ആരാധിക്കുന്നത്. ശിവക്ഷേത്രങ്ങളിലെല്ലാം തന്നെ ആരാധിക്കുന്നത് ശിവലിംഗത്തെയാണ്. വിഗ്രഹ രൂപത്തില്‍ ശിവനെ ആരാധിക്കുന്നത് അത്യപൂര്‍വമാണ്. അത് ചിദംബരത്തെ ഒരു മുഖ്യ സവിശേഷതയാണ്.

ഇന്ന് ലോകമെമ്ബാടും ഭാരതീയ കലാദര്‍ശനങ്ങളുടെ ഏറ്റവും നല്ല പ്രതീകമാണ് നടരാജനൃത്തം. വിശ്രുത കലാചിന്തകനായ ആനന്ദകുമാരസ്വാമിയുടെ 'ദ ഡാന്‍സ് ഓഫ് ശിവ' എന്ന പ്രശസ്ത ഗ്രന്ഥമാണ് നടരാജനൃത്തത്തിന്റെയും ഭാരതീയ കലാദര്‍ശനങ്ങളുടെയും ഗരിമ ലോകസമക്ഷം അവതരിപ്പിച്ചത്.


 
ചിദംബരത്തെ നടരാജക്ഷേത്രം അതിപ്രാചീനമാണ്. പല കാലങ്ങളിലായി പലപല രാജാക്കന്‍മാരാണ് ക്ഷേത്രത്തിന് ഇന്നത്തെ രൂപം നല്‍കിയത്. ചിദംബരം പട്ടണത്തിന്റെ നടുവില്‍ 40 ഏക്കര്‍ വിസ്തൃതിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകോവിലിന്റെ മേല്‍ക്കൂര സ്വര്‍ണത്തടികുകള്‍കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ചിത്സഭ എന്ന ശ്രീകോവിലിലാണ് നടരാജന്റയും ശിവകാമിയുടെയും വിഗ്രഹങ്ങള്‍. മരം കൊണ്ടുള്ള തൂണുകളില്‍ നില്‍ക്കുന്ന ചിത്സഭ പൂര്‍ണമായും ദാരു നിര്‍മിതമാണ്. നടരാജ വിഗ്രഹത്തിനു വലതു ഭാഗത്തായി ചിദംബര രഹസ്യം. ഇവിടെ വിഗ്രഹങ്ങളോ പ്രതിഷ്ഠകളോ ഒന്നുമില്ല. പരമശിവന്റെ സാന്നിധ്യം സങ്കല്പിച്ച്‌ ആരാധന നടത്തുകയാണ് ഇവിടെ. ആദിശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ചത് എന്നു വിശ്വസിക്കുന്ന സ്ഫടിക ലിംഗമാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആരാധനാസ്ഥാനം.

ഇങ്ങനെ ക്ഷേത്രത്തില്‍ പരമശിവനെ മൂന്നു തരത്തില്‍ ദര്‍ശിക്കാനാവും. രൂപം, രൂപാരൂപം, അരൂപം എന്നിങ്ങനെ. നടരാജമൂര്‍ത്തിയെ ദര്‍ശിക്കുന്നതാണ് രൂപം. സ്ഫടികലിംഗ ദര്‍ശനമാണ് രൂപാരൂപം. ചിദംബര രഹസ്യത്തിലെ ദര്‍ശനം അരൂപവും. ക്ഷേത്രത്തിലെ നൃത്തസഭയിലെ തൂണുകളില്‍ ശിവന്റെ ഊര്‍ധ്വതാണ്ഡവ ശില്പങ്ങള്‍ കാണാം. ഭാരതീയ നൃത്തരൂപങ്ങളുടെ ദാര്‍ശനിക മുഖമാണിവിടെ പ്രകടമാകുന്നതെന്ന് ആനന്ദകുമാരസ്വാമി അഭിപ്രായപ്പെടുന്നു.


 
പ്രാകാരത്തിനു പുറത്ത് ശിവകാമി അമ്മന്‍ ക്ഷേത്രവും രാജസഭ എന്ന ആയിരംകാല്‍ മണ്ഡപവും സ്ഥിതിചെയ്യുന്നു. ശിവഗംഗ എന്ന തീര്‍ഥക്കുളവുമുണ്ട്. ശിവകാമി അമ്മന്‍കോവിലിന്റെ മുഖമണ്ഡപത്തിലെ പെയിന്‍റിംഗുകള്‍ പ്രാചീന ദ്രാവിഡ ചിത്രകലാമാതൃകയുടെ മികച്ച ദൃഷ്ടാന്തങ്ങളാണ്. ചിദംബരം ക്ഷേത്രത്തിലെ ഏറ്റവും ഗാംഭീര്യമാര്‍ന്ന കാഴ്ച നാലുപുറത്തെയും ഗോപുരങ്ങളാണ്. വലിയൊരു കോട്ട പോലുള്ള ക്ഷേത്രത്തില്‍ നിന്ന് നാലു ദിക്കിലേക്കും തുറക്കുന്ന വാതായനങ്ങളാണ് ഈ ഗോപുരങ്ങള്‍. ശരാശരി 250 അടി ഉയരമുള്ള ഏഴുനില ഗോപുരങ്ങളാണിവ. 18 ആം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ജനറലായ Sir Eyre Coote മൈസൂര്‍ രാജാക്കന്‍മാരുമായി യുദ്ധം ചെയ്ത കാലത്ത് ചിദംബരം ക്ഷേത്രത്ത കോട്ടയായി ഉപയോഗിച്ചിരുന്നു.

ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ വിവരിച്ചിട്ടുള്ള 108 നാട്യഭാവങ്ങളെയും അവതരിപ്പിക്കുന്ന ശില്‍പ്പങ്ങള്‍ കിഴക്കെ ഗോപുരത്തില്‍ കൊത്തി വച്ചിട്ടുണ്ട്. പല്ലവ, ചോള, പാണ്ഡ്യ രാജാക്കന്‍മാരാണ് മുഖ്യമായും ക്ഷേത്രം നിര്‍മിച്ചത്. വടക്കെ ഗോപുരം കൃഷ്ണദേവരായനും കിഴക്കെ ഗോപുരം കുലോത്തുംഗ ചോളനുമാണ് നിര്‍മിച്ചത്. ശൈവമതത്തിലെ വേദങ്ങള്‍ എന്നു പറയാവുന്ന തേവാരങ്ങളും സേക്കിഴാറുടെ പെരിയപുരാണവും രചിച്ചത് ചിദംബരം ക്ഷേത്രത്തില്‍ വച്ചാണ്. ശൈവ ദര്‍ശനത്തിലെ ആചാര്യന്‍മാരായ അപ്പര്‍, സുന്ദര്‍, മാണിക്കവാചകര്‍ എന്നിവരുടെ പ്രതിമകള്‍ ചിദംബരത്തെ നാലു ഗോപുരങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.


 
വര്‍ഷത്തില്‍ ഒരിക്കല്‍ ഇവിടെ നാട്യാഞ്ജലി നൃത്തോത്സവം നടക്കാറുണ്ട്. അക്കാലത്താണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തുന്നത്. നടരാജ സങ്കല്‍പത്തെ കുറിച്ചുള്ള ദാര്‍ശനിക കാഴ്ചപ്പാട്: നടരാജ മൂര്‍ത്തിയുടെ കൈയിലെ ഡമരു കാലത്തിന്റെയും ഭാഷയുടെയും പ്രഭവകേന്ദ്രമാണ്. ഒരു കൈയില്‍ നടരാജന്‍ അഗ്നിയാണ് പേറുന്നത്. പരിണാമത്തിന്റെയും സംഹാരത്തിന്റെയും പ്രതീകമാണിത്. വലതുകാല്‍ കൊണ്ട് അജ്ഞതയെ ചവിട്ടിയമര്‍ത്തിയാണ് നടരാജന്റെ നില്പ്. മോക്ഷസൂചകമായി ഇടതുകാല്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. മംഗളപ്രതീക്ഷ കളിലേക്കുയര്‍ത്തിയതാണ് മൂന്നാം കൈ. നാലാമത്തെ കൈ അഭയ വരദായകവും. വിഗ്രഹത്തിനു പുറമെ കാണുന്ന പ്രഭാവലയം സകല ചരാചരങ്ങളുമടങ്ങിയ പ്രകൃതിയുടെ പ്രതീകമാണ്. നിശ്ചലത എന്നൊന്ന് ഇവിടില്ല. സര്‍വം ചലനാത്മകവും ചടുലവുമാണ്. നടരാജന്റെ ഒരു കാതില്‍ പുരുഷന്‍മാരുടെ കുണ്ഡലവും മറു കാതില്‍ ശിവകാമിയുടെ ആഭരണവും അണിഞ്ഞിരിക്കുന്നു. സകല മനുഷ്യരിലുമുള്ള ദ്വന്ദ്വഭാവത്തിന്റെ സൂചനയാണിത്. മഹിതമായ ഈ താണ്ഡവനൃത്തം പ്രപഞ്ചത്തെ ദര്‍ശിക്കുന്ന ശൈവ തത്ത്വചിന്തയാണ്.

Courtesy: 24K

Related News