Loading ...

Home Education

കുഴപ്പക്കാരായ പതിവ്രതകളും ചൊവ്വാദോഷക്കാരിയായ ഗൃഹനായികയും

ബിനു കെ സാം

വ്രതം നോക്കേണ്ട മലയാളി വൃതമേ നോക്കൂ എന്നു ശഠിച്ചാലെന്തു ചെയ്യും ?

പിന്നെ, ഭര്‍ത്താവിനെ വ്രതമാക്കുന്നവളെ ഭര്‍ത്താക്കന്മാരാല്‍ ചുറ്റപ്പെട്ടവളാക്കുന്നതില്‍ അത്ഭുതപ്പെടണോ?
പാവം പതിവ്രത പതിവൃതയായിപ്പോകുന്നു.
ഗൃഹപ്പിഴക്കാരിയായ ഗ്രഹനായികയ്ക്ക് ചൊവ്വാദോഷവും ശനിപ്പിഴയും വന്നാല്‍ നിസ്സംശയം പറയാം കുഴപ്പം അവര്‍ക്കല്ല നമുക്കാണെന്ന് (വല്ല ഗ്രഹപ്പിഴക്കാലത്തുമായിരിക്കും ആദ്യക്ഷരം കുറിച്ചത്).
ഗൃഹം വീടും ഗ്രഹം ഒരു നക്ഷത്രവുമാണല്ലോ. ഗ്രഹപ്പിഴ ഗൃഹനായികയ്ക്ക് മാത്രമല്ല, ആര്‍ക്കും വരാവുന്നതാണല്ലോ.
ഗൃഹിണിയായ വീട്ടമ്മയ്ക്ക് ഗ്രഹിണി എന്ന രോഗം വരാവുന്നതേയുള്ളൂ.
എന്നാല്‍, ഗ്രഹിണിക്ക് ഗൃഹണി വന്നാലേ കുഴപ്പമുള്ളൂ.

ഉദ്ദേശത്തിന്റെ ഉദ്ദേശ്യം എന്താണാവോ….?

പ്രത്യേകിച്ച് ഉദ്ദേശ്യമൊന്നുമില്ലെങ്കിലും ഉദ്ദേശം എല്ലാ മലയാളികള്‍ക്കും തെറ്റിപ്പോകുന്ന രണ്ട് പദങ്ങളാണിവ. ഇതില്‍ത്തന്നെ ഉദ്ദേശ്യം അത്രത്തോളം പ്രയോഗിക്കുന്നില്ലെന്നതാണ് സത്യം. രണ്ട് അര്‍ത്ഥത്തിലും ഒരൊറ്റ ഉദ്ദേശമാണ് സാധാരണ ഉണ്ടാകാറ്. വേണമെങ്കില്‍ ഉദ്ദേശലക്ഷ്യങ്ങള്‍ എന്നൊക്കെ കേറി പറഞ്ഞുകളയുകയും ചെയ്യും.
ഉദ്ദേശം – ഏകദേശം / ചൂണ്ടിക്കാണിക്കുന്നത്
ഉദ്ദേശ്യം – ലക്ഷ്യം
നല്ല ഉദ്ദേശത്തോടെയാണ് വരുന്നതെങ്കിലും ആഗമനോദ്ദേശം അത്ര നല്ലതല്ലെന്ന് തിരിച്ചറിയണം. അവര്‍ ഉദ്ദേശം പത്ത് പേര്‍ ഉണ്ടായിരുന്നു. കൃത്യമായും പത്ത് പേരുണ്ടെന്ന് അറിയാമെന്നിരിക്കെ ഏകദേശം പത്തു പേര്‍ എന്നു പറഞ്ഞാലെ പലപ്പോഴും നമുക്ക് സമാധാനമാവുകയുള്ളൂ.

വലിച്ചു നീട്ടാത്ത മാന്യരും കുത്തു കിട്ടുന്ന ശ്രീമതിയും

വലിച്ചു നീട്ടി കാര്യങ്ങള്‍ പറയുന്നതില്‍ മിടുക്കരായ മലയാളികള്‍ സംബോധനയുടെ കാര്യം വരുമ്പോള്‍ മാത്രം എന്തിനാണിത്ര പിശുക്കരാകുന്നത്. എത്ര മാന്യതയുള്ള ആളാണെങ്കിലും നമ്മള്‍ പറയുമ്പോള്‍ മാന്യരെ എന്നാക്കി നിര്‍ത്തും. മാന്യരേ എന്ന ദീര്‍ഘമാണ് സംബോധനയ്ക്കാവശ്യം. സുഹൃത്തേ, സ്‌നേഹിതരേ, പ്രിയപ്പെട്ടവരേ, എന്നൊക്കെ ദീര്‍ഘമായി അവസാനിപ്പിക്കേണ്ടിടത്താണ് സുഹൃത്തെ, സ്‌നേഹിതരെ, പ്രിയപ്പെട്ടവരെ എന്നൊക്കെ തെറ്റായി പ്രയോഗിക്കുന്നത്. സ്ത്രീലിംഗ ശബ്ദമുള്ള പേരുകളും ആകാരത്തില്‍ അവസാനിക്കുന്നതും നമ്മള്‍ മറക്കുന്നു. സംസ്‌കൃത പദങ്ങള്‍ മലയാളത്തിലേക്ക് എടുക്കുമ്പോഴും ദീര്‍ഘം ആവശ്യമാണ് (വീണാ ജോര്‍ജ്ജ്, കവിതാ കൃഷ്ണന്‍). നമസ്‌തേ, ജന്മനാ, മനസാ ഒക്കെ സംസ്‌കൃതപദങ്ങളായതിനാല്‍ ദീര്‍ഘമായി അവസാനിക്കണം. (സംസ്‌കൃതത്തില്‍ എ, ഒ എന്നീ ഹ്രസ്വസ്വരങ്ങള്‍ ഇല്ല). അതുകൊണ്ട് പ്രിയപ്പെട്ടവരേ, ‘മാന്യരേ’ എന്നത് മറക്കേണ്ട.
ബഹുമാനാര്‍ത്ഥം നമ്മള്‍ ഉപയോഗിക്കുന്ന ശ്രീയും ശ്രീമതിയും കുത്തു കിട്ടിയും കുത്തു കിട്ടാതെയും വല്ലാതെ വിഷമിക്കാറുണ്ട്. ആണിനു മുമ്പിലെ ‘ശ്രീ’യ്ക്ക് കുത്തു കൊടുക്കുമ്പോള്‍ തുല്യനീതിക്കുവേണ്ടി വാദിക്കുന്ന സ്ത്രീകളുടെ ‘ശ്രീമതി’ക്ക് കുത്തു കൊടുക്കാതിരുന്നാല്‍ മനുഷ്യാവകാശ ലംഘനമായിപ്പോകില്ലേ എന്നു വിചാരിച്ച് ‘ശ്രീമതി എന്നതിന് ശേഷവും നമ്മള്‍ കുത്തിടുന്നു. വാക്യം അവസാനിപ്പിക്കുമ്പോള്‍ ഇടുന്ന പൂര്‍ണ്ണവിരാമം ചുരുക്കെഴുത്തിനു ശേഷം ഇനിയുമുണ്ട് എന്ന് അറിയിക്കുവാനും ഉപയോഗിക്കുന്നു. ‘ശ്രീമാന്‍’ എന്നത് ചുരുക്കി ‘ശ്രീ’ എന്നാക്കുമ്പോഴാണ് പൂര്‍ണ്ണവിരാമം ഉപയോഗിക്കുന്നത്. അപ്പോള്‍ പൂര്‍ണ്ണരൂപമായ ‘ശ്രീമതി’ക്ക് പൂര്‍ണ്ണവിരാമചിഹ്നം ആവശ്യമില്ല. (ശ്രീമാന്‍, ശ്രീമതീ എന്നിവയുടെ സംബോധനാരൂപമാണ് ശ്രീമന്‍, ശ്രീമതി). സൗന്ദര്യബോധം ഏറിയപ്പോഴാണ് നമ്മള്‍ ചുരുക്കരൂപത്തോടൊപ്പം ചേര്‍ക്കേണ്ട ‘ബിന്ദു’വിനെ മറന്നുകളഞ്ഞത്.

‘പെടുന്നതില്‍ ‘പെട്ടു’പോകുന്ന മലയാളി

കര്‍മ്മണിയോട് ഇത്രയേറെ സ്‌നേഹമുണ്ടാകുമോ ?
കര്‍മ്മണിയോ അമ്മിണിയോ ?
അതൊന്നും നമ്മുക്കറിയില്ല.
പക്ഷേ,
‘പ്പെടും’ എന്നു കൂട്ടിച്ചേര്‍ത്തില്ലെങ്കില്‍ ഏതാണ്ട് ഒരു ‘ഇതാണ് മലയാളിക്ക്.
ഇറച്ചിക്കോഴി വില്ക്കപ്പെടും.
തുണി അലക്കി കൊടുക്കപ്പെടും.
കുട നന്നാക്കപ്പെടും.
ധാന്യങ്ങള്‍ പൊടിക്കപ്പെടും.
ബസപകടത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു.
ശക്തമായി പറയപ്പെട്ടു.
അല്ല ഒരു സംശയം. വില്ക്കും, കൊടുക്കും, നന്നാക്കും, പൊടിക്കും എന്നൊക്കെ പോരേ.
ഇത്തിരി കട്ടിക്കിരിക്കട്ടെ എന്നു വിചാരിക്കുന്നതല്ലേ ഇങ്ങനെ വേണ്ടാതെ പെട്ടുപോകാന്‍ കാരണം.
‘മരിച്ചു’ മതിയെന്നിരിക്കെ കൊല്ലപ്പെടേണ്ട കാര്യമുണ്ടോ.
‘പറഞ്ഞു’ പോരെ, പിന്നെന്തിനാ പറയപ്പെടുന്നത്.
കര്‍ത്തരിയുടെ ചോറും കറിയും വിശപ്പു മാറ്റുമെങ്കില്‍
കര്‍മ്മണിയുടെ ആഢംബരസദ്യ അജീര്‍ണ്ണം വരുത്തില്ലേ ?
അനാച്ഛാദനം ചെയ്യാന്‍
അനുധാവനം ചെയ്യുന്നവര്‍
വിളക്കു കൊളുത്തലിന്റെ തിക്കുംതിരക്കും കഴിഞ്ഞപ്പോഴേക്കും അവതാരക(പുരുഷ)ന്റെ വക നിര്‍ദ്ദേശമെത്തി.
‘ഇനി മുഖ്യമന്ത്രി ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങാണ്. മറ്റ് മന്ത്രിമാരും വിശിഷ്ടാതിഥികളും അദ്ദേഹത്തെ അനുധാവനം ചെയ്യുന്നതായിരിക്കും.
കല്ലിട്ട് കളിക്കുന്ന പുതിയകാലത്തില്‍ ഈ അനാച്ഛാദനം നമ്മള്‍ ഒരുപാട് കേള്‍ക്കുന്നതാണ്. കല്ലാകുമ്പോള്‍ അനാച്ഛാദനത്തില്‍ അല്‍പംപോലും അര്‍ത്ഥപ്രശ്‌നമില്ല. പക്ഷേ പ്രതിമയ്ക്ക് അനാച്ഛാദനം പോരാ. അനാവരണമാണ് ആവശ്യം.
ആവരണം-പൊതിയല്‍, അനാവരണം-പൊതിമാറ്റല്‍
ആച്ഛാദനം-മറയ്ക്കല്‍, അനാച്ഛാദനം-മറ നീക്കല്‍.
പ്രതിമയാകുമ്പോള്‍ മറ പോരാ. പൊതി തന്നെ വേണം.
അവിടെയും തീര്‍ന്നില്ല കാര്യങ്ങള്‍.
മുമ്പേ പോകുന്ന ആളിനെ അനുധാവനം ചെയ്യേണ്ട, അനുഗമിച്ചാല്‍ മതി.
ധാവനം – ഓട്ടം, അനുധാവനം – പിന്നാലെ ഓട്ടം. (മുഖ്യമന്ത്രിയുടെ തിരക്കുകൊണ്ട് ചിലപ്പോള്‍ ഈ ഓട്ടം ശരിയാകാനും മതി)

ഹാര്‍ദ്ദവമായ സ്വാഗതവും രേഖപ്പെടുത്തുന്ന നന്ദിയും

സ്ഥലത്തെ പ്രധാന ദിവ്യന്മാരെല്ലാം വേദിയിലിരിക്കുന്ന സമയം. സ്വാഗതപ്രസംഗകന്‍ ഒന്നു വാചാലനായിപ്പോയാല്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ. നാട്ടുകാര്യവും വീട്ടുകാര്യവുമെല്ലാം പറഞ്ഞുകഴിയുമ്പോഴാണ് ശരിക്കും പ്രസംഗോദ്ദേശ്യം മനസ്സിലായിത്തുടങ്ങുന്നത്. അപ്പോള്‍ പരമ്പരാഗതമായ അടുത്ത വാചകത്തിലേക്ക് കടക്കും. ‘ഇനി ഞാന്‍ എന്റെ കര്‍ത്തവ്യത്തിലേക്ക് കടക്കട്ടെ’. സ്വാഭാവികമായും ഇയാള്‍ ഇതുവരെ കര്‍ത്തവ്യം മറന്നു നില്‍ക്കുകയായിരുന്നോ എന്ന് ശുദ്ധാത്മാക്കള്‍ സംശയിച്ചു പോയാല്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ.
പീഡനത്തിന് ശക്തി കൂട്ടാന്‍ വേണ്ടി പീഢനമാക്കി പറഞ്ഞും എഴുതിയും നമ്മള്‍ ആക്കം കൂട്ടുന്നതു പോലെയാണ് സ്വാഗതത്തിലെ ഹാര്‍ദ്ദവം. മാര്‍ദ്ദവം പോലെ എന്തോ ആണെന്നു വിചാരിച്ച് ഹാര്‍ദ്ദത്തെ ഹാര്‍ദ്ദവം ആക്കുന്നതായിരിക്കും. ഇനിയുമുണ്ട് ചിലരുടെ സദയം സ്വാഗതം ചെയ്യല്‍. ഇതില്‍ ആര്‍ക്കാണ് ശരിക്കും ദയ ഉണ്ടാകേണ്ടത്. സദയം എന്നാല്‍ ദയയോടുകൂടിയതാണെല്ലോ.
കൃതജ്ഞത അര്‍പ്പിക്കുന്നവരും ഒട്ടും മോശമാകാന്‍ പാടില്ലല്ലോ. നന്ദിയായാലും കൃതജ്ഞതയായാലും അവര് കേറിയങ്ങ് രേഖപ്പെടുത്തിക്കളയും. എഴുതി വയ്ക്കുന്നതാണല്ലോ ഈ രേഖപ്പെടുത്തല്‍. എഴുതുന്നിടത്ത് മാത്രമുള്ള അടിവരയിടീല്‍ അടിവര ഇട്ട് പറഞ്ഞ്’പ്രസംഗിക്കുന്നവര്‍ക്ക് ‘നന്ദിയുടെ രേഖപ്പെടുത്തല്‍’ പറ്റുമായിരിക്കാം.

Related News