Loading ...

Home National

മതവിദ്വേഷ കുറ്റകൃത്യങ്ങള്‍ പെരുകുന്നു

ന്യൂഡല്‍ഹി രാജ്യത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മതത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ അരങ്ങേറിയത് 2018 ലാണെന്ന് കണക്കുകള്‍.
ഡിസംബര്‍ 25 വരെ ഉള്ള കണക്കുകള്‍ പ്രകാരം 93 മതവിദ്വേഷ അതിക്രമങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്. മുപ്പത് പേര്‍ ഈ സംഭവങ്ങളില്‍ കൊല്ലപ്പെടുകയും 305 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹേറ്റ് ക്രൈം വാച്ച് എന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തിനൊടുവിലാണ് കണക്കുകള്‍ പുറത്തുവിട്ടത്.

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശാണ് കലാപങ്ങളിലും വിദ്വേഷ കുറ്റകൃത്യങ്ങളിലും മുന്നില്‍ നില്‍ക്കുന്നത്. 27 അക്രമ സംഭവങ്ങളാണ് ഉത്തര്‍പ്രദേശില്‍ 2018 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബിജെപിയും നിതീഷ്‌കുമാറിന്റെ ജെഡിയുവും ചേര്‍ന്ന് ഭരിക്കുന്ന ബിഹാറില്‍ പത്തു സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗുജറാത്ത്, രാജസ്ഥാന്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഏഴ് വീതം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും നാല് പേര്‍ വീതം മരിച്ചു. കര്‍ണാടകയിലും ജാര്‍ഖണ്ഡിലും മൂന്ന് പേര്‍ വീതവും. ബിജെപിക്കും സഖ്യ കക്ഷികള്‍ക്കും കീഴിലാണ് ഏറ്റവും അധികം വിദ്വേഷ പ്രചാരണവും അക്രമങ്ങളും കൊലകളും നടക്കുന്നതെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുന്നവരില്‍ 75 ശതമാനവും ന്യൂനപക്ഷങ്ങളാണെന്ന് കണക്കുകള്‍ പറയുന്നു. 49 അക്രമങ്ങളില്‍ മുസ്‌ലിങ്ങള്‍ ആയിരുന്നു ഇരകള്‍. പതിനാല് ശതമാനമാണ് മുസ്‌ലിം ജനസംഖ്യ എങ്കിലും മൊത്തം അതിക്രമങ്ങളുടെ 60 ശതമാനം ഇരകള്‍ മുസ്‌ലിംസമുദായത്തില്‍ പെട്ടവരാണ്. 14 ശതമാനം ഇരകള്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ടവരാണ്. ഒരു സിക്കുകാരനും അതിക്രമത്തിന് ഇരയായി. 32 കേസുകളില്‍ (11 ശതമാനം) ഇരകള്‍ ഏത് സമുദായത്തില്‍ പെട്ടവരാണെന്നു വ്യക്തമല്ല.

കൊല്ലപ്പെട്ടവരില്‍ അഞ്ചില്‍ മൂന്നും മുസ്‌ലിം മതവിഭാഗത്തില്‍പ്പെട്ടവരാണ്. ആകെ മുപ്പത് പേര്‍ മരിച്ചതില്‍ പതിനെട്ട് പേര്‍ മുസ്‌ലിങ്ങള്‍ ആണെന്ന് കണക്കുകള്‍ പറയുന്നു. പത്തു പേര്‍ ഹിന്ദുക്കളായിരുന്നു. ആകെ കൊല്ലപ്പെട്ടവരുടെ 33 ശതമാനമാണിത്.
45 കുറ്റകൃത്യങ്ങളില്‍ അക്രമകാരികള്‍ ഹിന്ദുക്കളായിരുന്നു. ആകെ കേസുകളുടെ 71 ശതമാനമാണിത്. പതിനേഴ് കേസുകളില്‍ (27 ശതമാനം) മുസ്‌ലിങ്ങള്‍ ആണ് പ്രതികളുടെ സ്ഥാനത്തുള്ളത്. 2009 മുതല്‍ നടന്ന മതവിദ്വേഷ കുറ്റകൃത്യങ്ങളില്‍ 82 ശതമാനവും പ്രതികളായിട്ടുള്ളത് ഹിന്ദു സംഘടനാ പ്രവര്‍ത്തകരാണ്.

കഴിഞ്ഞവര്‍ഷം നടന്ന അതിക്രമങ്ങളില്‍ നാലില്‍ ഒന്ന് മതവിദ്വേഷത്തിന്റെ പേരിലുള്ളതാണ്. ഇതരമതസ്ഥരുമായുള്ള വിവാഹത്തിന്റെ പേരില്‍ 16 കേസുകളും ഗോസംരക്ഷണത്തിന്റെ പേരില്‍ 14 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 14 കേസുകളിലെ കാരണം വ്യക്തമല്ല. 2009 മുതല്‍ നടന്ന 75 ആക്രമണങ്ങള്‍ ഗോ സംരക്ഷണത്തിന്റെ പേരിലുള്ളതാണെന്നും പഠനം വ്യക്തമാക്കുന്നു. യോഗി ആദിത്യനാഥ് യുപിയില്‍ അധികാരമേറ്റ ശേഷം പശുവിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ 69 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Related News