Loading ...

Home National

മോഡി സര്‍ക്കാര്‍ നിങ്ങളുടെ സ്വകാര്യതയിലേയ്ക്ക് ഒളിഞ്ഞുനോക്കുന്നു

ജോസ് ഡേവിഡ്

നരേന്ദ്രമോഡി സര്‍ക്കാര്‍ നിങ്ങളുെട സ്വകാര്യതയിലേയ്ക്ക് നുഴഞ്ഞ് കയറുകയാണ്. 130 കോടി ജനങ്ങള്‍ക്കുമേല്‍ 10 സര്‍ക്കാര്‍ ഏജന്‍സികള്‍ കഴുകന്‍ കണ്ണുകളുമായി പറന്നു നടക്കുന്നത് ഇന്ത്യ സ്വതന്ത്ര്യമായി ജീവിക്കാന്‍ അനുവാദമില്ലാത്ത രാജ്യമാണെന്നതിന്റെ പ്രഖ്യാപനമാണ്.
ഇന്ത്യയിലെ പ്രധാനപ്പെട്ട ഇന്റലിജന്‍സ് ഏജന്‍സികളായ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) റിസര്‍ച്ച് അനാലിസിസ് വിങ് (റോ) എന്നിവയ്ക്കുമേല്‍ പാര്‍ലമെന്റിനോ ലജിസ്ടലേച്ചറിനോ നിയന്ത്രണമില്ല. പതിനായിരക്കണക്കിന് രഹസ്യങ്ങള്‍ ചോര്‍ത്തലാണ് ഓരോ മാസവും ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനെന്ന പേരില്‍ ലോക്കല്‍ പൊലീസ് ആയിരക്കണക്കിന് കോള്‍ ഡേറ്റകള്‍ ദിവസംതോറും ഒളിഞ്ഞുനോക്കുന്നുണ്ട്. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്മേല്‍ ഇങ്ഹനെ കൂച്ചുവിലങ്ങ് വീഴുകയാണ്. ഗവണ്‍മെന്റിന്റെ പരിശോധനയും മനുഷ്യരുടെ മൗലിക അവകാശവും തമ്മില്‍ ഒരു നേര്‍ത്ത അതിര്‍ രേഖയേയുള്ളൂ. അതേതാണ്ട് പുതിയ തീരുമാനത്തോടെ ഇല്ലാതാവുകയും ചെയ്തിരിക്കുന്നു. ഇതു പൊലീസ് രാജെന്നും സൈബര്‍ അടിയന്തരാവസ്ഥയെന്നും ഇതിനകം വിശേഷിപ്പിക്കപ്പെട്ട് കഴിഞ്ഞു. മോഡി നൂറ് കോടിയിലധികം ജനതയ്ക്ക് മേല്‍ ഒരു ഏകാധിപധി ആവുകയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു.

പൗരന്മാരുടെ ഏത് കമ്പ്യൂട്ടറിലെയും വിവരങ്ങളില്‍ സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കടന്നുകയറാനും വിവരങ്ങള്‍ നിരീക്ഷിക്കാനും അത് വ്യാഖ്യാനം ചെയ്യാനും അധികാരം നല്‍കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവാണ് രാജ്യത്താകെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തിയിരിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയും ഭീകരപ്രവര്‍ത്തകര്‍ ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് തുടങ്ങുകയും ചെയ്തതിനെ ചെറുക്കാനാണ് ഈ ഉത്തരവ് എന്നാണ് ഔദ്യോഗിക വ്യാഖ്യാനം. വ്യക്തികള്‍ കൈമാറുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം ഉള്‍പ്പെടെ, സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനും ഈ ഏജന്‍സികള്‍ക്ക് ഇതുമൂലം അനുമതി ലഭിച്ചുകഴിഞ്ഞു.
പൊതുതെരഞ്ഞെടുപ്പ് വാതില്‍പ്പടിയില്‍ വന്നുനില്‍ക്കെ ജനങ്ങള്‍ക്കുമേല്‍ നിരീക്ഷണ കണ്ണുകള്‍ തുറന്നുവയ്ക്കുന്നതിന്റെ ഉദ്ദേശ്യലക്ഷ്യം പലരും സംശയദൃഷ്ടിയോടെയാണ് കാണുന്നത. ഇതു ഏകാധിപത്യം മാത്രമല്ല സമൂഹത്തിന്റെ ഘടനയെത്തന്നെ തകിടം മറിക്കുമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സുപ്രിം കോടതി ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യത ഭരണഘടനാനുസൃതമായ മൗലികാവകാശമായി പ്രഖ്യാപിച്ചത്. ആ ചരിത്രവിധിയെ ഈ നിയമം കാറ്റില്‍ പറത്തിയിരിക്കുന്നു.

നിങ്ങള്‍ മേല്‍നോട്ടത്തിനു വിധേയമാണെന്ന് വന്നാല്‍ ഏതൊരു പൗരനും ഭയക്കും. ജനങ്ങളെ ഇങ്ങനെ ഭയപ്പെടുത്തുക എന്ന ലക്ഷ്യം പുതിയ ഉത്തരവിന് പിന്നിലുണ്ട്. 2009ല്‍ ഉണ്ടാക്കിയ ഒരു നിയമം തങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതേയുള്ളൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ 2008ലും 2009ലും കൊണ്ടുവന്ന സെക്ഷന്‍ 69, റൂള്‍ 4 എന്നീ ഭേദഗതികള്‍ ഇപ്പോള്‍ നടപ്പാക്കുക മാത്രമെ ചെയ്യുന്നുള്ളൂവെന്നു സര്‍ക്കാര്‍ പറയുന്നു. പത്ത് വര്‍ഷം മുമ്പ് കൊണ്ടുവന്ന ഈ ഭേദഗതി, നാലര വര്‍ഷം ഭരിച്ച് കഴിഞ്ഞപ്പോള്‍ നരേന്ദ്രമോഡി സര്‍ക്കാരിന് പൊടുന്നനെ നടപ്പാക്കണമെന്നു തോന്നാനുണ്ടായ ചേതോവികാരം ഏന്താണ്? മാത്രമല്ല, സെക്ഷന്‍ 69 പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാതെ ഒരിക്കലും പാസ്സാക്കരുതായിരുന്നു എന്ന അഭിപ്രായം രാജ്യത്ത് നിലവിലുണ്ട് താനും. കാരണം അത് ഭരണഘടനാവിരുദ്ധമാണ്.
ഭരണഘടനയെ വ്യഖ്യാനിച്ചുകൊണ്ട് മൗലികാവകാശത്തിന്റെ പുതിയ വ്യാഖ്യാനങ്ങള്‍ സുപ്രിം കോടതി പുറപ്പെടുവിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ അത് ഇന്ത്യയുടെ നിയമമാണ്. സ്വാഭാവികമായും സ്വകാര്യതയും രഹസ്യവും സൂക്ഷിക്കാനുള്ള പൗരന്റെ അവകാശം മൗലികവുമാണ്.

നിര്‍ഭയം അഭിപ്രായം പറയാനും അതില്‍ ഉറച്ചുനില്‍ക്കാനും അത് പ്രചരിപ്പിക്കാനും ഓരോ പൗരനും അധികാരം ഉണ്ടായിരിക്കുമ്പോഴെ ജനാധിപത്യം സാര്‍ഥകമാകൂ. അങ്ങനെ വ്യത്യസ്തമായ ഒരു നൂറ് അഭിപ്രായങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയോ ഇടകലരുകയോ ചെയ്യുമ്പോഴാണ് സമ്പുഷ്ടമായ പൊതു അഭിപ്രായങ്ങള്‍ രൂപീകൃതമാകുന്നത്. ജനാധിപത്യം പരിപുഷ്ടമാകുന്നത്.
ഇന്ത്യയിലെ ജനതയ്ക്ക് മേലേ, അവരുടെ സ്വാതന്ത്ര്യവും അഭിപ്രായ പ്രകടനത്തിനുള്ള അവകാശവും ഹനിക്കുന്ന ഒരു ഉത്തരവുകളും അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അതില്‍ തകര്‍ന്നടിയുന്നത് ഇന്ത്യയുടെ ജനാധിപത്യമാണ്.

Related News