Loading ...

Home National

ഇന്ത്യ പഠിക്കണം ചില മര്യാദാപാഠങ്ങള്‍ കുഞ്ഞു തായ്‌ലന്‍ഡില്‍ നിന്നും

ഹരി കുറിശേരി

മേഘാലയ ഖനിയില്‍ കുടുങ്ങിയ 14 പേരുടെ കാര്യത്തില്‍ സാവകാശം തുടരുമ്പോള്‍ ബഹിരാകാശത്തുപോലും വന്‍ശക്തിയായ ജനാധിപത്യരാജ്യം 13 പേരെ നാലുകിലോമീറ്റര്‍ നീണ്ട ഗുഹയില്‍നിന്നും കുഞ്ഞു തായ്‌ലന്‍ഡ് രക്ഷിച്ചത് മറക്കരുതായിരുന്നു.
ജൂണ്‍ 23ന് ആണ് തായ്‌ലന്‍ഡിലെ പര്‍വതഗുഹയില്‍ വെള്ളം കയറി ജൂനിയര്‍ ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളും പരിശീലകനും പെട്ടത്. രാജ്യത്തിന്റെ ഊര്‍ജിത താല്‍പര്യങ്ങളും ശ്രമവും മൂലം പത്തു ദിവസത്തിനുശേഷം ഒരാളെപ്പോലും പരുക്കില്ലാതെ പുറത്തെത്തിക്കുകയായിരുന്നു അവര്‍. ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും സഹായവും അവര്‍ ഇതിനായി നേടിയെടുത്തു. ഒരു മുങ്ങല്‍വിദഗ്ധന്‍ ജീവന്‍ ബലിനല്‍കി. ഭരണകൂടം ഒരു നിമിഷംപോലും എവിടെയും വൈകിയില്ല.



 

ഇവിടെ മേഘാലയയിലെ 14 പാവപ്പെട്ട തൊഴിലാളികള്‍ പണിക്കുപോയത് നിയമവിരുദ്ധ ഖനിയിലാണെന്നും 2014ല്‍ തന്നെ ഇവിടെ ഖനന നിരോധനമുണ്ടെന്നും പറഞ്ഞ് ജാമ്യമെടുക്കുകയാണ് നമ്മുടെ അധികൃതര്‍ ആദ്യം ചെയ്തത്. ഡിസംബര്‍ 13ന് അപകടം റിപ്പോര്‍ട്ട് ചെയ്തു 14ന് ആണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്നു കാണാം. പൊലീസ്, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സേനകള്‍ ഉള്‍പ്പെടെ നൂറോളം പേരുടെ ശ്രമം തുടരുന്നതായാണ് അവസാന റിപ്പോര്‍ട്ട്. ഏതെങ്കിലും അന്തര്‍ദ്ദേശീയ ഏജന്‍സി കാര്യമായി രംഗത്തെത്തിയതായി വിവരമില്ല. 11-ാം ദിവസം വെള്ളം വറ്റിക്കാന്‍ ശേഷികൂടിയ പമ്പുകള്‍ക്കായി കാത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് എത്തിയത്. തുരങ്കങ്ങളില്‍ കടന്നുകയറുന്ന നദീജലം വറ്റിക്കാന്‍ 100 കുതിരശക്തിയുള്ള പത്തു പമ്പുകളായിരുന്നു വേണ്ടത്. എന്താണ് നമുക്ക് പറ്റിയത്. തായ്‌ലന്‍ഡിലേക്ക് അധികശേഷിയുള്ള പമ്പുകള്‍ എത്തിച്ച നമ്മുടെ അധികൃതരെവിടെ. ഖനിയിലാഴ്ന്നുപോയ മകനെ നോക്കി കൊടും തണുപ്പില്‍ ഏകനായി കാത്തിരിക്കുന്ന പിതാവിന്റെ ചിത്രം മാത്രമാണ് നമുക്ക് ബാക്കി.



 

പട്ടിണിയാണ് കൃശഗാത്രരായ തൊഴിലാളികളെ എലിമാളങ്ങള്‍ എന്നറിയുന്ന തുരങ്കങ്ങളിലേക്കു കയറ്റുന്നത്. രണ്ടര അടി വീതിയുള്ള തുരങ്കത്തിലൂടെ ട്രോളിയില്‍ പോയി കല്‍ക്കരി കുഴിച്ചെടുത്ത് കൊണ്ടുവരണം. പണി പഠിച്ചാല്‍ നല്ല കൂലികിട്ടും. ഒരാളുടെ കൂലി ദിവസങ്ങളോളം കുടുംബത്തിന്റെ പട്ടിണി മാറ്റും. ഖനികള്‍ അനധികൃതം ആണ്. തൊഴിലാളികളെ രക്ഷിച്ച് പുറത്തെത്തിക്കുന്നതിനേക്കാള്‍ നമ്മുടെ ഉദ്യോഗസ്ഥസമൂഹത്തിനു താല്‍പര്യം അവരെ തീറ്റിപ്പോറ്റുന്ന അനധികൃത ഖനി ഉടമകളെ കേസിന്റെ തുരങ്കത്തില്‍നിന്നും രക്ഷിച്ചുവിടുന്നതിനായിരിക്കും. ഖനനത്തെ എതിര്‍ത്ത ഒരു സന്നദ്ധപ്രവര്‍ത്തകയെ ആക്രമിച്ചത് അടുത്തിടെയാണ്. 2014ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊണ്ടുവന്ന നിരോധനത്തിനെതിരെ കേസുമായി പോയിട്ടുള്ളത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. ഖനനത്തിനുള്ള തടസംമാറ്റി നല്‍കുമെന്നാണ് എന്‍പിപി- ബിജെപി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
അതേസമയം തായ്‌ലന്‍ഡിലെ കാര്യമോര്‍ക്കണം. അപകടമുണ്ടായപ്പോള്‍ അവിടെ പ്രവര്‍ത്തിച്ചത് പതിനായിരം പേരാണ്. ഇതില്‍ നൂറു മുങ്ങല്‍ വിദഗ്ധര്‍, നൂറു സര്‍ക്കാര്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍, 900 പൊലീസുകാര്‍, 2000 സൈനികര്‍, പത്ത് ഹെലികോപ്ടറുകള്‍, ഏഴ് പൊലീസ് ആംബുലന്‍സുകള്‍, 700ഡൈവിംങ് സിലിന്‍ഡറുകള്‍ എന്നിങ്ങനെ ദൗത്യത്തില്‍ പങ്കെടുത്തു. പുറത്തെത്തിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാക്കുന്നതിന് അവര്‍ സ്വീകരിച്ച നടപടികളും നമ്മള്‍ കണ്ടതാണ്. മലയിലെ ഗുഹയില്‍നിന്നും വെളളം പമ്പുചെയ്ത് പുറത്തുകളയാന്‍ നാട്ടുകര്‍ഷകരുടെ കൂറ്റന്‍ പമ്പുകളാണ് സര്‍ക്കാര്‍ ഉപയോഗിച്ചത്.
ലോകം മുഴുവന്‍ സൗഹൃദം, ബഹിരാകാശത്തുവരെ മേധാവിത്വം, പട്ടിണിക്കാരന് യാത്രക്ക് ബുള്ളറ്റ് ട്രയിന്‍ ഒക്കെ സ്വന്തമെന്നഭിമാനിക്കുന്ന ഇവിടെ 14 പാവപ്പെട്ട തൊഴിലാളികളുടെ തിരച്ചില്‍ അവരുടെ ജീവന് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയല്ല ശരീരത്തിനായുള്ള ജിജ്ഞാസയോടെയാണ് നടക്കുന്നതെന്ന് പറയാതിരിക്കാനാവില്ല.


15 പേര്‍ വായു കിട്ടാതെ ബുദ്ധിമുട്ടുന്നു; മോഡി ഫോട്ടോയെടുത്ത് രസിക്കുന്നു: രാഹുല്‍



ഗുവാഹത്തി: മേഘാലയിലെ കല്‍ക്കരി ഖനിക്കുള്ളില്‍ കുടുങ്ങിയ 15 പേര്‍ക്കായുള്ള തിരച്ചില്‍  നിര്‍ത്തിയതില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി. വെള്ളം കയറിയ കല്‍ക്കരി ഖനിയില്‍ കുടുങ്ങിപ്പോയ ഇവര്‍ വായു കിട്ടാതെ രണ്ട് ആഴ്ചയായി ബുദ്ധിമുട്ടുന്നു. അപ്പോഴാണ് പ്രധാനമന്ത്രി ബോഗിബീല്‍ പാലത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത് രസിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനായി 100 കുതിരശക്തിയുള്ള പമ്പുകള്‍ എത്തിക്കാന്‍ പോലും മോ‍‍ഡി സര്‍ക്കാര്‍ തയ്യാറായില്ല. പ്രധാനമന്ത്രി അവരുടെ ജീവന്‍ രക്ഷിക്കൂ-ട്വിറ്ററിലൂടെ രാഹുല്‍ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍ റോഡ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനെ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ ഫോട്ടോ പരാമര്‍ശം.
100 കുതിരശക്തിയുള്ള പമ്പുകള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ ഒരാഴ്ചയായി കാത്തിരിക്കുകയാണ്. ഖനിയില്‍ വെള്ളം നിറയാതിരിക്കാന്‍ ഇത്രയും ശേഷിയുള്ള പമ്പുകള്‍ ഉപയോഗിച്ച് മാത്രമേ വെള്ളം പുറത്തേക്ക് ഒഴുക്കാനാകൂവെന്ന് രക്ഷാപ്രവര്‍ത്തകര്‍  പറഞ്ഞു.
ഇത്രയും ശേഷിയുള്ള പമ്പുകള്‍ മേഘാലയ സര്‍ക്കാരിന്റെ പക്കലില്ല. വെള്ളത്തില്‍ 70 അടി വരെ താഴ്ചയിലെത്തി വേണം രക്ഷാപ്രവര്‍ത്തനം നടത്താന്‍. ദുരന്ത നിവാരണ സേനയുടെ സംഘത്തിന് 40 അടിവരെ പോകാനെ കഴിയുന്നുള്ളൂ. പമ്പുകള്‍ എത്തിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാല്‍ മാത്രമേ തിരച്ചില്‍ പുനരാരംഭിക്കാനാകൂ.

Related News