Loading ...

Home Kerala

ദേശീയപാത വികസനത്തിനും കേന്ദ്രം കുരുക്കിട്ടു; കേരളത്തോടുള്ള പകതീര്‍ക്കല്‍ തുടരുന്നു

സംസ്ഥാനത്തെ ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്ന നടപടികളും മന്ദഗതിയിലാക്കി കേന്ദ്രസര്‍ക്കാര്‍ കേരളത്തോടുള്ള പകതീര്‍ക്കല്‍ തുടരുന്നു. ഒമ്ബത‌് ജില്ലയില്‍ സ്ഥലമെടുപ്പ‌് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാനം പൂര്‍ത്തിയാക്കിയിട്ടും ഒരുവര്‍ഷംമുമ്ബ‌് സമര്‍പ്പിച്ച കാസര്‍കോട്ടെ രണ്ട‌് റീച്ചുകള്‍ക്കുപോലും ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

ഉപരിതല ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഓരോ കാരണംപറഞ്ഞ‌് ഇടങ്കോലിട്ടിരിക്കുകയാണ‌്. ഉദ്യോഗസ്ഥരുടെ എതിര്‍പ്പ‌് മറികടന്ന‌് അനുമതി നല്‍കുമെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ‌്കരിയുടെ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല.

മന്ത്രി വാക്കുപാലിക്കണമെന്ന‌് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും രേഖാമൂലം ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതല്‍ കാസര്‍കോട‌് വരെ നാലുവരിപാത 2020ല്‍ പൂര്‍ത്തിയാക്കാനായിരുന്നു സംസ്ഥാനം ലക്ഷ്യമിട്ടത‌്. 2018 നവംബര്‍ ഒന്നിന‌് എല്ലാ ജില്ലയിലും ഒരുമിച്ച‌് നിര്‍മാണം തുടങ്ങുമെന്ന‌് 2017 നവംബര്‍ ഒന്നിന‌് നിതിന്‍ ഗഡ‌്കരി കൊച്ചിയില്‍ പ്രഖ്യാപനം നടത്തി. എന്നാല്‍, ബിജെപി നേതൃത്വം ഇടപെട്ട‌് ഉന്നത ഉദ്യോഗസ്ഥര്‍ വഴി കുരുക്കിട്ട‌് പദ്ധതി തടയുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി സുധാകരനും പ്രത്യേകം താല്‍പ്പര്യമെടുത്ത‌് കേന്ദ്ര മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും പലതവണ നേരിട്ട‌് കണ്ടെങ്കിലും മെല്ലെപ്പോക്കില്‍ അയവില്ല. സ്ഥിതി തുടര്‍ന്നാല്‍ 2020ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാകില്ല.

കാസര്‍കോട‌് ജില്ലയിലെ തലപ്പാടി--ചെങ്കള, ചെങ്കള--കാലിക്കടവ‌് പദ്ധതികളാണ‌് കഴിഞ്ഞ ജനുവരിയില്‍ അനുമതിക്കായി സമര്‍പ്പിച്ചത‌്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച‌് ചെലവ‌് കൂടുതലാണെന്ന‌് കാരണം പറഞ്ഞാണ‌് ഇതിന‌് അനുമതി നല്‍കാതിരിക്കുന്നത‌്. മറ്റിടങ്ങളെ അപേക്ഷിച്ച‌് ഇവിടെ ഭൂമിയുടെ വില കൂടുതലാണെന്നും കൂടുതല്‍ മേല്‍പ്പാലങ്ങളും കലുങ്കുകളും വേണമെന്നും ചൂണ്ടിക്കാട്ടിയെങ്കിലും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ നിലപാട‌് മാറ്റിയില്ല. മാഹി ബൈപാസ‌് നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തിയപ്പോഴും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട‌് ഇക്കാര്യം ചര്‍ച്ചചെയ‌്തിരുന്നു.

രണ്ടുമാസത്തിനുള്ളില്‍ അനുമതി നല്‍കുമെന്ന‌് കേന്ദ്രമന്ത്രി ഉറപ്പും നല്‍കി. പക്ഷെ, ഫയല്‍ ഇതുവരെ അനങ്ങിയില്ല. മന്ത്രിയുടെ ഉറപ്പ‌് ഓര്‍മിപ്പിച്ച‌് മുഖ്യമന്ത്രിയും പൊതുമരാമത്ത‌് മന്ത്രിയും കഴിഞ്ഞയാഴ‌്ച വീണ്ടും കത്തെഴുതി.

Related News