Loading ...

Home youth

'നിന്നെക്കൊണ്ട് ഒരു പത്ത് പൈസയുടെയെങ്കിലും ഉപകാരമുണ്ടോടാ?'

സുധീര്‍. എം. രവീന്ദ്രന്‍

"നിന്നെക്കൊണ്ട് ഒരു പത്ത് പൈസയുടെയെങ്കിലും ഉപകാരമുണ്ടോടാ?"

കൗമാര യുവ കോമളന്മാര്‍ക്ക് സുപരിചിതമായ ഈ ചോദ്യത്തിന്റെ മറ്റൊരു വിജൃംഭിച്ച വകഭേദമാണ് അന്നെന്നെ ഉച്ചക്കുള്ള ഗുരുവായൂര്‍ പാസഞ്ചറിന്റെ ഒറ്റസീറ്റില്‍ കൊണ്ടിരുത്തിയത്. കൊച്ചിയാണ് ലക്ഷ്യം. ഉള്ളില്‍ വാശി കിടന്ന് നുരയുന്നു. പട്ടിണി കിടന്നാലും ഇനി സ്വന്തം വരുമാനം കൊണ്ടേ ചിലവ് കഴിക്കൂ എന്ന കര്‍ണ്ണശപഥം എടുത്തത് ആ തീവണ്ടിയില്‍ ചാലക്കുടിപ്പുഴക്ക് മുകളില്‍ വെച്ചാണ്.

കൊച്ചിയില്‍ പഠനസമയത്ത് താമസിച്ചിരുന്ന ഒരു ബാച്ചിലേഴ്‌സ് ഡഗ് ഔട്ട് ആണ് ആകെ അറിയാവുന്ന സ്ഥലം. അവിടെ ഇടം കിട്ടിയില്ലേല്‍ എന്ത് ചെയ്യുമെന്ന ഒരു ചിന്ത പോലും തലയിലുദിച്ചില്ല.
ഫോണില്‍ ചുമ്മാ ഒന്ന് പരതി നോക്കി. ഭാഗ്യം. പഠനകാലത്തെ ഒരു സഹമുറിയന്റെ നമ്ബര്‍ കിടപ്പുണ്ട്. വിളിച്ചു. കൊച്ചിയില്‍ ജോലി ശരിയായിട്ടുണ്ട്. തങ്ങാനിടം വേണം എന്നാണ് പറഞ്ഞത്. ചെന്നിട്ട് വേണം ഒരു ജോലി പിടിക്കാന്‍ എന്നെനിക്ക് മാത്രമറിയാം. അതങ്ങ് തുറന്ന് പറഞ്ഞാല്‍ കാശില്ലാത്തവന്‍ എങ്ങനെ വാടക തരുമെന്ന് കരുതി ഒഴിവാക്കിയാലോ. തെരുവിലായിപ്പോവുമല്ലോ.

എന്തായാലും കാര്യം നടന്നു. താമസസ്ഥലം റെഡി. ട്രെയിനില്‍ കയറുന്നതിന് മുന്‍പ് ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒരു മുന്തിയ ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സിയില്‍ അഭിമുഖത്തിനുള്ള അവസരം തരപ്പെടുത്തി വെച്ചിരുന്നു. പിറ്റേന്ന് രാവിലെ നേരെ അങ്ങോട്ട് വെച്ച്‌ പിടിച്ചു. ബസ്സിന് പോലും പൈസയില്ല. കച്ചേരിപ്പടിയില്‍ നിന്ന് പാസ്പോര്‍ട്ട് ഓഫീസ് വരെ നടക്കണം. കൊടും വേനലാണ്. വിയര്‍ത്തൊരു പരുവമാകും. ഇന്റര്‍വ്യൂവര്‍ക്ക് എന്ത് തോന്നും?

ങ്ഹാ. എന്തെങ്കിലും തോന്നട്ടെ. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. വരുന്നിടത്ത് കാണാം. ചെന്നു കയറി റിസപ്‌ഷനില്‍ കാര്യം പറഞ്ഞു. നേരെ മാനേജരുടെ ക്യാബിനിലേക്ക്. വാശി കൊണ്ട് മാത്രം ജോബ് ഇന്റര്‍വ്യൂ കടന്നുകൂടാനാവില്ലല്ലോ. അടപടലം ചീറ്റി. അവിടെ നിന്നിറങ്ങി നിരാശയുടെ മാറാപ്പും പേറി കൊച്ചിയിലെ അറിയാവുന്ന വഴികളിലൂടെയെല്ലാം അലഞ്ഞു നടന്ന് നേരം കളഞ്ഞു.

ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തിയ പോലെ വൈകീട്ട് റൂമില്‍ ചെന്ന് കിടന്നു. തീവണ്ടി കയറിയ സമയത്തെതിന്റെ പാതി ആത്മവിശ്വാസമില്ല ഇപ്പോള്‍. പിറ്റേന്ന് രാവിലെയും റൂമില്‍ നിന്നിറങ്ങി. വേറെ എവിടെയെങ്കിലും കയറി നോക്കണം. എന്നാല്‍ എവിടെ പോകണമെന്നോ ആരെ കാണണമെന്നോ ഒരു പിടിയുമില്ല. തിരിച്ചടികളും തോല്‍വികളും സമ്മാനിച്ച അപകര്‍ഷതാബോധം ആളുകളെ സമീപിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. ഫലം ഒരു ദിവസം കൂടി വെയിലും കൊണ്ടുള്ള അലച്ചില്‍. ഏതാണ്ട് രണ്ടാഴ്‌ച്ചയോളം ഇത് തുടര്‍ന്നു. ഉള്ളിലെ തകര്‍ച്ച സമ്ബൂര്‍ണ്ണമായിരുന്നു. പോരാത്തതിന് കീശയും കാലിയായിക്കൊണ്ടിരിക്കുന്നു. രാവിലെ രണ്ട് ഇഡ്ഡലിക്ക് നാലാം തവണ സാമ്ബാറിന്റെ ലഗേജ് ചോദിക്കുമ്ബോള്‍ ചായക്കടക്കാരന്‍ മുഖം കറുപ്പിച്ചു തുടങ്ങി. ആ രണ്ടിഡ്ഡലിയും സാമ്ബാറിന്റെ കഷണങ്ങളുമാണ് രാത്രി വരെയുള്ള ഭക്ഷണം എന്നയാള്‍ക്ക് അറിയേണ്ട കാര്യമില്ലല്ലോ.

ബുദ്ധിയിലും മനസ്സിലും ഇരുട്ട് മൂടിക്കിടക്കുകയാണ്. ആദ്യം പോയ കണ്‍സള്‍ട്ടന്‍സിയിലേക്ക് തന്നെ ഒന്നു കൂടി വിളിക്കാം. മറ്റൊരു വഴിക്കും ചിന്തിക്കാന്‍ കഴിയുന്നില്ല. വിളിച്ചു. മാനേജര്‍ക്ക് പ്രതീക്ഷിച്ച പോലെ യാതൊരു താല്പര്യവുമില്ല. പുള്ളി ഫോണ്‍ ഒന്നകത്തിപ്പിടിച്ച്‌ അടുത്ത് നില്‍ക്കുന്ന ആര്‍ക്കിടെക്റ്റിനോട് അഭിപ്രായം ചോദിക്കുന്നു.

"വരാന്‍ പറ. നമുക്ക് ഡ്രാഫ്റ്റ് ചെയ്യിക്കാല്ലോ.." ആര്‍ക്കിടെക്റ്റിന്റെ മറുപടി പതിഞ്ഞ സ്വരത്തില്‍ കേള്‍ക്കാം

അന്നത് കേട്ടപ്പോള്‍ മനസ്സില്‍ വന്ന് വീണ ആ നനുത്ത മഞ്ഞു തുള്ളിയുടെ കുളിര്‍ ഇപ്പോഴും ഉള്ളില്‍ കിടക്കുന്നു. അനുഭവങ്ങള്‍ സകല സീമകളും കടന്ന് പരീക്ഷിക്കുമ്ബോള്‍ അതിജീവിക്കാനുള്ള ഊര്‍ജ്ജവും പ്രതീക്ഷയുമായി.

നാലായിരം രൂപയാണ് ശമ്ബളം. നാട്ടില്‍ ചില്ലറ ഫ്രീലാന്‍സ് ജോലികള്‍ ചെയ്‌ത്‌ ഏഴായിരവും എണ്ണായിരവും സമ്ബാദിച്ച ഞാനാണ് കൊച്ചിയില്‍ വന്ന് നാലായിരത്തിന് പണിയെടുക്കുന്നത്. പക്ഷേ അതൊട്ടും തന്നെ അലട്ടിയിരുന്നില്ല. ഉള്ളു കൊണ്ട് തകര്‍ന്നടിഞ്ഞപ്പോഴും ഒടുങ്ങാത്ത വാശി അത്രമേലെന്നെ നയിച്ചിരുന്നു. അതിനേക്കാളുപരി വാസ്തുശില്പകല എന്നും ഒരു അഭിനിവേശമായിരുന്ന എന്നെ ആ എണ്ണം പറഞ്ഞ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും ലഭിക്കാവുന്ന അനുഭവസമ്ബത്ത് അതിയായി മോഹിപ്പിച്ചിരുന്നു.

വാശിയും മോഹവും കൊണ്ട് ചിലവ് കഴിക്കാന്‍ പറ്റില്ലല്ലോ. നാലായിരത്തില്‍ നിന്ന് വാടകയുടെ വിഹിതം കൊടുത്താല്‍ പിന്നൊരു മാസം ഭക്ഷണത്തിന് പോലും തികയില്ല. പഴയ ഫ്രീലാന്‍സ് ജോലികള്‍ സൈഡ് ബിസിനസ്സാക്കാം. പക്ഷേ കമ്ബ്യൂട്ടറില്ല. ഉള്ളത് വീട്ടിലാണ്. അതെടുത്തു കൊണ്ട് വരാന്‍ അഭിമാനപ്രശ്നം. അങ്ങനെ നാട്ടിലെ ഒരു സഹകരണ ബാങ്കില്‍ നിന്നുമെടുത്ത 24000 രൂപ വായ്പയില്‍ കമ്ബ്യൂട്ടര്‍ തരപ്പെടുത്തി.

അറിയാവുന്നവരെയെല്ലാം വിളിച്ചു. പഴയ വിശ്വാസത്തിന്റെ പുറത്തു ചിലര്‍ സഹായിക്കാമെന്നേറ്റു. എന്നാല്‍ തൃശൂരിരിക്കുന്ന അവര്‍ക്ക് ദൂരം ഒരു പ്രശ്നമായി. എന്നിരുന്നാലും വല്ലപ്പോഴുമൊക്കെ ഓരോ ജോലികള്‍ വന്നുകൊണ്ടിരുന്നു. ചെയ്തുകൊടുത്ത ജോലിക്ക് പണം വാങ്ങുന്നതിനും ദൂരം തടസ്സമായി. ഫോണ്‍ വഴിയുള്ള പല ഇടപാടിലും ആളുകള്‍ പണം തരാതെ മുങ്ങി. പോയത് പോട്ടെന്ന് വച്ചും ഉള്ളത് കൊണ്ട് അരിഷ്ടിച്ചും അങ്ങ് കഴിഞ്ഞു കൂടാമെന്ന് കരുതിയിരിക്കുമ്ബോള്‍ അതാ വരുന്നു അടുത്ത പരീക്ഷണം.

ജോലി കഴിഞ്ഞ് റൂമിലെ സോഫയില്‍ വന്നിരിക്കുകയായിരുന്നു ഞാന്‍. തിരക്കിട്ട് വന്ന മറ്റൊരു സഹമുറിയന്‍ ഒരു കസേര വലിച്ചിട്ടിരുന്നു.

"കുറച്ചു സംസാരിക്കാനുണ്ട്."

എന്താണെന്ന് ഞാന്‍.

തനി തിരുവല്ലാക്കാരന്റെ അച്ചടിഭാഷയില്‍ പുള്ളി പറഞ്ഞു.

"നിങ്ങള്‍ ഈ മുറിയില്‍ തുടരുന്നതില്‍ മറ്റു റൂം മേറ്റുകള്‍ക്ക് തീരെ താല്പര്യമില്ല. അതുകൊണ്ട അടുത്ത മാസത്തേക്ക് വേറെ ഒരു സ്ഥലം നോക്കണം!"

കാരണമറിയാന്‍ എന്തൊക്കെയോ ഞാന്‍ ചോദിച്ചു. അതിന് പുള്ളി എന്തൊക്കെയോ പറഞ്ഞു. ഒന്നും തലക്കകത്തോട്ട് കയറിയില്ല.

അല്ല. അവരെയും കുറ്റം പറയാനൊക്കില്ല. കഴിഞ്ഞു പോയ ഏതാനും വര്ഷങ്ങളേല്പിച്ച തിരിച്ചടികളുടെയും തോല്‍വികളുടെയും ഫലമായാണല്ലോ ഞാനീ കൊച്ചിയിലെ കൊതുകുകടി കൊള്ളുന്നത്. അത്രയും കാലം കൊണ്ട് എന്നിലെ സ്വാഭാവികമായ അന്തര്‍മുഖത പതിന്മടങ്ങ് തീക്ഷ്ണമായിരുന്നു. പൊതുവായ സ്വഭാവത്തെയും നിത്യജീവിതത്തിലെ പെരുമാറ്റത്തെയും വരെ കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ എനിക്കൊരു പ്രശ്നവുമില്ല എന്ന് മറ്റുള്ളവരെയും എന്നെത്തന്നേയും ബോധിപ്പിക്കാന്‍ കാട്ടിക്കൂട്ടിയിരുന്ന പലതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. അതുകൊണ്ട് തന്നെ എന്റെ സ്ഥായിയായ നിശബ്ദതയും പലപ്പോഴും ടൈമിംഗ് തെറ്റിയുള്ള ഇടപെടലുകളും അവരുടെ സെന്സിറ്റിവിറ്റിയെ അലോസരപ്പെടുത്തിയിട്ടുണ്ടാവാം.

അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്തായാലും അടുത്ത മാസം വരെ കാത്തു നിന്നില്ല. എന്തെല്ലാം തകര്‍ന്നാലും ഉള്ളിലെ വാശിക്ക് കുറവില്ലല്ലോ. പിറ്റേന്ന് ജോലിക്കിറങ്ങിയത് പെട്ടിയും കിടക്കയും കംപ്യൂട്ടറുമെല്ലാം എടുത്താണ്. എല്ലാം ഓഫീസിന്റെ പാന്‍ട്രിയില്‍ കൊണ്ട് വെച്ചു. ആരോടും ഒന്നും പറഞ്ഞില്ല. ആ ശീലം പണ്ടേ ഇല്ലല്ലോ. അന്ന് ജോലി കഴിഞ്ഞ് എവിടെ പോണം എന്നറിയില്ലായിരുന്നു. ലോഡ്ജില്‍ കൊടുക്കാന്‍ പോയിട്ട് ഭക്ഷണത്തിന് വരെ ദംബിടി കഷ്ട്ടിയാണ്. അന്ന് ഒരു 8 മണി വരെ ഓവര്‍ ടൈം എന്നും പറഞ്ഞ് ഓഫീസില്‍ കഴിച്ചു കൂട്ടി. ആലോചിച്ചൊരു വഴി കണ്ടെത്താന്‍ സമയം വേണമല്ലോ.

അങ്ങനെ തീരുമാനിച്ചു.

പണ്ട് അമ്മാവന്റെ തുണി ബിസിനസ്സില്‍ സഹായിയായി നടന്ന കാലത്ത് തിരുപ്പൂര്‍ പോയിരുന്ന ടീ ഗാര്‍ഡന്‍ എക്സ്പ്രസ്സ് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കിടക്കുന്നത് കണ്ടിട്ടുണ്ട്. രാത്രി മുഴുവന്‍ അതവിടെ കാണും.

ഓഫീസില്‍ നിന്ന് സ്റ്റേഷനിലേക്ക് വലിയ ദൂരമില്ല. കഷ്ടിച്ചു ഒരു കിലോമീറ്റര്‍. നടന്നു. പ്രതീക്ഷിച്ച പോലെ ടീ ഗാര്‍ഡന്‍ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇടയിലുള്ള പാളത്തില്‍ കിടപ്പുണ്ട്. ബോഗികളുടെ വാതിലുകള്‍ മിക്കതും അടഞ്ഞു കിടക്കുന്നു. ഏതെങ്കിലുമൊന്ന് തള്ളിത്തുറന്ന് അകത്തു കയറണം. റെയില്‍വേ പോലീസ് കണ്ടാല്‍ തൂക്കിയെടുത്തു പുറത്തെറിയും. പിന്നെ തെരുവിലോ കടത്തിണ്ണയിലോ കിടക്കണം. ഇരുട്ടിന്റെ മറവില്‍ പേടിച്ചു പേടിച്ചു ഓരോ വാതിലുകള്‍ തള്ളി നോക്കി. ഒരെണ്ണം തുറന്ന് കിട്ടി. അങ്ങനെ ടീ ഗാര്‍ഡന്‍ ഒരു രണ്ടാഴ്ചക്കാലത്തേക്ക് ഇടത്താവളമായി. പ്രാഥമിക കൃത്യങ്ങളൊക്കെ ഓഫീസിലെ ബാത്രൂമില്‍. രാത്രി 8 - 9 മണി വരെ ഓവര്‍ ടൈം ചെയ്‌ത്‌ ഇരുട്ടിന്റെ മറവില്‍ പമ്മിപ്പമ്മി തീവണ്ടിയില്‍ കയറിക്കൂടി ഉറക്കം. ആറ് മണിയോടുകൂടി ആരുടേയും കണ്ണില്‍ പെടാതെ തീവണ്ടിയില്‍ നിന്നും ഇറങ്ങി ഓഫീസിലേക്ക്.

ഒരാഴ്ചക്കാലം ആരോടും ഒന്നും പറഞ്ഞില്ല. അന്തര്‍മുഖതയും അപകര്‍ഷതാബോധവും പിന്നോട്ട് വലിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അപകര്‍ഷതാബോധത്തെയും ആത്മവിശ്വാസക്കുറവിനെയും ഭയം കവച്ചു വെച്ചു. എങ്ങനെയൊക്കെയോ ഓഫീസിലുള്ള ഒരു സീനിയര്‍ ആര്‍ക്കിടെക്റ്റിനോട് കാര്യം പറഞ്ഞൊപ്പിച്ചു.

"എന്തെങ്കിലും വഴിയുണ്ടാക്കാം." പുള്ളി പറഞ്ഞു

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം പുള്ളി മറ്റൊരാളെ പരിചയപ്പെടുത്തി. ഓഫീസില്‍ നിന്നും ചെറിയ സിവില്‍ വര്‍ക്കുകള്‍ കോണ്ട്രാക്റ്റ് എടുക്കുന്ന കോണ്‍ട്രാക്റ്റര്‍ ആണ്. അങ്ങേര്‍ പണ്ട് താമസിച്ചിരുന്ന ഒരു വീട് ഒഴിഞ്ഞ് കിടപ്പുണ്ട്. മതിയാവുമോ എന്ന മട്ടിലൊരു നോട്ടവും. നൂറ് വട്ടം സമ്മതമെന്ന് ഞാനും. എന്നാല്‍ വാടക താങ്ങാനാവുമോ എന്നൊരു സംശയം.

"അതൊന്നും പേടിക്കണ്ട. ഒരു 500 രൂപ തന്നാല്‍ മതി. അതും കയ്യിലുള്ളപ്പോ മതി. ഒരു പ്രശ്നവുമില്ല."

കോണ്‍ട്രാക്റ്ററുടെ ഉദാരമനസ്കത കണ്ട് മനം നിറഞ്ഞ് നില്‍ക്കുമ്ബോള്‍ പുള്ളി തുടര്‍ന്നു.

"അവിടമൊന്ന് വൃത്തിയാക്കണം. നാളെ ആളെ വെച്ചു ചെയ്യിക്കാം. വരുന്ന വെള്ളിയാഴ്ച്ച അങ്ങോട്ട് മാറിക്കോളൂ"

ഉള്ളു നിറഞ്ഞ് കരഞ്ഞു പോകുമോ എന്ന് തോന്നിയ നിമിഷം. എന്നാല്‍ നന്ദിവാക്ക് ഒരു നെടുവീര്‍പ്പുലൊതുങ്ങി.

അങ്ങനെ വെള്ളിയാഴ്ച്ച പുലര്‍ച്ചെ ടീ ഗാര്‍ഡന്‍ എക്സ്പ്രസ്സിനോട് വിട പറഞ്ഞ് നേരെ ഓഫീസിലെത്തി. ഉച്ച കഴിഞ്ഞ് കോണ്‍ട്രാക്റ്റര്‍ വന്നു. പുള്ളിയോടൊപ്പം വീട് കാണാന്‍ പോയി.

കൊച്ചി നഗരത്തിലെ സകല മാലിന്യവും കൊണ്ട് പനമ്ബിള്ളി നഗറിലൂടെ തേവര കായലിലേക്കൊഴുകുന്ന സദാ തല പെരുപ്പിക്കുന്ന ദുര്‍ഗന്ധം വമിപ്പിച്ചുകൊണ്ട് കറുത്ത കരിവെള്ളമൊഴുകുന്ന ഒരു കനാലിന്റെ തീരത്തുള്ള ഒരു ട്വിന്‍ ഹൗസ്. അതിന്റെ ഒരു വശമാണ് നമ്മുടെ പ്രസ്തുത ഗേഹം. മറുവശത്ത് ഒരു ഫാമിലിയാണ്.

മുറ്റത്തെ പുല്ലൊക്കെ ചെത്തിക്കളഞ്ഞിട്ടുണ്ട്. കുറെ മണ്ണും പൊടിയും ഒരിടത്ത് കൂട്ടിയിട്ടിരിക്കുന്നു. വൃത്തിയാക്കിയതായിരിക്കും.

വാതില്‍ തുറന്ന് അകത്തു കടന്നതും ടീ ഗാര്‍ഡന്‍ എക്സ്പ്രസ്സാണ് ഭേദം എന്ന് തോന്നിപ്പോയി. സംഗതി കോണ്‍ട്രാക്റ്ററിന്റെ ഒരു ഗോഡൗണ്‍ ആണ്. സിമന്റ് ചാക്കുകളും മര ഉരുപ്പടികളും ഉന്തുവണ്ടിയും പൊട്ടിയ ടൈല്‍ കഷണങ്ങളും പണിക്കാരുടെ വസ്ത്രങ്ങളും മറ്റും നിറഞ്ഞു കിടക്കുന്നു. അടുക്കള ഉപയോഗിക്കാനാവാത്ത വിധം തകര്‍ന്നു കിടക്കുന്നു. നിലം പൊട്ടിപ്പൊളിഞ്ഞ് പലയിടത്തും കോണ്‍ക്രീറ്റിന് താഴെ നിന്നും മണ്ണ് ഇളകി വെളിയില്‍ വരുന്നു. ആകെക്കൂടിയുള്ള ബാത്റൂമിന് വാതിലുള്ളതും ഇല്ലാത്തതും ഒരു പോലെ. പാതി പൊളിഞ്ഞിരിക്കുന്ന. വക്ക് പൊട്ടിയ യൂറോപ്യന്‍ ക്ളോസറ്റ്. ആ നാലര നേരത്തും മനുഷ്യനെ വന്ന് പൊതിയുന്ന കൊതുകിന്‍കൂട്ടം.

ഉള്ള സാമ്ബത്തിക സ്ഥിതിക്ക് കൊച്ചി നഗരത്തില്‍ ഒരു ഒറ്റ മുറി പോലും കിട്ടില്ല എന്നും ഇനി എവിടേലും ഉണ്ടെങ്കിലും ഒറ്റക്ക് തേടിപ്പിടിക്കാമെന്ന ഉറപ്പില്ലായ്മ കൊണ്ടും ഇതൊക്കെയങ്ങ് ഉള്‍ക്കൊണ്ടു. കൊണ്ടുവന്ന കവറില്‍ നിന്നും ഒരു പ്ലാസ്റ്റിക്കിന്റെ പുല്‍പ്പായ എടുത്ത് ഉള്ളതില്‍ ഭേദപ്പെട്ട ഒരു മൂലയിലങ്ങ് വിരിച്ചു. ഏഴടി നീളം നാലടി വീതി. ആ ഇരുപത്തിയെട്ടു സ്‌ക്വയര്‍ ഫിറ്റാണ് ഇനിയങ്ങോട്ട് എന്റെ വീടെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു പുറത്തേക്കിറങ്ങി. പുറത്തു കാക്കക്കൂട്ടം ബഹളം വെക്കുന്നു. നോക്കിയപ്പോള്‍ വീടിന്റെ മതിലിലിരുന്ന് എന്തോ കൊത്തിവലിക്കുന്നു. മാലിന്യ കനാലില്‍ നിന്നും കൊത്തിയെടുത്ത കൊഴിയുടെയോ മറ്റോ കുടല്‍മാലയാണ്. തിരിഞ്ഞു വീട്ടിലേക്കൊന്നു കൂടെ നോക്കി. ഒരൊറ്റ വെന്റിലേറ്ററിനും ചില്ലില്ല. ഇവറ്റകളിനി ഇതൊക്കെ അകത്തിടുമോ എന്ന ചിന്തയോടെ തിരിച്ചു ഓഫീസിലേക്ക് നടന്നു. നിസ്സഹായാവസ്ഥ നിസ്സംഗതക്ക് വഴി മാറിയിരുന്നു.

കമ്ബ്യൂട്ടര്‍ ഇപ്പോഴും ആ പാന്‍ട്രിയിലാണ്. എടുത്തുകൊണ്ടുവന്നു ഫ്രീലാന്‍സ് ജോലികള്‍ പുനരാരംഭിക്കണം.

പിന്നീടൊരു പത്തു മാസങ്ങള്‍ക്കപ്പുറം ആദ്യം ഇന്റര്‍വ്യൂ ചെയ്ത മാനേജരോട് ഒറ്റവാക്കില്‍ സലാം പറഞ്ഞൊഴിഞ്ഞ് ബാംഗ്ലൂര്‍ക്ക് ഐലന്‍ഡ് എക്സ്പ്രസ്സ് പിടിക്കും വരെ ആ 28 സ്‌ക്വയര്‍ ഫീറ്റില്‍ ഞാന്‍ പഠിച്ച ജീവിത പാഠങ്ങള്‍.. വൃത്തിഹീനവും ദുര്‍ഗന്ധപൂരിതവുമായ ആ അന്തരീക്ഷം നടത്തിയ പാകപ്പെടുത്തലുകള്‍. ഇതിനിടയിലും കുറഞ്ഞ കാലയളവില്‍ ആ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും ആര്‍ജ്ജിച്ച അറിവും തൊഴില്‍പരമായ ദിശാബോധവും. തെരുവോരങ്ങളിലൂടെയുള്ള അലച്ചിലുകളും റെയില്‍വേ സ്റ്റേഷനിലെ അന്തിയുറക്കവും കാണിച്ചു തന്ന ഒട്ടനവധി മനുഷ്യ ജീവിതങ്ങള്‍. കൊച്ചി നഗരവും അവിടുത്തെ അനുഭവങ്ങളും ഉണ്ടാക്കിത്തന്ന ഉള്‍ക്കാഴ്ച്ചകള്‍..

ഇവയൊന്നുമില്ലെങ്കില്‍ ഇന്ന് ഞാനില്ല. എന്നിലെ എളിയ സംരംഭകന്‍ തീരെയുമില്ല.

മറ്റൊരാള്‍ക്ക് ഒരിക്കലും പൂര്‍ണ്ണമായി പറഞ്ഞ് മനസ്സിലാക്കാനാവാത്ത വിധം ഒരു നോണ്‍ ലീനിയര്‍ പാറ്റേണില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അനേകം ജീവിതാനുഭവങ്ങള്‍.. അക്കൂട്ടത്തില്‍ നമുക്കുണ്ടാവുന്ന വിജയങ്ങളില്‍ നമുക്ക് ചുറ്റും വിടരുന്ന മദാഹാസങ്ങള്‍. പിന്നീട് നമ്മളൊന്ന് തളര്‍ന്ന് പോയാല്‍. എങ്ങാനും വീണു പോയാല്‍ ഇതേ മന്ദഹാസങ്ങള്‍ വിരിഞ്ഞ മുഖത്തു ചുക്കിച്ചുളിഞ്ഞ നെറ്റികള്‍ കാണാം. വീണുകിടക്കുന്നവന്റെ മുറിവില്‍ കുത്തുന്ന വാക്കുകള്‍ കേള്‍ക്കാം.

നമ്മുടെ ലക്ഷ്യങ്ങള്‍ വലുതാകും തോറും അത്തരം അനുഭവങ്ങളുടെ തീക്ഷണതയും ഏറുന്നു. ഓരോ അനുഭവങ്ങള്‍ താണ്ടുമ്ബോഴും അവിടം കൊണ്ട് ഒന്നും തീരുകയല്ല. മറിച്ച്‌ നാളത്തെ കൂടുതല്‍ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ക്ക് നമ്മള്‍ പാകപ്പെടുക മാത്രമാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയുകയും ആ തിരിച്ചറിവുകള്‍ നമ്മെ സകല വിജയങ്ങളെയും തിരിച്ചടികളെയും ഒരേ നിസ്സംഗതയോടെ വിവേകപൂര്‍വ്വം നേരിടാനും പ്രാപ്‌തരാക്കിയാല്‍... നമ്മളവിടെ സ്വായത്തമാക്കിയത് വലിയൊരു തത്വമാണ്. കര്‍മ്മയോഗത്തിന്റെ തത്വം..

ആ തലത്തിലെത്തുമ്ബോള്‍ ഒരു വ്യക്തിക്ക് ജീവിതത്തെക്കുറിച്ച്‌ ഉണ്ടാവുന്ന ശ്രേഷ്ഠവും അനന്യവുമായ ഒരു ഉള്‍ക്കാഴ്ചയുണ്ട്. എന്റെ ചുറ്റിലും എനിക്കത്തരം ഉള്‍ക്കാഴ്ചയുള്ളവരെക്കൊണ്ട് നിറയ്ക്കണം. മേല്‍പ്പറഞ്ഞ തലത്തിലേക്കെത്താന്‍ ഇനിയുമനേകം കാതങ്ങള്‍ എനിക്ക് മുന്നില്‍ നീണ്ടു കിടക്കുന്നു. ഒന്ന് തളര്‍ന്ന് പോയിട്ടുണ്ടെങ്കിലും ഇടക്കൊക്കെ വീണു പോയിട്ടുണ്ടെങ്കിലും ഇന്നലെയോളം അനുഭവങ്ങള്‍ നിറച്ചു തന്ന ഊര്‍ജ്ജം വറ്റിപ്പോയിട്ടൊന്നുമില്ല. വീണ്ടുമെഴുന്നേറ്റു യാത്ര തുടരാന്‍ വേണ്ടത് ഉള്‍ക്കാഴ്ചകളില്‍ നിന്നുരുവാകുന്ന പ്രചോദനത്തിന്റെ വാക്കുകളാണ്. അതിനെനിക്കു അനുഭവങ്ങളുടെ തീച്ചൂളകള്‍ താണ്ടി നിസ്വരായവരുടെ ഉള്‍ക്കാഴ്ച നിറഞ്ഞ സ്നേഹോപദേശങ്ങള്‍ വേണം. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേണം.

courtesy:24K

Related News