Loading ...

Home National

റഫേല്‍ അഴിമതി അന്വേഷിക്കരുതെന്ന‌് ഡോവല്‍ ആവശ്യപ്പെട്ടു

റഫേല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച‌് അന്വേഷണം നടത്തരുതെന്ന‌് സിബിഐ ഡയറക്ടറായിരുന്ന അലോക‌് വര്‍മയോട‌് ദേശീയ സുരക്ഷാ ഉപദേഷ്ടാവ‌് അജിത‌് ഡോവല്‍ ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ‌് ഡോവല്‍ ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ദേശീയ ദിനപത്രം റിപ്പോര്‍ട്ട‌് ചെയ‌്തു. അലോക‌് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയതിനു ചുക്കാന്‍പിടിച്ചത‌് ഡോവലായിരുന്നു. റഫേല്‍ ഇടപാടിനെക്കുറിച്ച‌് ലഭിച്ച പരാതികളിന്മേല്‍ അലോക‌് വര്‍മ പ്രാഥമികാന്വേഷണം ആരംഭിച്ചിരുന്നു. പ്രതിരോധ സെക്രട്ടറി സഞ‌്ജയ‌് മിശ്രയോട‌് നിര്‍ണായക ഫയലുകള്‍ ആവശ്യപ്പെട്ടു. ഇത്‌ പ്രധാനമന്ത്രി ഓഫീസില്‍ പരിഭ്രാന്തി പടര്‍ത്തി. തുടര്‍ന്നാണ‌് ഡോവല്‍ ഈ വിഷയത്തില്‍ ഇടപെട്ടത‌്.

ഡോവലിന്റെ നിര്‍ദേശം അലോക‌് വര്‍മ തള്ളിയതിനെ തുടര്‍ന്നാണ‌് രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവങ്ങള്‍ക്ക‌് സിബിഐ ആസ്ഥാനം സാക്ഷ്യംവഹിച്ചത‌്. 23ന‌് അര്‍ധരാത്രിയാണ‌് അലോക‌് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കിയത‌്. പുതിയ ഡയറക്ടര്‍ നാഗേശ്വര റാവു അലോക‌് വര്‍മയുടെ ഓഫീസില്‍ റെയ‌്ഡ‌് നടത്തി ഒട്ടേറെ രേഖ കടത്തിയതായി ആരോപണമുണ്ട‌്. അതിനിടെ, നവംബര്‍ ഒന്നുവരെ അസ്‌താനയുടെ അറസ്‌റ്റ്‌ ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. അഴിമതി കേസില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന അസ്‌താനയുടെ ആവശ്യത്തില്‍ ഇതിനകം പ്രതികരണം അറിയിക്കാനും കോടതി സിബിഐയോട്‌ ആവശ്യപ്പെട്ടു.

Related News