Loading ...

Home National

റഫേല്‍: മോഡിയുടെ പങ്ക‌് വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഇന്ത്യന്‍ പ്രതിരോധമേഖലയിലെ ഏറ്റവും വലിയ അഴിമതിയായ റഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക‌് വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. കടുത്ത പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാരിന‌് ഉത്തരംമുട്ടി. പ്രതിപക്ഷകക്ഷികളെ രാജ്യദ്രോഹികളായി ചിത്രീകരിച്ച‌് ഒളിച്ചോടാനാണ‌് ശ്രമം. ഇന്ത്യയുടെ നിര്‍ദേശപ്രകാരമാണ‌് 59,000 കോടി രൂപയുടെ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ‌് ഡിഫന്‍സിനെ പങ്കാളിയാക്കിയതെന്ന‌് ഫ്രഞ്ച‌് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വാ ഓളന്ദ‌് വെളിപ്പെടുത്തിയതിനോട‌് പ്രതികരിക്കാന്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തയ്യാറായില്ല. 

പ്രാഥമിക ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ മറികടന്ന‌് 36 റഫേല്‍ വിമാനം ഇന്ത്യ വാങ്ങുമെന്ന‌് 2015ല്‍ പ്രഖ്യാപിച്ചത‌് മോഡിയാണ‌്. ഓളന്ദ‌് തന്റെ നിലപാട‌് ആവര്‍ത്തിക്കുമ്ബോള്‍ റഫേല്‍ നിര്‍മാതാക്കളായ ദസ്സാള്‍ട്ടാണ‌് റിലയന്‍സിനെ പങ്കാളിയാക്കാന്‍ തീരുമാനിച്ചതെന്നുമാത്രം ഫ്രഞ്ച‌് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, റഫേല്‍ കരാറിനായി ദസ്സാള്‍ട്ടും പൊതുമേഖലസ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ‌്റോനോട്ടിക‌്സ‌് ലിമിറ്റഡും (എച്ച‌്‌എഎല്‍) തമ്മിലാണ‌് ചര്‍ച്ച നടത്തിയത‌്. ദസ്സാള്‍ട്ടും എച്ച‌്‌എഎല്ലും പ്രതിരോധവകുപ്പും ധാരണയിലേക്ക‌് നീങ്ങുകയാണെന്ന‌് മോഡിയുടെ 2015 ഏപ്രിലിലെ പാരീസ‌് സന്ദര്‍ശനത്തിന‌് രണ്ട‌ു ദിവസംമുമ്ബ‌് വിദേശസെക്രട്ടറി എസ‌് ജയ‌്ശങ്കര്‍ മാധ്യമങ്ങളോട‌് പറഞ്ഞിരുന്നു. ഉത്തരവാദിത്തം പങ്കിടാന്‍ സന്നദ്ധമാണെന്ന എച്ച‌്‌എഎല്‍ ചെയര്‍മാന്റെ പ്രസ‌്താവന സ്വാഗതംചെയ്യുന്നതായും അന്തിമകരാര്‍ ഒപ്പിടാന്‍ കാത്തിരിക്കുകയാണെന്നും ദസ്സാള്‍ട്ട‌് സിഇഒയും ഇതേദിവസങ്ങളില്‍ പറഞ്ഞു. ആകെ 126 വിമാനം വാങ്ങാനായിരുന്നു ധാരണ. 18 എണ്ണം ഫ്രാന്‍സില്‍ നിര്‍മിക്കും. സാങ്കേതികവിദ്യ എച്ച‌്‌എഎല്ലിനു കൈമാറി ബാക്കി ഇന്ത്യയിലും നിര്‍മിക്കാനായിരുന്നു കരാര്‍. മോഡി പാരീസില്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം എച്ച‌്‌എഎല്‍ ചിത്രത്തിനു പുറത്തായി. ഫ്രഞ്ച‌് സര്‍ക്കാരുമായി താന്‍ നേരിട്ട‌് നടത്തിയ ചര്‍ച്ചയില്‍ 36 വിമാനം വാങ്ങാന്‍ ധാരണയായെന്ന‌് മോഡി മാധ്യമങ്ങളോട‌് പ്രഖ്യാപിച്ചു. മുഴുവന്‍ വിമാനങ്ങളും ഫ്രാന്‍സില്‍ നിര്‍മിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ സന്ദര്‍ശനകാലത്ത‌് അനില്‍ അംബാനിയും പാരീസിലുണ്ടായിരുന്നു. പ്രധാനമന്ത്രിക്കാണ‌് തീരുമാനത്തിന്റെ ഉത്തരവാദിത്തമെന്ന‌് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. മാസങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ വിമാനങ്ങളുടെ വില മൂന്നിരട്ടിയായി ഉയര്‍ന്നു.

കരാര്‍ത്തുകയായ 59,000 കോടി രൂപയുടെ പകുതി ഇന്ത്യയില്‍ ദസ്സാള്‍ട്ട‌് പുനര്‍നിക്ഷേപിക്കണമെന്നും വ്യവസ്ഥചെയ‌്തു. ഈ കരാര്‍ ഒപ്പിടുന്നതിന‌് 13 ദിവസം മുമ്ബ‌ുമാത്രമാണ‌് അനില്‍ അംബാനി റിലയന്‍സ‌് ഡിഫന്‍സ‌് രൂപീകരിച്ചത‌്. കരാര്‍ ഒപ്പിട്ട‌് 10 ദിവസത്തിനുശേഷം റിലയന്‍സ‌് ഡിഫന്‍സും ദസ്സാള്‍ട്ടും ചേര്‍ന്ന‌് ദസ്സാള്‍ട്ട‌് റിലയന്‍സ‌് എയ‌്റോസ‌്പെയ‌്സ‌് എന്ന കമ്ബനി സ്ഥാപിച്ചു. ഭൂരിഭാഗം ഓഹരികളും റിലയന്‍സിനു ലഭിച്ചു. അനില്‍ അംബാനി തന്റെ സ്ഥാപനങ്ങള്‍ തകര്‍ന്ന‌് ലക്ഷം കോടിയോളം രൂപയുടെ കടത്തില്‍ നില്‍ക്കുന്ന സമയത്താണ‌് ഈ കരാര്‍ ലഭിച്ചത‌്. റഫേല്‍ കരാര്‍വഴി ലഭിച്ച 30,000 കോടി രൂപ അനില്‍ അംബാനിയുടെ വ്യവസായശൃംഖലയ‌്ക്ക‌് പുതുജീവന്‍ പകര്‍ന്നു.

റിലയന്‍സും ദസ്സാള്‍ട്ടും തമ്മില്‍ 2012ല്‍ തന്നെ ചര്‍ച്ച നടത്തിയിരുന്നതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ‌് പറയുന്നു. അതേസമയം, റഫേല്‍ ഇടപാടിനുള്ള സര്‍ക്കാര്‍തല ചര്‍ച്ചകളില്‍ റിലയന്‍സ‌് ഇല്ലായിരുന്നു. റഫേല്‍ ഇടപാട‌് വൈകിക്കാനും എച്ച‌്‌എഎല്ലിനെ ഒഴിവാക്കാനും അക്കാലത്ത‌് നടത്തിയ കളികള്‍ക്ക‌ു പിന്നിലും റിലയന്‍സായിരുന്നെന്ന‌് ഇതില്‍നിന്ന‌് വ്യക്തമാകുന്നു.
ഇടപാടിനെക്കുറിച്ച‌് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കില്ലെന്ന‌് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ‌് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കള്ളനെന്ന‌് ആക്ഷേപിച്ച കോണ്‍ഗ്രസ‌് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നടപടി ലജ്ജാവഹവും നിരുത്തരവാദപരവുമാണെന്ന‌് അദ്ദേഹം ആരോപിച്ചു.

Related News