Loading ...

Home Business

വിദേശരാജ്യങ്ങളില്‍ സ്‌പൈസസ് ബോര്‍ഡ് ചില്ലറ വില്പനശാലകള്‍ തുടങ്ങും

കൊച്ചി∙ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സുഗന്ധവ്യഞ്ജനങ്ങളുടേയും മൂല്യവര്‍ധിത ഉൽപ്പന്നങ്ങളുടെയും ഖ്യാതി ലോകം മുഴുവനറിയിച്ച് സ്‌പൈസസ് ബോര്‍ഡ് പ്രമുഖ രാജ്യങ്ങളില്‍ ചില്ലറ വില്പനശാലകള്‍ ആരംഭിക്കുന്നു. സ്‌പൈസസ് ഇന്ത്യ, ഫ്‌ളേവറിറ്റ് എന്നീ പേരുകളിലാണ് സ്‌പൈസസ് ബോര്‍ഡ് ഉല്‍പ്പന്നങ്ങള്‍ വിദേശരാജ്യങ്ങളില്‍ ഷോറൂമുകളിലൂടെ വില്പനയ്‌ക്കെത്തിക്കുന്നത്.

സ്വകാര്യസംരംഭകരുടെ സഹകരണത്തോടെയാണ് ഇത്തരം സിഗ്നേച്ചര്‍ സ്റ്റാളുകള്‍ ആരംഭിക്കുകയെന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എ. ജയതിലക് പറഞ്ഞു. രാജ്യാന്തരവിപണിയിലെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനൊപ്പം വിദേശത്ത് ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രചാരം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ചില്ലറ വിപണന കേന്ദ്രങ്ങളുടെ വിപുലീകരണത്തിനായി സമഗ്രമായ പദ്ധതിക്ക് ബോര്‍ഡ് രൂപം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ സിഗ്നേച്ചര്‍ സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിനൊപ്പം രാജ്യാന്തര വിപണിയിലും കൂടുതല്‍ ശ്രദ്ധചെലുത്തുകയാണ് ബോര്‍ഡിന്റെ ലക്ഷ്യമെന്നും ചെയര്‍മാന്‍ പറഞ്ഞു.വിദേശരാജ്യങ്ങളില്‍ വിപണന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനു നിക്ഷേപകരില്‍ നിന്ന് സ്‌പൈസസ് ബോര്‍ഡ് സംരംഭമായ ഫ്‌ളേവറിറ്റ് സ്‌പൈസ് ട്രേഡിങ് ലിമിറ്റഡ് താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. വൈവിധ്യവല്‍ക്കരണവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള സ്‌പൈസസ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിദേശരാജ്യങ്ങളിലെ സിഗ്നേച്ചര്‍ സ്റ്റാളുകളെന്ന് ജയതിലക് പറഞ്ഞു.

പരമ്പരാഗത ഇന്ത്യന്‍ ശൈലിയില്‍ രൂപകല്പന ചെയ്തിട്ടുള്ള വിപണനകേന്ദ്രങ്ങളില്‍ മുപ്പതിലധികം സുഗന്ധദ്രവ്യങ്ങളും പാചകസംബന്ധിയായ ഔഷധികളുമാണ് വില്പനയ്ക്കുള്ളത്. സുഗന്ധദ്രവ്യങ്ങളുടെ സത്തടങ്ങിയ സൗന്ദര്യവര്‍ദ്ധക ക്രീമുകള്‍, സുഗന്ധലേപനങ്ങള്‍, സോപ്പ്, ഷാംപൂ തുടങ്ങിയ ഉൽപ്പന്നങ്ങളും ഇവിടെ ലഭിക്കും. സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയിലുള്ള ചോക്ലേറ്റ് സിഗ്നേച്ചര്‍ സ്റ്റാളുകളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.നിക്ഷേപകര്‍ക്കായി സഹകരണമാതൃകകളാണ് ഫ്‌ളേവറിറ്റ് സ്‌പൈസ് ട്രേഡിങ് ലിമിറ്റഡ് മുന്നോട്ടുവയ്ക്കുന്നത്. കമ്പനിയുടെ ഉടമസ്ഥതയില്‍ ഫ്രാഞ്ചൈസി നടത്തുകയോ (കോഫോ), സ്വന്തം ഉടമസ്ഥതയില്‍ തന്നെ ഫ്രാഞ്ചൈസി നടത്തുകയോ (ഫോഫോ), വ്യാപാരകേന്ദ്രത്തില്‍ നിശ്ചിത സ്ഥലം സ്‌പൈസസ് ബോര്‍ഡ് ഉല്പന്നങ്ങള്‍ക്കു നീക്കിവയ്ക്കുകയോ (ഷോപ്-ഇന്‍-ഷോപ്) ചെയ്യാം.2013ല്‍ കൊച്ചിയിലാണ് സ്‌പൈസസ് ബോര്‍ഡിന്റെ ആദ്യ സിഗ്നേച്ചര്‍ സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. തുടര്‍ന്ന് ജൂണില്‍ ഡല്‍ഹിയില്‍ രണ്ടു സ്റ്റാളുകള്‍ ആരംഭിച്ചു. സന്ദര്‍ശകര്‍ക്കു സുഗന്ധവ്യഞ്ജനങ്ങള്‍ തൊട്ടും മണത്തും രുചിച്ചും അറിയാന്‍ അവസരമൊരുക്കുന്ന സ്‌പൈസ് ബാറുകള്‍ ഈ വിപണനശാലകളെ ശ്രദ്ധേയമാക്കുന്നു. കൂടാതെ സുഗന്ധദ്രവ്യങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും ലഘുചലച്ചിത്രങ്ങളുമടങ്ങിയ ചെറിയ ലൈബ്രറിയും സിഗ്നേച്ചര്‍ സ്റ്റാളുകളുടെ ഭാഗമാണ്.

ഈ പദ്ധതിയില്‍ താല്പര്യമുള്ളവര്‍ www.indianspices.com സന്ദര്‍ശിക്കണം.

Related News