Loading ...

Home Business

കാലംതെറ്റി തുടച്ചയായി മഴ; കാപ്പി, കുരുമുളക് കര്‍ഷകര്‍ക്ക് തിരിച്ചടി

ചങ്ങനാശേരി: കാലംതെറ്റി തുടച്ചയായി ഉണ്ടായ ശക്തമായ മഴ കാര്‍ഷിക മേഖലക്ക് തിരിച്ചടിയായി. പല ഉത്പന്നങ്ങളുടെയും വിളവെടുപ്പ് കാലത്ത് മഴ എത്തിയത് കര്‍ഷകരെ ആശങ്കയിലാക്കി.

വിളവെടുക്കാന്‍ സാധിക്കാതെയും വിളവെടുത്ത ഉത്പന്നങ്ങള്‍ സംസ്‌ക്കരിക്കാന്‍ സാധിക്കാതെയും കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്.

മലയോര മേഖലയിലും മറ്റും പ്രധാനമായും കൃഷി ചെയ്യുന്ന കാര്‍ഷിക വിളകളാണ് കുരുമുളക്, കാപ്പി എന്നിവ. ഇടവിളയായും പ്രധാനവിളയായുമാണ് ജില്ലയില്‍ കുരുമുളക്, കാപ്പിക്കുരു കൃഷി ചെയ്തുവരുന്നത്. എന്നാല്‍ കാലംതെറ്റി പെയ്ത മഴ ഇവയുടെ വിളവെടുപ്പിനെ ബാധിച്ചു. വിളവെടുക്കാന്‍ ആരംഭിച്ചപ്പോള്‍ മഴയെത്തിയത് പ്രതികൂലമായി. മഴകാരണം കുരുമുളക് പറിച്ചെടുക്കാന്‍ സാധിക്കാതെവന്നു. കൂടാതെ ഇടവിട്ട് പെയ്ത ശക്തമായ മഴയില്‍ കുരുമുളകിന്റെ ഉത്പാദനത്തിലും കുറവുണ്ടായി.

വിപണയില്‍ കുരുമുളകിന് 490 രൂപയും കാപ്പിക്കുരുവിന് 30-35 രൂപയുണ്ട്. കുരുമുളകിന്റെ ഉത്പാദനത്തിലുണ്ടായ കുറവാണ് വില വര്‍ധനവിന് കാരണം. അടുത്ത ആഴ്ചയോടെ കുരുമുളക് വില 600 മുകളില്‍ പോകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചില സ്ഥലങ്ങളില്‍ മഴകാരണം കുരുമുളക് വിളവെടുക്കാന്‍ സാധിക്കാതെ വന്നു. പിന്നീട് പാകമായ മുളക് പഴുത്ത് വീണു പോയതും കര്‍ഷകന് തിരിച്ചടിയായി.

വിളവെടുത്ത കുരുമുളകും, കാപ്പിക്കുരുവും ഉണങ്ങി സൂക്ഷിക്കുവാന്‍ മഴകാരണം സാധിക്കാതെവന്നു. കാപ്പിക്കുരുവും കുരുമുളകും ഉണക്കുന്ന സംവിധാനം ഇല്ലാത്ത കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പിലും മഴ പ്രതികൂലമായി ബാധിച്ചു. ഇവ പറിച്ചെടുത്തെങ്കിലും മഴ തുടരുന്ന സാഹചര്യത്തില്‍ കൃത്യമായി സംസ്‌ക്കരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴകാരണം റബ്ബര്‍ ഉത്പാദനം നിര്‍ത്തിയിട്ട് ഏഴ് മാസമായെന്ന് കര്‍ഷകര്‍ പറയുന്നു.

ജാതിക്കാ ഉണ്ടാകുന്നതിന് മുന്നോടിയായി പൂവിടുന്ന സമയമായതിനാല്‍ തുടര്‍ച്ചയായുള്ള മഴ പൂവ് കൊഴിയുന്നതിനും കാരണമാകുന്നു

Related News