Loading ...

Home National

സര്‍ക്കാരിനെതിരെ സംസാരിക്കുന്നത് രാജ്യദ്രോഹമല്ല: ലോ കമ്മീഷന്‍

ന്യൂഡല്‍ഹി: ജനങ്ങളുടെ ക്രമസമാധാനം തകര്‍ക്കുക എന്ന ആസൂത്രിതമായ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുക, സര്‍ക്കാരിനെ അട്ടിമറിക്കാനായി ആക്രമണങ്ങള്‍​​ അഴിച്ചുവിടുകയോ നിയമവിരുദ്ധമായ പ്രവൃത്തികളോ ചെയ്യുക തുടങ്ങിയ കുറ്റങ്ങളില്‍ മാത്രമേ കര്‍ശനമായ രാജ്യദ്രോഹകുറ്റം ചുമത്താന്‍ പാടുള്ളൂ എന്ന പ്രസ്താവനയുമായി സര്‍ക്കാരിന്റെ 'ചെവിയ്ക്കു പിടിക്കുക'യാണ് ലോ കമ്മീഷന്‍ തലവന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ബി.എസ്.ചൗഹാന്‍.

'ഒരു ജനാധിപത്യ രാജ്യത്ത് ഒരേ പുസ്കത്തിലെ ഗാനം ആലപിക്കുക എന്നതല്ല ദേശസ്നേഹത്തിന്റെ അളവുകോല്‍' എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഓരോ വ്യക്തിയ്ക്കും മാതൃരാജ്യത്തോടുള്ള സ്നേഹം അവരുടേതായ രീതിയില്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യമുണ്ട്. സര്‍ക്കാരിന്റെ നയങ്ങളില്‍ വിയോജിപ്പുള്ളവര്‍ അതിനെ വിമര്‍ശിക്കുകയും അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്യുമ്ബോള്‍ ആ വ്യക്തിയില്‍ രാജ്യദ്രോഹകുറ്റം ചുമത്താന്‍ പാടില്ലെന്നും ലോ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. രാജ്യദ്രോഹകുറ്റം (ഐപിസി 124എ) ചര്‍ച്ചചെയ്യുന്ന ഒരു കണ്‍സല്‍ട്ടേഷന്‍ പേപ്പറിലാണ് ജസ്റ്റിസ് ചൗഹാന്‍ അഭിപ്രായം ഉന്നയിച്ചത്. ഈ വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ നിയമ പ്രവര്‍ത്തര്‍, നിയമനിര്‍മ്മാതാക്കള്‍, സര്‍ക്കാര്‍ - സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍, അക്കാദമിക് പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയിലെല്ലാം ആരോഗ്യകരമായൊരു സംവാദം ഉണ്ടാകുമെന്നാണ് ലോ കമ്മീഷന്‍ പ്രതീക്ഷിക്കുന്നതെന്നും അപ്പോള്‍ മാത്രമേ ജനസൗഹാര്‍ദ്ദപരമായ രീതിയില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ സാധിക്കൂ എന്നും കമ്മീഷന്‍ വ്യക്തമാക്കി.

"ഒരു ജനാധിപത്യരാജ്യത്ത്, ഒരേ പുസ്കത്തിലെ ഗാനം ആലപിക്കുക എന്നതല്ല ദേശസ്നേഹത്തിന്റെ അളവുകോല്‍. ഓരോ വ്യക്തിയ്ക്കും മാതൃരാജ്യത്തോടുള്ള സ്നേഹം അവരുടേതായ രീതിയില്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യമുണ്ട്. അതിനായി ചിലപ്പോള്‍ ഒരു വ്യക്തി ക്രിയാത്മകമായ വിമര്‍ശനമോ സംവാദമോ നടത്തിയെന്നിരിക്കാം. സര്‍ക്കാര്‍ നയങ്ങളിലെ പഴുതുകള്‍ ചൂണ്ടി കാണിച്ചെന്നിരിക്കാം. അത്തരം വിമര്‍ശനങ്ങളില്‍ ഉപയോഗിക്കുന്ന വികാരം കര്‍ക്കശമാകാം, അവ മറ്റുള്ളവര്‍ക്ക് അപ്രിയവുമാവാം. എന്നാല്‍, അത്തരം പ്രവൃത്തികളെ രാജ്യദ്രോഹകുറ്റമായി മുദ്രകുത്താന്‍ കഴിയില്ല. ജനങ്ങളുടെ ക്രമസമാധാനം തകര്‍ക്കുക എന്ന ആസൂത്രിതമായ ഉദ്ദേസ്യത്തോടെ പ്രവര്‍ത്തിക്കുക, സര്‍ക്കാരിനെ അട്ടിമറിക്കാനായി ആക്രമണങ്ങള്‍​​ അഴിച്ചുവിടുകയോ നിയമവിരുദ്ധമായ പ്രവൃത്തികളോ ചെയ്യുക തുടങ്ങിയ കുറ്റങ്ങളില്‍ മാത്രമേ കര്‍ശനമായ രാജ്യദ്രോഹകുറ്റം ചുമത്താന്‍ പാടുള്ളൂ," ജസ്റ്റിസ് ചൗഹാന്‍ പറയുന്നു.

"സര്‍ക്കാര്‍ നയങ്ങളില്‍ മനംമടുത്ത് വ്യക്തികള്‍ പ്രകടിപ്പിക്കുന്ന വികാരങ്ങള്‍, ഉദാഹരണത്തിന്, 'ഇവിടെ സ്ത്രീകള്‍ക്ക് സ്ഥാനമില്ലെ'ന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍, തൊലിയുടെ നിറംനോക്കി ജനങ്ങളെ മാറ്റിനിര്‍ത്തുന്ന സാമൂഹികസാഹചര്യങ്ങളെ വംശീയ വിരോധമെന്ന തരത്തില്‍ അഭിസംബോധന ചെയ്യുന്നത്- ഇതെല്ലാം വിമര്‍ശനങ്ങളാണ്, അല്ലാതെ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരികയോ നമ്മുടെ ദേശീയതയെ അപായപ്പെടുത്തുകയോ ചെയ്യുന്നില്ല. രോഷാകുലരായി സംസാരിക്കുന്നതോ വിയോജിപ്പോ സമാനമായ വികാരപ്രകടനങ്ങളോ രാജ്യദ്രോഹമല്ല, രാജ്യദ്രോഹം ആവുകയുമില്ല," കമ്മീഷന്‍ വ്യക്തമാക്കുന്നു.

പോസ്റ്റീവായ വിമര്‍ശനത്തിന് ഒരു രാജ്യം തയ്യാറാവുന്നില്ല എങ്കില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയും മുന്‍പത്തെ അവസ്ഥയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമുണ്ടാവുന്നില്ല. സ്വന്തം ചരിത്രത്തെ വിമര്‍ശിക്കാനും പ്രതിരോധിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന പൗരന് നല്‍കുന്നതാണ്. ദേശീയസമഗ്രതയ്ക്ക് ഈ സ്വാതന്ത്ര്യം അത്യാവശ്യമാണെന്നിരിക്കെ അഭിപ്രായസ്വാതന്ത്ര്യത്തെ വിലക്കാനുള്ള ഒരു ആയുധമായി 'രാജ്യദ്രോഹനിയമങ്ങളെ' ദുരുപയോഗം ചെയ്യാന്‍ പാടില്ല.

ഭിന്നാഭിപ്രായങ്ങളും വിമര്‍ശനങ്ങളും, സര്‍ക്കാര്‍നയങ്ങള്‍ക്കു പുറത്തുള്ള സാമൂഹിക സംവാദങ്ങള്‍ക്ക് കരുത്തേകുന്നവയാണ്. ഇവയെല്ലാം ആരോഗ്യകരമായ ഒരു ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണ് താനും. അതുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യത്തിനു പുറത്തുള്ള നിയന്ത്രണങ്ങള്‍ സൂക്ഷ്മാവലോകനം ചെയ്യപ്പെടുകയും അനുചിതമല്ലാത്ത നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുകയും വേണം.

ദേശദ്രോഹകുറ്റത്തിന്റെ നിയമങ്ങളില്‍ ഭേദഗതി വരുത്തി പരിഷ്കരിക്കാന്‍ കഴിയില്ലേ എന്ന ചോദ്യത്തിന്, " അഭിപ്രായസ്വാതന്ത്ര്യം വ്യക്തികളുടെ മൗലികാവകാശമാണെന്ന് ഇന്ത്യന്‍ ഭരണഘടന തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട്. ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍​​ ഒന്നായ ഇന്ത്യയെ പോലെ ഒരു രാജ്യത്ത് ​ഒരു പുനരാഖ്യാനത്തിന്റെ ആവശ്യമുണ്ടോ?"​ എന്നായിരുന്നു കമ്മീഷന്റെ മറുപടി.

Related News