Loading ...

Home Business

കേരളത്തിന് 20,000 കോടിയുടെ നഷ്ടമെന്ന് അസോചം

കേരളത്തെ തകര്‍ത്ത പ്രളയത്തില്‍ 15,000 മുതല്‍ 20,000 കോടി രൂപയുടെ വരെ നഷ്ടമുണ്ടാകുമെന്ന അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡ്സ്ട്രി ഓഫ് ഇന്ത്യ (അസോചം) റിപ്പോര്‍ട്ട്. ചെറിയ ഒരു കാലയളവിനുളളില്‍ ഞെട്ടിക്കുന്ന ആഘാതമാണ് കേരളത്തിന് ഉണ്ടായിരിക്കുന്നതെന്ന് അസോചം പറയുന്നു.

ടൂറിസം, നാണ്യവിളകള്‍, കൊച്ചി തുറമുഖത്ത് നിന്നുള്ള രാജ്യാന്തര വ്യാപാരം ഉള്‍പ്പടെയുളള​മേഖലകള്‍ എന്നിവടങ്ങളില്‍​ സംഭവിക്കുന്ന തിരിച്ചടി ദശലക്ഷകണക്കിന് ജനങ്ങളെ ബാധിക്കുമെന്ന് അസോചം റിപ്പോര്‍ട്ട് പറയുന്നു. ​അസോചത്തിന്റെ പ്രാഥമിക വിലയിരുത്തലാണിത്.

ഓഗസ്റ്റ് 8 മുതല്‍​15 വരെയുളള​ കാലയളവിനുളളില്‍ സംസ്ഥാനത്ത് പ്രതീക്ഷിത മഴയേക്കാള്‍ 250 ശതമാനം അധികം മഴയാണ് പെയ്തത്. പ്രളയക്കെടുതിയുടെ ആദ്യ ആഴ്ച പിന്നിട്ടപ്പോഴാണ് അസോചം ഇത് സംബന്ധിച്ച പ്രാഥമിക വിശകലനം നടത്തിയിരിക്കുന്നത്.

കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ച്‌ അസോചത്തിന്റെ പ്രാഥമിക വിലയിരുത്തല്‍

ടൂറിസം, കാര്‍ഷിക മേഖല എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തരോല്‍പ്പാദനത്തിലെ എട്ട് ലക്ഷം കോടി രൂപ. കൃഷിയില്‍ പ്രധാനമായും അരി, കുരുമുളക്, ഏലം, കശുവണ്ടി, തേയില, കാപ്പി, തേങ്ങ എന്നിവ പത്ത് ശതമാനം വീതമാണ് ജി ഡി പിയില്‍ സംഭാവന ചെയ്യുന്നത്. ടുറിസം ഇതിനേക്കാള്‍ കുറച്ച്‌ കൂടുതല്‍ ജി ഡിപിയിലേയ്ക്ക് നല്‍കുന്നുണ്ട്. ആഭ്യന്തരവും ബാഹ്യവുമായ വ്യാപാരവും വ്യാപാരവുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളുമാണ് ജി ഡി പിയിലേയ്ക്ക് സംഭാവന നല്‍കുന്ന മറ്റൊരു മേഖല.

വിദേശ വ്യാപാരം എന്നാല്‍ നാണ്യവിളകളും വ്യാവസായിക ഉല്‍പ്പനങ്ങലും മാത്രമല്ല, കേരളത്തില്‍ നിന്നുളള​ സര്‍വീസുകളും ഉണ്ട്. ഇതിന് പുറമെ കൊച്ചിയിലും കേരളത്തിലെ മറ്റ് തുറമുഖങ്ങളിലും ഉള്‍പ്പടെ നടക്കുന്ന വാണിജ്യ പ്രവര്‍ത്തനങ്ങളും ജി ഡി പിയിലേയ്ക്ക് സംഭാവന നല്‍കുന്നുണ്ട്. ജി ഡി പിക്ക് സംഭാവന ചെയ്യുന്ന സംസ്ഥാനത്തെ എല്ലാ മേഖലകളും ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് എന്ന് അസോചം റിപ്പോര്‍ട്ട് പറയുന്നു.

വിദേശത്ത് നിന്നും ഏറ്റവും കൂടുതല്‍ പ്രവാസികളുടെ പണം വരുന്ന സംസ്ഥാനം കേരളമാണ്. ഒട്ടേറെ മലയാളികളാണ് വിദേശങ്ങളില്‍, ​പ്രത്യേകിച്ച്‌ ഗള്‍ഫില്‍ ജോലി ചെയ്യുന്നത്. ഇപ്പോള്‍ പ്രവാസികളില്‍ നിന്നുളള നിക്ഷേപം ഉയരുമെന്ന പ്രതീക്ഷയാണ് നിലനില്‍ക്കുന്നത്. കുടുംബങ്ങളെ പിന്തുണയ്ക്കാനും സഹായിക്കാനും അവര്‍ തങ്ങളുടെ നിക്ഷേപ പരിധി വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയാണ് ​ഉളളത്. എന്നാല്‍ മാത്രം ഒന്നിനും മതിയാകില്ല.

ദീര്‍ഘകാല പ്രത്യാഘാതമാണ് ഈ​ ദുരന്തം കേരളത്തിന് ഉണ്ടാക്കിയിരിക്കുന്നത്. പുനരധിവാസത്തെയും ദുരിതാശ്വാസത്തെയും മാത്രമല്ല, റോഡുകള്‍, വൈദ്യുതി പോസ്റ്റുകള്‍ ബ്രോഡ് ബാന്‍ഡ് കേബിളുകള്‍ എന്നിവയുടെ പുനഃസ്ഥാപനം ഉള്‍പ്പടെയുളള അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണം വേണ്ടി വരും. മലയോരമേഖലയിലും എല്ലാം പുതുക്കി പണിയേണ്ട സ്ഥിതിയാണ്. വീടുകള്‍ പുതുക്കിയെടുക്കുന്നതിന് മാസങ്ങള്‍ നീണ്ട യത്നം വേണ്ടി വരും. ഔദ്യോഗിക ഏജന്‍സികള്‍ അവരുടെ കണക്കുകള്‍ എടുക്കുമായിരിക്കും, എന്നാലും ഇന്നത്തെ നിലയ്ക്ക് ( 19-08-2018) ഇരുപതിനായിരം കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് പറയുന്നത് ഒട്ടും അതിശയോക്തിപരമല്ലെന്ന് അസോചം വിലയിരുത്തുന്നു.

കേരളത്തിന്റെ ജീവനാഡി എന്നത് ടൂറിസവും നാണ്യവിളകളുമാണെന്ന് അസോചം സെക്രട്ടറി ജനറല്‍ ഡി എസ് റാവത്ത് പറഞ്ഞു. ഈ രണ്ട് മേഖലകള്‍ക്കും പ്രളയത്താല്‍ തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലും അതിന്റെ ദീര്‍ഘ കാല പ്രത്യാഘാതത്താലും അനേക ലക്ഷം ജനങ്ങളെയാണ് ദുരിതത്തിലേയ്ക്ക് നയിക്കുക. അതു കൊണ്ട് തന്നെ വ്യവസായ മേഖലയിലുളള ഞങ്ങളുടെ അംഗങ്ങളോട് കേരളത്തിന്റെ ദുരിതാശ്വസത്തിനും പുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്കും ഉദാരമായി സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ഡി എസ് റാവത്ത് പറഞ്ഞു.

കേരളത്തിന്റെ ഔദ്യോഗിക രേഖകളിലൊന്നായ സാമ്ബത്തിക സര്‍വേ പ്രകാരം നിലവിലെ കാര്‍ഷികമേകളയിലെ 63 ശതമാനവും നാണ്യവിളകളാണ്. നെല്ല്, മരിച്ചീനി തുടങ്ങിയവയെല്ലാം ചേര്‍ന്ന് പത്ത് ശതമാനം വരും. തേങ്ങയുടെ ഉല്‍പ്പാദനം 30 ശതമാനം വരും. റബ്ബര്‍ (21.3 ശതമാനം), കുരുമുളക് (3.3 ശതമാനം), കാപ്പി​( 3.28 ശതമാനം), നെല്ല് ( 6.6​ശതമാനം) എന്നിങ്ങനെയാണ് മൊത്തം ഉല്‍പ്പാദന നിലവാരം. പ്രളയം ഈ​ കാര്‍ഷിക മേഖലയെ മുഴുവന്‍ തുടച്ചു നീക്കി.

കാര്‍ഷിക മേഖലയ്ക്ക് മാത്രല്ല, കടലോര മേഖലയെയും ഇത് ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിരവധി ബീച്ചുകളും ഭുമി ശാസ്ത്രപരമായ പ്രത്യേകതകളും കൊണ്ട് കേരളം കാണാനായി നിരവധി രാജ്യാന്തര സഞ്ചാരികള്‍ എത്താറുണ്ട്. ലോകത്തിന്റെ പ്രഥമ പട്ടികയിലുളള ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നാണ് കേരളം. കേരളത്തിന്റെ ടൂറിസം മേഖലയെയും ഈ തിരിച്ചടി ബാധിച്ചിട്ടുണ്ട്. വിമാനത്താവളം അടച്ചിട്ടതും ടൂറിസം വഴിയുളള സാമ്ബത്തിക മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ടെന്ന് അസോചം വിലയിരുത്തുന്നു.

Related News