Loading ...

Home National

കെജ്രിവാളിനെ കാണാന്‍ മമതാ ബാനര്‍ജിക്ക് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: ആറുദിവസമായി കുത്തിയിരിപ്പ് സത്യഗ്രഹം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണാന്‍ പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അനുമതി നിഷേധിച്ചു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ വീട്ടിലാണ് കെജ്രിവാളും മൂന്ന് മന്ത്രിമാരും സത്യഗ്രഹം നടത്തുന്നത്. ലഫ്.ഗവര്‍ണറാണ് മമതക്ക് അനുമതി നിഷേധിച്ചത്.

അനുമതി നിഷേധിച്ച സംഭവം തീര്‍ത്തും അസാധാരണമാണെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. നീതി ആയോഗിന്റെ യോഗത്തിന് ഡല്‍ഹിയിലെത്തിയപ്പോഴാണ് മമത കെജ്രിവാളിനെ കാണാന്‍ അനുമതി ചോദിച്ചത്.

ഐ എ എസ് ഓഫീസര്‍മാരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കെജ്രിവാള്‍ രാജ് നിവാസില്‍ സമരം തുടങ്ങിയത്. മമത അദ്ദേഹത്തിന് നേരത്തേ തന്നെ പിന്തുണയുമായി രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് അര്‍ഹതപ്പെട്ട ബഹുമാനം നല്‍കണമെന്നും കേന്ദ്രം ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ രംഗത്ത് വരണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.

മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍,ഗോപാല്‍ റായ് എന്നിവരാണ് കെജ്രിവാളിനൊപ്പം കുത്തിയിരിപ്പ് സത്യഗ്രഹം അനുഷ്ഠിക്കുന്ന മന്ത്രിമാര്‍.

ഐ എ എസ് ഓഫീസര്‍മാരുടെ നിയന്ത്രണം ഡല്‍ഹിയില്‍ ലഫ്.ഗവര്‍ണര്‍ക്കാണ്. തന്റെ കീഴിലായിരുന്നെങ്കില്‍ ആദ്യ ദിവസം തന്നെ പ്രശ്‌നം പരിഹരിക്കുമായിരുന്നുവെന്ന് കെജ്രിവാള്‍ നേരത്തേ പറഞ്ഞിരുന്നു.

Related News