Loading ...

Home Education

ഒരു ടേമില്‍ ഒരു പുസ്തകം; ' അമിതഭാരം' കുറയ്ക്കാനൊരുങ്ങി സി.ബി.എസ്.ഇ.

ന്യൂഡല്‍ഹി: ഒരു ടേമില്‍ ഒരു പുസ്തകം എന്ന രീതിയിലേക്ക് അടുത്ത അധ്യയനവര്‍ഷത്തോടെ കേന്ദ്ര സിലബസിലുള്ള സ്‌കൂളുകള്‍ മാറുമെന്ന് കേന്ദ്ര മാനവശേഷി വികസനവകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍. മൂല്യ വിദ്യാഭ്യാസം, വൈദഗ്ധ്യ പരിശീലനം, കായികവിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങള്‍കൂടി സിലബസില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച്‌ 'മാതൃഭൂമി'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടേം അനുസരിച്ച്‌ എന്‍.സി.ഇ.ആര്‍.ടി. പാഠ്യപദ്ധതി ക്രമീകരിക്കാനും അതനുസരിച്ച്‌ പുസ്തകങ്ങള്‍ തയ്യാറാക്കാനുമാണ് ആലോചിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ഇപ്പോള്‍ ഏല്ലാ ടേമിലേക്കുമുള്ള പാഠ്യഭാഗങ്ങളടങ്ങിയ പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ എല്ലാ ദിവസവും കൊണ്ടുവരേണ്ട നിലയാണ്. ഇത് അമിതഭാരമാണ് വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നത്. അതിനുപകരം, ഓരോ ടേമിനും ആവശ്യമായ പാഠ്യഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി പുസ്തകങ്ങള്‍ തയ്യാറാക്കും. മൂന്ന് ടേമിനും വെവ്വേറെ പുസ്തകങ്ങളായിരിക്കും -മന്ത്രി പറഞ്ഞു. സി.ബി.എസ്.ഇ. അടക്കം എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലെ കുട്ടികള്‍ക്ക് വലിയ ആശ്വാസമാകും തീരുമാനം.

പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പാഠ്യപദ്ധതി പുനഃക്രമീകരിക്കുന്നത്. പാഠ്യപദ്ധതി ലഘൂകരണം സംബന്ധിച്ച്‌ മാനവശേഷി വികസനമന്ത്രാലയം ജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ തേടിയിരുന്നു. 37,000 നിര്‍ദേശങ്ങള്‍ ലഭിച്ചു. ഈ നിര്‍ദേശങ്ങള്‍ ഒരു വിദഗ്ധസമിതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, നടപ്പാക്കാന്‍ സാവകാശം വേണം. ഒക്ടോബറിലാണ് പുസ്തകങ്ങളുടെ അച്ചടിനടത്തേണ്ടത്. അതിനുമുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. അതിനാല്‍ ഈ അധ്യയനവര്‍ഷം നടപ്പാവില്ല. അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കും -മന്ത്രി പറഞ്ഞു.

അധ്യാപക നിലവാരം ഉയര്‍ത്തുന്നതിന് 15 ലക്ഷം അധ്യാപകര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ബാക്കിയുള്ള അധ്യാപകര്‍ക്കുകൂടി പരിശീലനം നല്‍കും. സംയോജിത ബി.എഡ്. കോഴ്സുകള്‍ ആരംഭിച്ചതും അധ്യാപകരുടെ നിലവാരം ഉയര്‍ത്തുന്നതിന് ലക്ഷ്യമിട്ടാണ്. അധ്യാപകരാകാന്‍ താത്പര്യമുള്ളവര്‍ക്ക് നേരിട്ട് ഈ കോഴ്സുകള്‍ തിരഞ്ഞെടുക്കാം. മറ്റ് ജോലി കിട്ടിയില്ലെങ്കില്‍ അധ്യാപനം എന്ന മനോഭാവത്തെ നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയും.

ഉന്നതവിദ്യാഭ്യാസത്തെ സഹായിക്കുന്നതിനുള്ള ഉന്നത വിദ്യാഭ്യാസ ധനസഹായ ഏജന്‍സിയിലൂടെ 1.1 ലക്ഷം കോടി രൂപ സമാഹരിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും 25,000 കോടി വീതം ബജറ്റ് വിഹിതമായി നീക്കിവയ്ക്കും -മന്ത്രി ജാവഡേക്കര്‍ പറഞ്ഞു

Related News