Loading ...

Home National

ബി.ജെ.പി. 'ഭ്രാന്തരായ കൊലയാളികളുടെ പാര്‍ട്ടി'യെന്ന് ശിവസേന

മുബൈ: ബി.ജെ.പി.യെ 'ഭ്രാന്തരായ കൊലയാളികളുടെ പാര്‍ട്ടി'യെന്ന് വിശേഷിപ്പിച്ച്‌ ശിവസേന. ഉദ്ധവ് താക്കറേ നേതൃത്വം നല്‍കുന്ന പാര്‍ട്ടി ഒറ്റുകാരുടേതാണെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ വിമര്‍ശനത്തിന് മറുപടിയായാണ് ശിവസേന ആരോപണമുന്നയിച്ചത്. പാര്‍ട്ടിമുഖപത്രമായ 'സാമ്‌ന'യിലെ മുഖപ്രസംഗത്തിലാണ് ശിവസേന രൂക്ഷമായ ഭാഷയില്‍ ബി.ജെ.പി.യെ വിമര്‍ശിച്ചത്. തങ്ങളുടെ വഴിക്കു വരാത്തവരെ നിഷ്‌കരുണം കുത്തിവീഴ്ത്താന്‍ ബി.ജെ.പി.ക്കു മടിയില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.

പാല്‍ഘര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പു റാലിക്കിടെ ഛത്രപതി ശിവജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തിയപ്പോള്‍ ചെരുപ്പുപയോഗിച്ചതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയും ശിവസേന ആഞ്ഞടിച്ചു. കപടവേഷധാരി എന്നാണ് യോഗി ആദിത്യനാഥിനെ വിശേഷിപ്പിച്ചത്. ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍നിന്നെത്തി 'ഞങ്ങളെ ഛത്രപതി ശിവജിയെപ്പറ്റി പഠിപ്പിക്കേണ്ടെ'ന്നും ശിവസേന പറയുന്നു. 

ശിവസേന പിന്നില്‍നിന്നു കുത്തി എന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പാല്‍ഘര്‍ റാലിയില്‍ പറഞ്ഞത്. പിന്നില്‍നിന്നു കുത്തി എന്ന വാക്ക് ഉച്ചരിക്കാന്‍പോലും യോഗിയോ ഫഡ്‌നവിസോ യോഗ്യരല്ലെന്നു ശിവസേന തിരിച്ചടിച്ചു. ഭാവിയിലെ പോരാട്ടത്തിന്റെ തുടക്കമാണ് പാല്‍ഘറില്‍ നടക്കുന്നതെന്നും ശിവസേന പറയുന്നു.

ലോക്‌സഭാംഗവും ബി.ജെ.പി. നേതാവുമായ ചിന്താമണ്‍ വനഗയുടെ മരണത്തെത്തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 28-നാണ് വോട്ടെടുപ്പ്. ഇതിനുമുമ്ബായി വനഗെയുടെ കുടുംബം മുഴുവന്‍ ശിവസേനയില്‍ ചേരുകയായിരുന്നു. ഇതാണ് ബി.ജെ.പി.യെ ചൊടിപ്പിച്ചത്. ഒറ്റയ്ക്കു മത്സരിക്കാനുള്ള ശിവസേനാ തീരുമാനംകൂടിവന്നതോടെ കാല്‍നൂറ്റാണ്ടിലേറെയായി തുടരുന്ന മഹാരാഷ്ട്രയിലെ സഖ്യമാണ് പിളര്‍പ്പിന്റെ വക്കിലെത്തിയത്.

Related News