Loading ...

Home National

ഹിജാബ് നിരോധനം നീക്കണം; കര്‍ണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച്‌ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിനേര്‍പ്പെടുത്തിയ നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച്‌ അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്.സെക്രട്ടറി മുഹമ്മദ് ഫസലുറഹീം ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വിദ്യാലയങ്ങളില്‍ ഹിജാബ് ധരിച്ച്‌ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.ഹിജാബുമായി ബന്ധപ്പെട്ട കര്‍ണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ ബോര്‍ഡ് വിമര്‍ശനം ഉന്നയിക്കുന്നത് തുടരുകയാണ്. ഇതിനിടെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പത്താംക്ലാസ് പരീക്ഷകള്‍ ആരംഭിച്ച സാഹചര്യത്തില്‍ കൂടിയാണ് ബോര്‍ഡിന്റെ തിരക്കിട്ട നീക്കം. ഹിജാബ് ധരിച്ച്‌ എത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഹിജാബില്ലാതെ പരീക്ഷ എഴുതാന്‍ നിര്‍ബന്ധിതരാകും. ഈ സാഹചര്യം ഒഴിവാക്കി പുതിയ വിവാദം സൃഷ്ടിക്കുക കൂടി ലക്ഷ്യമിട്ടാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് കോടതിയെ സമീപിച്ചിരിക്കുന്നത്. മുഹമ്മദ് ഫസലുറഹീമിന് പുറമേ ബോര്‍ഡിന്റെ ഭാഗമായി മുനിസ ബുഷ്‌റ, ജലീസ സുല്‍ത്താന യാസീം എന്നിവരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.അതേസമയം കര്‍ണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ സമസ്ത കേരള ഘടകവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്നലെയാണ് സമസ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ കര്‍ണാടക ഹൈക്കോടതിയ്‌ക്ക് തെറ്റ് പറ്റിയെന്നും, ഹിജാബ് ഇസ്ലാം മതത്തില്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Related News