Loading ...

Home National

ഹിജാബ് വിലക്ക്: അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

ന്യൂഡല്‍ഹി: ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ.പരീക്ഷകള്‍ നടക്കുന്നതിനാല്‍ വിഷയം വേഗത്തില്‍ പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്താണ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പരീക്ഷ ഇതില്‍ ഒരു വിഷയമേ ആകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.വിഷയം തുടര്‍ച്ചയായി ഉന്നയിക്കപ്പെടുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു. ഇതോട് 'മിസ്റ്റര്‍ സോളിസിറ്റര്‍ ജനറല്‍, കാത്തിരിക്കൂ. വിഷയത്തെ സെന്‍സീറ്റീവാക്കരുത്' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. 'ഈ പെണ്‍കുട്ടികള്‍... അവരുടെ പരീക്ഷ 28 മുതലാണ്. അവരെ സ്‌കൂളുകളില്‍ പ്രവേശിക്കുന്നത് തടഞ്ഞിരിക്കുകയാണ്. ഒരു വര്‍ഷം പോകും' - എന്നാണ് കാമത്ത് പറഞ്ഞത്.നേരത്തെ, ഹോളി അവധിക്കു ശേഷം മാര്‍ച്ച്‌ 16ന് കേസ് പരിഗണിക്കുമെന്ന് പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു. പരീക്ഷകള്‍ വരുന്ന സാഹചര്യത്തില്‍ കേസ് അടിയന്തരമായി പരിഗണിക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. വിധിക്കെതിരെ ഉഡുപ്പി കുന്ദാപുരയിലെ പിയു കോളജ് വിദ്യാര്‍ത്ഥി ആഷിഫ ഷിഫത് ആണ് കോടതിയെ സമീപിച്ചിട്ടുള്ളത്.ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് മാര്‍ച്ച്‌ 15നാണ് കര്‍ണാടക ഹൈക്കോടതി ഫുള്‍ബഞ്ച് വിധിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവര്‍ അംഗങ്ങളുമായ ബഞ്ചിന്റേതായിരുന്നു വിധി. ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രീ യൂണിവേഴ്സിറ്റി (പിയു) കോളജുകളിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയായിരുന്നു കോടതി വിധി.

Related News